അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ആസക്തി, സദാചാര പോലീസിങ്-- മലയാളിയുടെ പൊതുബോധത്തിൽ അന്തർലീനമായ ഇത്തരം പ്രവണതകൾക്കെതിരായ പ്രതിഷേധവും പ്രതിരോധവും എന്ന നിലയിലാണ് ചുംബനസമരമെന്ന ആശയം മൊട്ടിട്ടത്. 2014 നവംബർ രണ്ടിന് കൊച്ചി മറൈൻ ഡ്രൈവിൽ ഈ ആശയസമരം നടന്നു. ചുംബനസമരം ഏതെങ്കിലും കൊടിക്കൂറയുടെ കീഴിൽ അണിചേർന്നവർ ഉയർത്തിയ പ്രതിഷേധ മാർഗമായിരുന്നില്ല; വിവിധ തലങ്ങളിൽ നിലയുറപ്പിച്ച പുരോഗമനകാംക്ഷികളായ ആളുകളുടെ കൂട്ടായ്മയെന്ന നിലയിൽ തുടർ കമ്പനങ്ങൾ സൃഷ്ടിച്ച സമരമാണത്. പൊതുവിടത്തിൽ പറയാൻ മടിച്ചു നിന്ന 'ആർത്തവം' ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംവാദാത്മക ഇടപെടലുകൾക്ക് അത് വഴിമരുന്നിട്ടു.
ചുംബനസമരം എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനപ്പെട്ടവരിൽ രണ്ടുപേരായ രാഹുൽ പശുപാലനും രശ്മി ആർ നായരും അക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടതുപോലെ, അധികം വൈകാതെ കല്ലേറും ഏറ്റുവാങ്ങി. ഈ യുവദമ്പതികൾ ഓൺലൈൻ പെൺവാണിഭത്തിന്റെ പേരിൽ അറസ്റ്റിലായത് ഏറെ ചോദ്യങ്ങൾക്ക് ഇടനൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ചുംബനസമരം ഒരു മറയായിരുന്നെന്ന വിമർശനവുമായി എതിർപക്ഷം ശക്തമായി. മാസങ്ങൾ നീണ്ട ജയിൽവാസം, എങ്ങുമെത്താതെ ചാർജ്ഷീറ്റ് സമർപ്പിക്കാതെ നീണ്ടുപോകുന്ന കേസ്, പൊതുസമൂഹത്തിന്റെ അകറ്റിനിർത്തലും പരിഹാസങ്ങളും.
രാഹുലും രശ്മിയും സാമൂഹ്യവിരുദ്ധരാണെങ്കിൽ ശിക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ, അവരെ അപ്രകാരം മുദ്രകുത്തിയ പോലീസിന്റെ ഭാഗത്തുനിന്ന് വർഷം രണ്ട് കഴിഞ്ഞിട്ടും കുറ്റപത്രം പോലും കോടതിയിലെത്താത്തത് എന്തുകൊണ്ടാവും? തങ്ങൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുകൊണ്ട് ഓൺലൈൻപെൺവാണിഭം നടത്തിയെങ്കിൽ തെളിവുകൾ കോടതിയിൽ കൊടുക്കൂ എന്ന് പ്രതികൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അതിനും ചെവികൊടുക്കേണ്ടതില്ലേ?. അവർ സംസാരിക്കട്ടെ:
