കലാപമായിരുന്നില്ല സമരമായിരുന്നു

History

കലാപമായിരുന്നില്ല സമരമായിരുന്നു


1921-ൽ മലബാറിൽനടന്ന പ്രക്ഷോഭങ്ങൾ യഥാർഥത്തിൽ എന്തായിരുന്നു എന്നതിനെക്കുറിച്ച് ഒരു ചർച്ച.

എം.പി. ബഷീർ: 1921-ലെ മലബാർ കലാപം ഒറ്റപ്പെട്ട ഒരു കലാപമായിരുന്നില്ല മറിച്ച് അത് വിശാലമായ ഒരു ചരിത്രഖണ്ഡത്തിന്റെ ഭാഗവും ഒരുപാട് തുടർകലാപങ്ങളുടെ പാരമ്യവും ആയിരുന്നു. 1836-ൽ മുതൽ 1919 വരെയുള്ള വർഷങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലായി ഏതാണ്ട് 50-ലധികം മാപ്പിളകലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കലാപങ്ങൾക്കു പൊതുവായിട്ടുള്ള സ്വഭാവം അതിൽ ഒട്ടുമിക്കതുംതന്നെ കൊളോണിയൽ വിരുദ്ധസ്വഭാവമുള്ളതും അതുപോലെതന്നെ മതപ്രചോദിതവുമായിരുന്നു. ഇങ്ങനെയുള്ള കലാപങ്ങൾക്കിടയിലാണ് 1852-ൽ തിരൂരങ്ങാടിയിലെ മമ്പുറത്തുണ്ടായിരുന്ന സർവാദരണീയനായ ഫസൽ പൂക്കോത്തങ്ങളെ അദ്ദേഹത്തിന്റെ 37-അനുയായികളോടൊപ്പം ബ്രിട്ടീഷുകാർ നാടുകടത്തിയത്. ഇത് ഒരു ഗൂഢാലോചനയാണെന്നു മനസ്സിലാക്കിയ മാപ്പിളമാർ 1856-ൽ അന്നത്തെ ബ്രിട്ടീഷ് മലബാറിന്റെ കളക്ടറായിരുന്ന കനോലി സായിപ്പിനെ വെട്ടിക്കൊല്ലുകയാണുണ്ടായത്. ഇങ്ങനെ കലാപങ്ങളുടെ ഒരു തുടർച്ച 1836 മുതൽ 1919 വരെ മലബാറിൽ ഉണ്ടായിട്ടുണ്ട്. 1921-ലെ കലാപത്തിന്റെ ഒരു അധിക പശ്ചാത്തലമെന്നു പറയുന്നത് ഖിലാഫത്ത് പ്രസ്ഥാനമാണ്. ഖിലാഫത്ത് സാമ്രാജ്യത്തെ തോല്പിച്ചതിനുശേഷം തുർക്കി സുൽത്താന്റെ ഇസ്‌ലാമിക ലോകത്തിന്റെ 'ഖലീഫ' എന്നുണ്ടായിരുന്ന സ്ഥാനം ബ്രിട്ടീഷുകാർ എടുത്തു കളഞ്ഞതിനെതിരേയുള്ള ഇന്ത്യൻ മുസ്‌ലിങ്ങളുടെ ഒരു മുന്നേറ്റമായിരുന്നു. ഇത് ഇന്ത്യയിലെ മുസ്‌ലിം ജനസാമാന്യത്തെ ബ്രിട്ടീഷ് വിരുദ്ധസമരത്തിലേക്കു കൊണ്ടുവരാനുള്ള മഹാത്മാഗാന്ധിയുടെ ഒരു 'സോഷ്യൽ എൻജിനീയറിങ്ങി'ന്റെ ഫലമായി ഉണ്ടായതാണെന്നു പറയാൻ പറ്റും. 1920-ൽ വെള്ളയിൽ കടപ്പുറത്ത് ഖിലാഫത്തു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്ത് അലിയും പങ്കെടുക്കുകതന്നെയുണ്ടായിട്ടുണ്ട്. ആ കാലമാകുമ്പോഴേക്കും കേരള പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ പ്രമുഖ നേതാക്കന്മാരായിരുന്ന കെ. മാധവൻ നായർ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്നിവർ ഖിലാഫത്തു കമ്മറ്റിയുടെയും നേതാക്കന്മാരായി മാറിയിരുന്നു. 1920-കൾ ആകുമ്പോഴേക്കും മലബാറിലെ ഗ്രാമങ്ങളാകെ ഖിലാഫത്തിന്റെ ആവേശത്തിൽപ്പെട്ടിരുന്നു. ഒരുപക്ഷേ, ദേശീയ പ്രസ്ഥാനത്തിന്റെ സ്വതന്ത്രദാഹവും അതോടൊപ്പംതന്നെ ഖിലാഫത്തു പ്രസ്ഥാനം മുന്നോട്ടുവച്ച ഇന്ത്യയിലെ മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും എല്ലാം കൂടിച്ചേർന്ന് മലബാറിന്റെ ഉൾനാടൻ ഗ്രാമങ്ങളെ വലിയ തോതിൽ ആവേശഭരിതമാക്കിയിരുന്നു. അതായിരുന്നു മലബാർ കലാപത്തിന്റെ സംഗൃഹീത പശ്ചാത്തലം.

1921-ൽ ആരംഭിച്ച കലാപത്തെ അതിനിഷ്ഠുരമായ രീതിയിലാണ് ബ്രിട്ടീഷ് ഭരണകൂടം അടിച്ചമർത്തിയത്. അതിനുശേഷം ഏകദേശം 25 വർഷക്കാലം ഈ കലാപത്തെക്കുറിച്ചുള്ള ഒരു നിശ്ശബ്ദതയാണ് നാം കാണുന്നത്. കലാപകാലത്തുതന്നെ അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റി കലാപത്തെ തള്ളിപ്പറയുകയാണുണ്ടായത്. തുടർന്നിങ്ങോട്ടു മലബാർ കലാപത്തെക്കുറിച്ച് ഊഹാപോഹങ്ങൾ, കിംവദന്തികൾ, അപസർപ്പക കഥകൾ തുടങ്ങിയവയൊക്കെയാണ് വളരെക്കാലങ്ങളോളം പ്രചരിപ്പിക്കപ്പെട്ടത്. 1946-ൽ മലബാർ കലാപത്തിന്റെ 26-ാം വർഷത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ ഒരു പ്രമേയത്തിനിടെ ആണ് കലാപം വീണ്ടും പൊതുജനശ്രദ്ധയിലേക്കു വരുന്നത്.


Related Articles