കെ. പി. കുമാരൻ മലയാളചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. കേരളത്തിൽ നവസിനിമാതരംഗത്തിനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നേതൃത്വം നൽകിയവരിൽ പ്രധാനിയാണദ്ദേഹം. 1972-ൽ 'ഞീരസ' എന്ന 100 സെക്കൻഡ് ദൈർഘ്യമുളള ലഘുചിത്രത്തിലൂടെ ചലച്ചിത്രസംവിധാന രംഗത്തെത്തി. അതിനുമുമ്പേ, നാല് ദേശീയ അവാർഡുകൾ ലഭിച്ച 'സ്വയംവരം' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥാരചനയിൽ പങ്കാളിയായി.
1974-ൽ കെ. പി. കുമാരൻ രചനയും സംവിധാനവും നിർവഹിച്ച 'അതിഥി' എന്ന ഭ്രമാത്മകചിത്രം മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ്. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച പത്തു കഥാചിത്രങ്ങളിൽ, 1988-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ച 'രുഗ്മിണി' ഉൾപ്പെടുന്നു. രണ്ടായിരാമാണ്ടിലെ കേരള അന്തർദ്ദേശീയ ചലച്ചിത്രമേളയിൽ മികച്ച രചനയ്ക്കുള്ള സുവർണ്ണചകോരം ലഭിച്ച 'തോറ്റം', 2007-ൽ ഗോവയിൽ നടന്ന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ പനോരമ വിഭാഗത്തിൽ ഉൾപ്പെട്ട 'ആകാശ ഗോപുരം' എന്നിവ കെ പി കുമാരന്റെ മികച്ച ചലച്ചിത്ര സൃഷ്ടികളാണ്. കുമാരനാശാനിലൂടെയുള്ള ഒരു ജീവിതകാലം അവതരിപ്പിക്കുന്ന'ഗ്രാമവൃക്ഷത്തിലെ കുയിൽ' ഈ വർഷം പ്രദർശനത്തിനെത്തി.
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരത്തിന് കെ. പി. കുമാരൻ അർഹനായി. ഈ പുരസ്കാരലബ്ധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തിലൂടെയുള്ള ഒരന്വേഷണമാണ് ഈ സംഭാഷണം.
