സാമൂഹികമായി പുരോഗതി പ്രാപിച്ചിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നായികയായി വെള്ളിത്തിരയിലെത്തിയ ആദ്യകാല നടികളിൽ പലരും ഇപ്പോൾ നമ്മുടെ ഓർമ്മയിലില്ല. 'വിഗതകുമാരനി'ലെ പി.കെ. റോസി, 'മാർത്താണ്ഡവർമ്മ'യിലെ ദേവകീഭായി, 'ബാലനി'ലെ എം.കെ. കമലം, 'നല്ലതങ്ക'യിലെ മിസ്‌കുമാരി, ജീവിതനൗകയിലെ ബി.എസ്. സരോജം എന്നിവരൊക്കെയും ചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യം നേടാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. ആ നടികളുടെ കണ്ണിയിൽ ഇങ്ങേയറ്റം നില്ക്കുന്ന, പഴയകാല ചരിത്രത്തിന്റെ തെളിവായി അവശേഷിക്കുന്ന നായികനടി നെയ്യാറ്റിൻകര കോമളം നെയ്യാറ്റിൻകര പഴുതൂരിൽ ഇപ്പോഴും സന്തോഷവതിയായി ജീവിച്ചിരിപ്പുണ്ട്. വർത്തമാനകാല ചലച്ചിത്രരംഗത്തുള്ള നടിമാർക്ക് ഒരു ചലച്ചിത്രനടിയാകുന്നതിന് സമൂഹത്തിന്റെയോ കുടുംബസംവിധാനങ്ങളുടെയോ കാര്യമായി നിയന്ത്രണമൊന്നുമില്ല. അതുകൊണ്ടുതന്നെ പഴയകാല നായിക നടിമാരുടെ അനുഭവങ്ങൾ വെറും കഥകൾ മാത്രമായേ പുതിയ തലമുറയ്ക്ക് തോന്നുകയുള്ളൂ. റിയാലിറ്റി ഷോകൾ, ഫാഷൻ ഷോകൾ എന്നിവയിൽനിന്നും നായികാപദവിയിലേക്ക് എത്തുന്നവരുടെ കഥകൾ വായിച്ചറിഞ്ഞ പൊതുസമൂഹത്തിന്റെ മുമ്പിലേക്ക് ചരിത്രത്തിന്റെ പഴമകൾ പേറുന്ന, തീക്ഷ്ണമായ അനുഭവങ്ങളുടെ പ്രതിസന്ധികളെ മറികടന്ന നായികനടിയുടെ ജീവിതം ചില ഓർമ്മപ്പെടുത്തലുകളാണ്. ചേലങ്ങാട് ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്ര ചരിത്രകാരൻമാർ വികലമായ രീതിയിൽ പറഞ്ഞുവെച്ച ജീവിതത്തെക്കുറിച്ച് കോമളം യാഥാർത്ഥ്യബോധത്തോടെ സംസാരിക്കുന്നു. ചലച്ചിത്രചരിത്രകാരന്റെ സങ്കല്പവും ഭാവനകളും ചേർത്ത് എഴുതപ്പെട്ട രേഖകളെക്കാൾ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലുകൾക്ക് ആത്മാർത്ഥതയുടെ തെളിച്ചവും പിൻബലവുമുണ്ട്.
ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ചലച്ചിത്രരംഗത്ത് എത്തി അഞ്ചോളം ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നെയ്യാറ്റിൻകര കോമളത്തിന് മറ്റു നായിക നടിമാർക്ക് ലഭിക്കാത്ത ഭാഗ്യം കിട്ടി. അഞ്ചു ചിത്രങ്ങളുടെ വിജയ പരാജയങ്ങൾക്കപ്പുറം ആ ചിത്രങ്ങളിൽ ചിലത് ചലച്ചിത്രത്തിന്റെ ചരിത്രത്തിൽ രേഖപ്പെട്ടവയാണ്. സ്റ്റുഡിയോ ഫ്‌ളോറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ആദ്യകാല ചലച്ചിത്രങ്ങൾ കുടുംബ-പുരാണകഥകളെയാണ് കൂടുതലും അവതരിപ്പിച്ചിരുന്നത്. അവയിൽനിന്നു വ്യത്യസ്തമായി വനം പ്രമേയമായ ചിത്രമെടുക്കുവാൻ വിക്കോസ്വാമി - ചന്ദ്രസ്വാമി എന്നീ നിർമ്മാതാക്കൾ ഉത്സാഹിക്കുകയും 'വനമാല'യെന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. അതിലഭിനയിച്ച കോമളം ആദ്യ വനചിത്രത്തിലെ നായികയുമായി. 'വനമാല'യ്ക്കുശേഷം 'ആത്മശാന്തി', 'മരുമകൾ' എന്നീ ചിത്രങ്ങളിൽ കോമളം അഭിനയിച്ചു. 'മരുമകളി'ൽ പ്രേംനസീറിന്റെ ആദ്യനായികയെന്ന പദവി നെയ്യാറ്റിൻകര കോമളത്തിനു ലഭിച്ചു.
