അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

History

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം


 

മുഗൾ രാജവംശത്തിന്റെ അധഃപതനത്തെക്കുറിച്ചും ഈസ്റ്റിന്ത്യാ കമ്പനിയുടെ ആഗമനത്തെക്കുറിച്ചും  കഴിഞ്ഞ 20 വർഷമായി പഠനഗവേഷണങ്ങൾ നടത്തി ഞാൻ രചിച്ച നാലു പുസ്തകങ്ങളിൽ  രണ്ടെണ്ണത്തെക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.  അതിൽതന്നെ, ചരിത്രത്തിൽ വേണ്ടത്ര പരിഗണന  ലഭിക്കാതിരിക്കുകയും വലിയ തോതിൽ അവഗണന  നേരിടുകയും ചെയ്ത മുഗൾ ചക്രവർത്തിമാരായ ഷാ ആലമിനെയും  ബഹാദൂർ  ഷാ സഫറിനെയും കുറിച്ച് ആഴത്തിൽ പരിശോധിക്കാനും ശ്രമിക്കാം.  ഇരുവരെയും ഗാഢമായി  ബന്ധിപ്പിക്കുന്ന എന്തൊക്കെയോ ചില കാര്യങ്ങളുണ്ടെന്ന്   അന്വേഷണത്തിനിടയിൽ എനിക്കു വ്യക്തമായി. ഇരുവരും പരാജിതരാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഗുലാം ഖാദിറിന്റെ നിഷ്ഠുരതയുടെ ഇരയായിത്തീർന്ന ചക്രവർത്തിയാണ്  ഷാ ആലം. ഗുലാം ഖാദിർ തന്റെ  പെരുവിരൽ താഴ്ത്തി ഷാ ആലത്തിന്റെ  കണ്ണുകൾ ചൂഴ്ന്നെടുത്തു കളഞ്ഞതിനാൽ അവസാനം ‘തകർന്ന രാജകൊട്ടാരത്തിലെ അന്ധനായ ചക്രവർത്തി’യെന്ന ഭീകരപ്രതീകമായി അദ്ദേഹം ചരിത്രത്തിൽ ഓർമിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലുതും സുദീർഘവുമായ  കൊളോണിയൽ വിരുദ്ധകലാപത്തിന് ചുക്കാൻ പിടിച്ചിട്ടും 1857-ൽ പരാജയപ്പെട്ടയാളായി  സഫർ വിലയിരുത്തപ്പെട്ടു. സംഘാടനത്തിലെ പിഴവ് മൂലമാണ് പ്രക്ഷോഭം പരാജയപ്പെട്ടത്. സഫർ ബർമ്മയിലേക്കു  രക്ഷപെടുകയും ചെയ്തു. ആരും അദ്ദേഹത്തെ ഒരു മഹാനായ ഹീറോയായി  കണക്കാക്കുന്നില്ല. എന്നിരുന്നാലും, രണ്ടുപേരും അസാധാരണ മനുഷ്യരാണെന്ന് ഞാൻ കരുതുന്നു, ഇരുവരും പരാജയത്തിലും പിടിച്ചുനിന്നു. വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽപോലും  ഇരുവരും ശക്തമായി പോരാടി. എല്ലാറ്റിനുമുപരിയായി രണ്ടുപേരും മികച്ച കവികളും എഴുത്തുകാരുമായിരുന്നു.  രാജകീയപെരുമാറ്റത്തിന്റെ വ്യത്യസ്തമായ മാതൃക തീർത്തവരാണ്  അവരിരുവരും.

ഇരുവരുടെയും ജീവിതം രൂപപ്പെടുത്തിയത് ഡൽഹിനഗരമാണ്. ആലത്തിന്റെ യൗവനകാലവും സഫറിന്റെ വാർധക്യകാലവും ഈ നഗരത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മഹത്തും ബൃഹത്തുമായ നഗരമായി ഡൽഹി എന്നും ഗണിക്കപ്പെട്ടുപോന്നിട്ടുണ്ട്. പടിഞ്ഞാറ്  ഇസ്താംബുളിനും കിഴക്ക്  ഇംപീരിയൽ ടോക്കിയോയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ നഗരമായ ഡൽഹി, പരിഷ്കൃതവും മനോഹരവുമായ തലസ്ഥാനംതന്നെയായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ  ഈ നഗരത്തിനകത്ത് അധിവസിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള വിലപിടിച്ചതെല്ലാം മുഗളന്മാർ ശേഖരിച്ചുവച്ചിരുന്നത് ഈ നഗരത്തിലാണ്. ദക്ഷിണേഷ്യയിലെ മറ്റിടങ്ങളിൽനിന്ന് അവർ കവർച്ച ചെയ്തു കൊണ്ടുവന്ന മുതലുകളും കുന്നുകൂട്ടിയതും ഈ നഗരത്തിൽ തന്നെ. പ്രാവുകൾ പാറിക്കളിക്കുന്ന കൊട്ടാരക്കാഴ്ചകളും അന്തഃപുരനാരികൾക്ക് മാമ്പഴപ്പൂളുകൾ വച്ചുകൊടുക്കുന്ന ദൃശ്യങ്ങളുമൊക്കെയാണ്  മുഗളന്മാരെ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമകളിൽ നാം കാണാറുള്ളത്. അസാധാരണമായ ധനസ്ഥിതിയുടെ പിൻബലത്തിലാണ് ആഡംബരത്തിന്റെയും പരിഷ്‌കരണത്തിന്റെയും ആ തലം കെട്ടിപ്പടുത്തതെന്ന് നാം ഓർക്കേണ്ടതുണ്ട്.


Related Articles