""Who, after all, speaks today of the annihilation of the Armenians?"
-Adolf Hitler, August 22, 1939
ഇരുപതാംനൂറ്റാണ്ട് സാക്ഷ്യം വഹിച്ച ആദ്യത്തെ സംഘടിത രീതിയിലുള്ള വംശഹത്യ(genocide)യ്ക്ക് ഈ വർഷം ഒരു നൂറ്റാണ്ട് തികയുന്നു. അന്തർദ്ദേശീയതലത്തിൽ ഇരുപത്തിനാലോളം രാജ്യങ്ങളും ചില മനുഷ്യാവകാശസംഘങ്ങളും മാത്രം അംഗീകരിച്ചിട്ടുള്ള അർമേനിയൻ വംശജരുടെ കൂട്ടക്കൊലയെപ്പറ്റി തുർക്കി പാലിക്കുന്ന മൗനവും നിഷേധവും, അതിലെ അനീതിയും അധാർമ്മികതയുമെല്ലാം വംശഹത്യാപഠനങ്ങളിൽ (genocide studies) സജീവ ചർച്ചാവിഷയമാണ്. വംശഹത്യയിൽ തുർക്കിക്കുള്ള (ഓട്ടോമൻ) പങ്കിനെ ഭരണകൂടം അതിശക്തമായി നിഷേധിച്ചുവരുന്നതിനിടയിൽ അടുത്തിടെ പോപ്പ് ഫ്രാൻസിസ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ആ രാജ്യത്തെ വീണ്ടും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ ഘട്ടത്തിൽ സംഭവിച്ച ഈ വംശഹത്യയ്ക്ക് ചരിത്രകാരന്മാരും പണ്ഡിതരും പീഡനത്തിന് ഇരയായവരെയും സാക്ഷികളെയും രേഖകളെയും ആശ്രയിച്ച് നിരവധി തെളിവുകൾ നല്കുന്നുണ്ടെങ്കിലും അതിക്രമങ്ങൾ വംശഹത്യയാണെന്ന വാദം 'ചരിത്രയാഥാർത്ഥ്യങ്ങളിൽനിന്ന്' അതിവിദൂരമാണെന്ന നിലപാടാണ് തുർക്കിയുടേത്.
