1891 ജനുവരി 11-ന് 10038 പേർ ഒപ്പിട്ട ‘മലയാളി മെമ്മോറിയൽ' തിരുവിതാംകൂർ രാജാവിനു സമർപ്പിച്ചത് തദ്ദേശീയരുടെ സംവരണാവകാശത്തിനായിരുന്നു. മെമ്മോറിയലിൽ പറഞ്ഞ കണക്കുപ്രകാരം 23554-മലയാളി ഹിന്ദുക്കളിൽ ഒരാൾക്കു ജോലി കിട്ടുമ്പോൾ 2656 പരദേശി ഹിന്ദുക്കളിൽ ഒരാൾക്കും 7669 ക്രിസ്ത്യാനികളിൽ ഒരാൾക്കും ജോലി ലഭിക്കുന്നു. ഈഴവർ മുതൽ താഴേക്കുള്ള ഒരാൾക്കുപോലും ജോലി ഇല്ല. ഉന്നത ഉദ്യോഗങ്ങളെല്ലാം പരദേശിബ്രാഹ്മണരുടെ കുത്തക. ഭൂവുടമസ്ഥത സവർണ്ണർക്കുമാത്രം. തിരുവിതാംകൂറിലെ പ്രജ ആരെന്നു നിർവ്വചിക്കപ്പെടണമെന്നായിരുന്നു മെമ്മോറിയലിന്റെ കാതൽ.
കെ. പി. ശങ്കരമേനോൻ ഒന്നാമനായും ഡോ. പല്പു മൂന്നാമനായും ഒപ്പിട്ട മെമ്മോറിയൽ മൂന്നു മാസം കോൾഡുസ്റ്റോറേജിലായിരുന്നു. അതിനിടെ ഒരു ‘സവർണ്ണ മെമ്മോറിയലും’ രംഗത്തുവന്നു. മലയാളി മെമ്മോറിയലിൽ ഉൾപ്പെടാത്ത മുസ്‌ലിങ്ങൾ, സിറിയൻ ക്രിസ്ത്യാനികൾ അടക്കം 27000 പേരുടെ ഒപ്പ് എന്ന് അവകാശപ്പെട്ടെങ്കിലും ആയിരത്തിലധികം ഉണ്ടായിരുന്നില്ല. ജൂലൈ 21-ന് ദിവാൻ വിളിച്ച ചർച്ചയിൽ ശങ്കരമേനോൻ, ജി.പി. പിള്ള, കാവാലം നീലകണ്ഠപിള്ള, പി.ശിവൻ പിള്ള, പി.കെ. പത്മനാഭ പിള്ള, സിറിയക് നിധീരി എന്നിവരാണ് മലയാളിമെമ്മോറിയൽപക്ഷത്തെ പ്രതിനിധീകരിച്ചത്. ഡോ. പല്പു തഴയപ്പെട്ടു. എന്തായാലും പിറ്റേ വർഷം കുറെ നായന്മാർ സിവിൽസർവ്വീസിൽ പ്രവേശിച്ചു എന്നതായിരുന്നു മെമ്മോറിയലിന്റെ ഫലശ്രുതി
ഈഴവ മെമ്മോറിയൽ
