1975 അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇന്ത്യ ഒട്ടുക്കും ജയപ്രകാശ് നാരായണന്റെ 'സമ്പൂർണ്ണ വിപ്ലവം' അലയടിക്കുന്ന കാലം. ചെന്നിടത്തൊക്കെ അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. അടിമുടി ഇന്ത്യയെ മാറ്റാനുള്ള പ്രക്ഷോഭത്തിലാണദ്ദേഹം. ജെ. പി. പ്രസ്ഥാനം ഏറ്റവും സുശക്തം ബീഹാറിലായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ പര്യടനത്തിനിടയിൽ അദ്ദേഹം കോഴിക്കോടും വരികയുണ്ടായി. മാനാഞ്ചിറ മൈതാനത്ത് അദ്ദേഹം വൻജനക്കൂട്ടത്തെ അഭിമുഖീകരിച്ചു ചെയ്ത പ്രസംഗം ആരെയും ആകർഷിക്കുന്നതായിരുന്നു. വളരെ ശാന്തമായി എന്നാൽ ശ്രോതാവിനെ കൂടെക്കൊണ്ടുപോകുന്നവിധം യുക്തിഭദ്രമായി ഇന്ത്യൻ അവസ്ഥ അദ്ദേഹം വിശകലനം ചെയ്തു. അദ്ദേഹം ആൾക്കൂട്ടത്തെ കൈയിലെടുത്തതിൽ അത്ഭുതമില്ല. അത്രയ്ക്ക് ശക്തവും വശ്യവുമായിരുന്നു ആ അവതരണം.
ഇന്ദിരാഗാന്ധിക്കെതിരേയുള്ള ജെ.പി.യുടെ പ്രസ്ഥാനത്തിന് ആർ.എസ്.എസ്സിന്റെയും അവരുടെ രാഷ്ട്രീയ വിഭാഗമായ ജനസംഘത്തിന്റെയും (ബി.ജെ.പി.യുടെ മുൻഗാമി) സോഷ്യലിസ്റ്റുകളുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. എങ്കിലും ജെ.പി.യുടെ വ്യക്തിത്വംതന്നെയായിരുന്നു പ്രസ്ഥാനത്തിന്റെ ഊർജ്ജപ്രഭവകേന്ദ്രം.
കോഴിക്കോടുനിന്ന് പ്രസിദ്ധീകരിക്കുന്ന 'പ്രബോധനം' വാരികയിലായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. ആ ആഴ്ചയിലെ ജോലി പൂർത്തിയാക്കി വാരിക പുറത്തിറങ്ങിയ ശേഷം നാട്ടിലേക്കുള്ള പതിവ് യാത്രയ്ക്കായി ബസ്സിലിരിക്കുകയായിരുന്നു. അപ്പോൾ ആജാനുബാഹുവായ ഒരു ഖദർ ജുബ്ബാധാരി സീറ്റിൽ തൊട്ടടുത്ത് വന്നിരുന്നു. പത്രങ്ങളിൽ പലപ്പോഴും ഫോട്ടോ കണ്ടിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. തറമ്മൽ കൃഷ്ണനായിരുന്നു അത്. കോൺഗ്രസുകാരനെങ്കിലും ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രധാന ഭാരവാഹി എന്ന നിലയിലായിരുന്നു അക്കാലത്ത് അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. കെ. കേളപ്പനെപ്പോലെ തന്നെ, കോൺഗ്രസുകാരനായിട്ടും ആർ.എസ്.എസ്സിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. സംഘത്തിന് തങ്ങളെ അനുസരിക്കുന്ന ഒരു രാഷ്ട്രീയവിഭാഗം എന്നും ഉണ്ടായിരുന്നെങ്കിലും സംഘത്തിന് രാഷ്ട്രീയമില്ലെന്നും സംഘം ഒരു സാംസ്കാരിക സംഘടന മാത്രമാണെന്നുമായിരുന്നു പുറമേ പറഞ്ഞു നടന്നിരുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികൾക്കിടയിലും സംഘത്തിന് സ്വാധീനമുണ്ടാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നയം. അതിനാൽ കോൺഗ്രസുകാരായ കെ. കേളപ്പനെയും തറമ്മൽ കൃഷ്ണനെയും പോലുള്ളവരെ ഉൾക്കൊള്ളുന്നതിൽ ആർ.എസ്.എസ്സിന് പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും മാത്രമായിരുന്നു ഇതിന്നപവാദം.
