നരവംശത്തിലെ കറുപ്പഴകുകൾ

History

നരവംശത്തിലെ കറുപ്പഴകുകൾ


 

രിത്രത്തിലെ ‘കറുത്ത’ മനുഷ്യനെ കാണാൻ ‘വെളുത്ത’ മനുഷ്യൻ അവശേഷിപ്പിച്ച ഉപാദാനങ്ങളെ അവരുടെതന്നെ സാമഗ്രികളാൽ പരിശോധിക്കുകയാണു പതിവ്. പുരാതന ചരിത്രം മുതൽതന്നെ കറുത്ത മനുഷ്യരെക്കുറിച്ചുള്ള ‘വെളുത്തവന്റെ’ സങ്കല്പങ്ങൾ പലവിധത്തിൽ വരച്ചുവെച്ചിട്ടുണ്ട്. ഹെറഡോട്ടസിന്റെ ഹിസ്റ്റോറിയയിൽ ‘നിറം കുറഞ്ഞ’ തൊലിയും മുടിയും ഉള്ള നാടോടികളായ സിത്തിയൻമാരെക്കുറിച്ച് പറയുന്നതു കാണാം. പരസ്പരം പുറം തിരിഞ്ഞ് നിൽക്കുന്ന മനുഷ്യരൂപത്തോടുകൂടിയ ‘ആരിബാലി’ പാത്രം കറുത്തവരെയും വെളുത്തവരെയും കുറിച്ചുള്ള ‘തിരിച്ചറിയലിന്റെ’  ഗ്രീക്ക് ബിംബവത്കരണമാണെന്ന് പറയാം. ഉദ്ദേശം 520-510 ബി.സി.ഇ കാലത്തേതാണ് ഈ ആരിബാലി ഡികാന്റർ. കറുത്തവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഹോമറുടെ രചനയിലും കാണാം. കറുപ്പിനെക്കുറിച്ചുള്ള ധാരണകൾ ഗ്രീക്കുകാർക്കും മുമ്പേ ‘വെളുത്ത മനുഷ്യൻ’ രൂപീകരിച്ചിരുന്നു. ഈജിപിറ്റ്യൻ ഹൈറോഗ്ലിഫ് രേഖകളിൽ മനുഷ്യനെ വേർതിരിച്ചു പരാമർശിക്കുന്നുണ്ട്. വടക്കും തെക്കുമുള്ള മനുഷ്യരുമായി പരസ്പരബന്ധങ്ങൾ ഇവർ സൂക്ഷിച്ചതായിരുന്നു ഇതിനുവഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളും ദാർശനിക ലോകത്തു നടന്നിട്ടുണ്ട്. മധ്യകാലത്ത് യൂറോപ്പിന് പൗരസ്ത്യ ലോകവുമായുള്ള ബന്ധങ്ങളിൽ വരുന്ന വിള്ളൽ കറുപ്പിനെക്കുറിച്ചുള്ള ധാരണകളെ മാറ്റിവെക്കാൻ പര്യാപ്തമാക്കിയില്ല എന്നുമാത്രമല്ല കറുപ്പ് ഭീകരരൂപ സങ്കല്പങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു. പില്ക്കാലത്ത് ഡാർവിൻ സ്വാധീനം ശാസ്ത്രലോകത്ത് മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളെ നൽകിയത് കറുപ്പിനെയും വെളുപ്പിനെയും കുറിച്ചുള്ള പഠനങ്ങൾക്കു വേറിട്ട ദിശാബോധം വരുത്തി.

കറുപ്പിനെ ‘കറുത്തവരുടെ’ ചരിത്ര ഉപാദാനങ്ങളിലൂടെ കണ്ടാൽ നമ്മൾ വരച്ചെടുത്ത ചിത്രങ്ങളിലെ നിറങ്ങൾ കൂടുതൽ ശോഭയോടെ കാണാം. അപ്പോഴാണ് ‘നിറം കുറഞ്ഞവരുടെ’ നിറത്തെക്കുറിച്ചുള്ള അറിവുകളെ മനസ്സിലാക്കാനുമാകൂ. കേരളത്തിൽ കറുപ്പിനെക്കുറിച്ചുള്ള സംവാദങ്ങളിൽ പലപ്പോഴും ‘നിയോ-വൈറ്റ്മാൻസ് ബേർഡൻ’ ‘ജാതിസായിപ്പൻമാർ’ എടുത്ത് പുറത്തിടാറുണ്ട്. നിറത്തിന്റെ ജാതിയുൾപ്പെടെ  മലയാളിയുടെ സാധാരണ സംസാരങ്ങളിൽ അറിഞ്ഞും അറിയാതേയും വരുന്ന ‘ഐഡന്റിഫിക്കേഷൻ’ സൂചകങ്ങളും അടുത്തകാലത്തായി പുതിയ ഭാവങ്ങൾ ആർജ്ജിച്ചുവരുന്നു. വർഗ്ഗവും വർണ്ണവും മലയാളി മനസ്സിൽ സൂക്ഷിച്ചുവന്നത് ജാതിയുടെ രൂപത്തിൽകൂടിയാണെന്ന് പറയുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുമെന്നറിയാം. കറുപ്പിന്റെ അഴകിനെ മനസ്സിൽ സൂക്ഷിക്കുന്ന മലയാളികൾ കുറവൊന്നുമല്ല. പക്ഷേ, പൊതുമണ്ഡലങ്ങളിൽനിന്നും കറുപ്പിനെ മാറ്റി നിറുത്തുന്ന വെള്ളക്കാരന്റെ നിയോഗത്തെ ചോദ്യം ചെയ്യാതിരിക്കാൻ നമ്മൾ ശീലിച്ചുകഴിഞ്ഞു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുമില്ല. മലയാളിക്ക് ഇന്നും കറുപ്പ് പ്രിയംകരമാകുന്നുണ്ടെങ്കിൽ അതിന്റെ വേരുകൾ അധികം അകലെയൊന്നുമല്ല. ഇനി വെളുപ്പാണ് പ്രിയംകരമെങ്കിൽ അതിന്റെ ‘ജനിതകഫ്ലോ’ കറുപ്പിന്റെ ‘ജനിതകഫ്ലോ’യോളം പ്രായമുള്ളതുമല്ല. പക്ഷേ, മനുഷ്യ സ്പീഷീസുകളുടെ ജീൻ സ്വാധീനത്തോളം അവയുടെ പഴക്കം നീളുമെന്നുറപ്പ്.


Related Articles