വിഗ്രഹങ്ങൾ ഉടയുമ്പോൾ

History

വിഗ്രഹങ്ങൾ ഉടയുമ്പോൾ


ഭാരതീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് രാജാറാം മോഹൻ റായിയെ (1772-1833)ആണ്. സതി, ബാലവിവാഹം പോലുള്ള അന്ന് നിലവിലുണ്ടായിരുന്ന പല ആചാരങ്ങളെയും വൈസ്രോയി ബെന്റിക്ക് പ്രഭുവിനെ സ്വാധീനിച്ച് നിരോധിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് രണ്ടു പ്രധാന പരിമിതികളുണ്ടായിരുന്നു. ഒന്ന്, സമൂഹത്തിന്റെ മേൽപരപ്പിൽ ചില നുരകളും പതകളും സൃഷ്ടിച്ചെങ്കിലും ആഴത്തിലേയ്ക്കിറങ്ങാൻ അവയ്ക്ക് കഴിഞ്ഞില്ല. രണ്ട്, സമൂഹത്തിന്റെ ഘടനയിൽ മാറ്റങ്ങളൊന്നും ഇവ ഉണ്ടാക്കിയില്ല; അതദ്ദേഹത്തിന്റെ ലക്ഷ്യം അല്ലായിരുന്നുതാനും. അതുകൊണ്ട് സമുദായപരിഷ്കരണം എന്നതിനപ്പുറത്തേക്ക് നവോത്ഥാനപ്രവർത്തനങ്ങളായി അവയെ വിലയിരുത്തുന്നത് സൂക്ഷിച്ചുവേണം. നവീകരണ (reformation) പ്രവർത്തനങ്ങളായിരുന്നു അവ, നവോത്ഥാന (renaisance)മെന്നവയെ വിലയിരുന്നത് സാഹസമാകും. ഈ രീതിയിൽ ഭാരതത്തിന് മൊത്തം ഒരു നവോത്ഥാനം ഉണ്ടായിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് മേൽപറഞ്ഞ നവീകരണ പ്രവർത്തനങ്ങളിൽ നിന്ന് പ്രകടമായ രണ്ടു വ്യത്യാസങ്ങളുണ്ടായിരുന്നു. ഒന്ന്, കീഴാള ധാരകളിൽ നിന്നാണ് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ രൂപം കൊണ്ടത്. പിന്നീട്, മേലാളസമൂഹത്തിലേക്കും വ്യാപിച്ച് മൊത്തം കേരളീയസമൂഹത്തിന്റെ ഊർജ്ജമായി അത് മാറി. അങ്ങനെ കേരളീയസമൂഹം നേതൃത്വം നൽകിയ നിലവിലുള്ള ജാതി ജന്മിസമൂഹഘടനയെ വിധ്വംസകമായിത്തന്നെ തകർത്തതാണ് നവോത്ഥാനത്തിന്റെ ആദ്യഭാഗം. എല്ലാവർക്കും പങ്കാളിത്തമുള്ള, ഭൂമിക്കും വിദ്യയ്ക്കും അർഹതയുള്ള ഒരു നൂതന സമൂഹസൃഷ്ടിയാണ് അതിന്റെ തുടർച്ച. നമ്മുടെ തലമുറകൾ ഈ നവോത്ഥാനപ്രക്രിയയിൽ പങ്കാളികളായവരും കഠിനമായ പീഡനങ്ങളും കഷ്ടനഷ്ടങ്ങളും അനുഭവിച്ചവരുമാണ്. ഇന്നത്തെ സമൂഹം ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. അതുകൊണ്ട്, നവോത്ഥാനത്തിന് മുൻപുള്ള സമൂഹഘടനയെപ്പറ്റി സ്വാഭാവികമായിത്തന്നെ അവർ അജ്ഞരാണ്. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയിൽപ്പെട്ടാൽ പോലും ദോഷമുള്ളവരും ആയിരുന്നു, അന്നത്തെ സമൂഹഘടനയിൽ ഭൂരിഭാഗം പേരും. ലംബമാനമായ ആ ഘടനയെ തകർത്ത് തിരശ്ചീനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നവോത്ഥാനം ചെയ്തത്. മാത്രവുമല്ല, നൂറ്റാണ്ടുകളായി ഭൂമിയും വിദ്യയും നിഷേധിക്കപ്പെട്ടവരെ അവയ്ക്കവകാശികളാക്കുകയും ചെയ്തു. ഒരു ജാതിസമൂഹം മനുഷ്യസമൂഹമായും തുടർന്ന് പൗരസമൂഹമായും പരിണമിച്ച് പിറന്ന മണ്ണിന്റെ അവകാശം ഉറപ്പിച്ച പ്രക്രിയയാണ് കേരളത്തിലെ നവോത്ഥാനം1. നൂറ്റാണ്ടോളം നീണ്ടുനിന്ന ഈ പ്രക്രിയയിൽ കേരളീയസമൂഹം ഒട്ടാകെത്തന്നെ പല തരത്തിൽ പങ്കാളിയായിരുന്നു. അനുകൂലിച്ചവരുണ്ട്, പ്രതികൂലിച്ചവരുണ്ട്, പീഡനങ്ങളേറ്റവരും മരിച്ചവരുമുണ്ട്. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേരാണ് പണ്ഡിറ്റ് കെ.പി. കറുപ്പന്റേത് (1885-1938).

രണ്ട്‌


Related Articles