മലയാളത്തിലെ മികച്ച കഥകളും നോവലും എഴുതുമ്പോഴും എൻ.എസ്. മാധവൻ സൂക്ഷിക്കുന്ന ചില മൗനങ്ങളുണ്ട്. ബോധപൂർവം തന്നെ പാലിക്കുന്ന നിശ്ശബ്ദതകൾ. അതിൽ മിക്കതും തന്റെ എഴുത്തിനെയും ജീവിത പരിസരങ്ങളെയും കുറിച്ചാണ്. ഒരു പക്ഷേ, ആദ്യമായിട്ടാവും എൻ.എസ്. മാധവൻ തന്റെ എഴുത്തിന്റെ പിന്നിലെ അനുഭവവും രീതികളും ഒരഭിമുഖത്തിൽ തുറന്നുപറയുന്നത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'കഥയും കാലവും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് നോവലിസ്റ്റ് കൂടിയായ സംഗീത ശ്രീനിവാസന്റെ ചോദ്യങ്ങൾക്ക് എൻ. എസ്. മാധവൻ മൗനംഭേദിക്കുന്നത്. മലയാളത്തിലും ഇംഗ്ലിഷിലും എഴുതുന്ന എഴുത്തുകാരിയാണ് സംഗീത ശ്രീനിവാസൻ. വിവർത്തകകൂടിയായ സംഗീതയുടെ 'ആസിഡ്' അടക്കമുള്ള കൃതികൾ ശ്രദ്ധേയമാണ്.
സംഗീത ശ്രീനിവാസൻ: വളരെ ലളിതമായ ചോദ്യങ്ങളാണ് എനിക്കുള്ളത്. ആത്മകഥാംശം ഉള്ള കുറിപ്പുകൾ താങ്കളിൽനിന്ന് ഞങ്ങൾ അധികമൊന്നും കണ്ടിട്ടില്ല. ഫുട്ബാൾ ഇഷ്ടമാണ് എന്നറിയാം. ബ്രോഡ്‌വേ ഹോട്ടലിലെ മസാല ഇഷ്ടമാണെന്ന് അറിയാം. ഇതുപോലുള്ള ചില സൂചനകൾ കിട്ടിയിട്ടുണ്ട്. താങ്കളുടെ കുട്ടിക്കാലം ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. വളരെ ഏകാന്തത അനുഭവിച്ച കുട്ടിയായിരുന്നോ, അതോ 'ലന്തൻ ബത്തേരി'യിലെ ജസീക്കയുടേതുപോലത്തെ ബാല്യമായിരുന്നോ താങ്കളുടേത്? എങ്ങനെയായിരുന്നു വീട്, കുട്ടിക്കാലത്തെ വായന?
എൻ. എസ്. മാധവൻ: ഞങ്ങളുടെ തലമുറയൊക്കെ എഴുതുമ്പോൾ പറഞ്ഞിരുന്ന കാര്യം വളരെ ശ്രദ്ധിച്ച് എഴുതണമെന്നാണ്. അതിൽനിന്ന് മലയാള സാഹിത്യം മുന്നേറിയതിന്റെ തെളിവാണ് സംഗീതയെപ്പോലുള്ളവർ. എഴുത്ത് കുറച്ച് ഓവറായിക്കോട്ടെ, മലയാള സാഹിത്യം ആരുടെയും അച്ഛന് സ്ത്രീധനം കിട്ടിയതല്ല എന്നു പറയുന്ന തലമുറയാണിത്. ഈ തലമുറയോട് സംവദിക്കാൻ എനിക്ക് വളരെ സന്തോഷമുണ്ട്. ചോദ്യങ്ങൾ തിരിച്ചുമുണ്ടാകും. കുട്ടിക്കാലം ഏതാണ്ട് ഏകാന്തമായിരുന്നു. നാലഞ്ച് വയസ്സുവരെ ഏകാന്തമായിരുന്നു. അപ്പോഴാണ് എന്റെ മാതാപിതാക്കൾ കണ്ടെത്തിയത് ഞാൻ നന്നാകാൻ പോകുന്നില്ലെന്ന്. അപ്പോൾ എനിക്ക് അനിയന്മാരൊക്കെ ഉണ്ടാകാൻ തുടങ്ങി. എഴുത്തിൽ ആത്മകഥാംശം കൊണ്ടുവരാതിരിക്കുക എന്നത് ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് എഴുത്തിന്റെ ആശയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. ടി.എസ്. എലിയട്ട് ഒക്കെ പറഞ്ഞിരുന്നതുപോലെ റൈറ്റിങ് ഈസ് ആൻ എസ്‌കേപ്പ് ഫ്രം പേഴ്‌സണാലിറ്റി. ഇത്തരത്തിൽ ചില ദുശ്ശീലങ്ങൾ കുട്ടിക്കാലത്ത് തന്നെയുണ്ടായിരുന്നു. അവസാന വിശകലനത്തിൽ എല്ലാവർക്കും ഒരു കഥ പറയാനുണ്ടാകും., ആ കഥ അവനവന്റെതന്നെയായിരിക്കും എന്നുള്ള ഒരു നാട്ടുചൊല്ലലുണ്ടായിരുന്നു. അവനവന്റെ കഥ എല്ലാവർക്കും ഉള്ളപ്പോൾ മറ്റൊരു കഥ പറയാനുള്ള വെമ്പലും അതിനുള്ള ശ്രമങ്ങളുമായിരുന്നു എന്റെ സാഹിത്യ ജീവിതത്തിൽ മിക്കവാറും.
