എം. മുകുന്ദനും സേതുവും എഴുത്തുജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ്. നിരന്തരമായ എഴുത്തിലൂടെയും സ്വയം നവീകരണത്തിലൂടെയുമാണ് ഈ രണ്ട് എഴുത്തുകാരും മലയാളിയുടെ ഭാവുകത്വത്തിന്റെ ഭാഗമായത്. എഴുത്തും കാലവും എന്ന വിഷയത്തിൽ ഇരുവരും നടത്തിയ സംഭാഷണമാണ് ചുവടെ. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലായിരുന്നു സംഭാഷണത്തിന്റെ വേദി.
എം.മുകുന്ദൻ: അരനൂറ്റാണ്ടുകാലമായി ഞങ്ങൾ രണ്ടുപേരും എഴുതുന്നുണ്ട്. ഇത്രയും കാലം എഴുത്തിൽ സജീവമായി നിൽക്കുക എന്നത് എളുപ്പമല്ല. വായനക്കാരുടെ സെൻസിബിലിറ്റി മാറിമാറിക്കൊണ്ടിരിക്കും. പഴയതുപോലെയല്ല. എഴുത്തിലാണെങ്കിൽ പുതിയ ഒരു പാട് പ്രവണതകൾ ഉണ്ടാകുന്നു. കഴിഞ്ഞ അമ്പതുവർഷത്തിനുള്ളിൽ നോവലിനെക്കുറിച്ചുള്ള സങ്കല്പം പോലും മാറിക്കഴിഞ്ഞു. ഞങ്ങൾ ചെറുകഥകൾ എഴുതുന്നുണ്ടെങ്കിലും നോവലിസ്റ്റുകളാണ്. ഈ വർഷങ്ങളിൽ നോവലിന്റെ ഘടനയിലും ആഖ്യാനത്തിലും ഒക്കെ വന്നിട്ടുള്ളത് വലിയ മാറ്റങ്ങളാണ്. ഇങ്ങനെ മാറുമ്പോൾ മാറ്റത്തിന് അനുസരിച്ച് എഴുത്തുകാരൻ സ്വയം നവീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ മുഖ്യധാരയിൽനിന്ന് പുറത്തേക്കു പോകും. എഴുത്തുകാരൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്. കാലത്തിന് അനുസരിച്ച് സഞ്ചരിക്കുക. നോവലിന്റെ പുതിയ രൂപം എന്നുപറഞ്ഞാൽ നമ്മെ അമ്പരിപ്പിക്കുന്ന തരത്തിലാണ്.
ഒരു ഉദാഹരണം പറഞ്ഞാൽ, ബുക്കർ സമ്മാനം ലഭിച്ച 'ലിങ്കൺ ഇൻ ദ ബാർദോ' എന്ന ജോർജ് സോൻഡേഴ്‌സന്റെ നോവൽ. അത് ഞാനിപ്പോഴാണ് വായിച്ചത്. അത് വായിക്കുമ്പോഴാണ് നോവൽ ഇത്രമാത്രം മാറിയെന്നത് മനസ്സിലാകുന്നത്. ആ നോവൽ ലിങ്കണിന്റെ 11 വയസുള്ള മകന്റെ മരണമാണ്. ലിങ്കണിന്റെ മനോവേദനകൾ. മകനെ സംസ്‌കരിച്ച സ്ഥലത്തെ അനുഭവം. ഗോസ്റ്റുകൾ (അതിനെ മലയാളത്തിൽ എങ്ങനെ വിവർത്തനം ചെയ്യുമെന്ന് അറിയില്ല) കല്ലറകളിൽ നിന്ന് എഴുന്നേറ്റു വന്ന് കഥപറയുകയാണ് ചെയ്യുന്നത്. ഒരു ഗോസ്റ്റ് ഒരു വാക്ക് പറയും. അത് പൂരിപ്പിക്കുന്നത് മറ്റൊരു ഗോസ്റ്റാണ്. ഗോസ്റ്റുകൾ ഇങ്ങനെ കഥപറയും. അതേസമയം ഒരു ഗോസ്റ്റ് നടന്നുപോകുമ്പോൾ ആ ഗോസ്റ്റിന്റെ മിനിയേച്ചർ പതിപ്പുകൾ കൂടെപോകുക. ഇങ്ങനെ അദ്ഭുതകരമായ ഒരു ആഖ്യാനരീതിയാണ് നമ്മൾ കാണുന്നത്. ഇത്തരത്തിൽ നോവലിലുണ്ടായ വലിയ മാറ്റങ്ങൾ നമ്മുടെ മലയാളി വായനക്കാർ അറിയുന്നുണ്ട്. അവർ വലിയ ജാഗ്രത വച്ചുപുലർത്തുന്നവരാണ്. സാംസ്‌കാരികമായും മറ്റും വലിയ ജാഗ്രതയുള്ള കൂട്ടമാണ് നമ്മുടേത്. നമ്മൾ ഈ പുതിയ ചലനങ്ങൾ കാണുകയും സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട്. അതിനനുസരിച്ച് വായനക്കാരുടെ ഭാവുകത്വം മാറിമാറി വരുന്നു. അതിനൊപ്പം എങ്ങനെ എഴുത്തുകാരന് സഞ്ചരിക്കാനാവും എന്നത് ചോദ്യമാണ്. മറ്റൊരു ചോദ്യം, എഴുത്തുകാരാണോ ഈ പുതിയ സെൻസിബിലിറ്റി ഉണ്ടാക്കുന്നത് അതോ വായനക്കാരോ? രണ്ടുപേരുംകൂടി ചെയ്യുന്ന ഒന്നാണ് അത്.
