ഒരു ധിക്കാരിയുടെ ജീവചരിത്രം

History

ഒരു ധിക്കാരിയുടെ ജീവചരിത്രം


ഗംഗാധരമാരാരെപ്പറ്റി എഴുതണമെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചധികം കാലമായി. കേട്ടറിഞ്ഞ കാലം തൊട്ട് മാരാർ എന്ന മനുഷ്യൻ ഒരു രാഷ്ട്രീയ പ്രഹേളികയായി മനസ്സിൽ നിറഞ്ഞിരുന്നു. ചിന്തകൊണ്ടും പ്രവർത്തികൊണ്ടും കേരള രാഷ്ട്രീയത്തിൽ അസാധാരണമായ ഇടപെടലുകൾ നടത്തിയ ഒരാളാണ്. ആരെയും കൂസാതെ ഭയരഹിതമായ ജീവിതം നയിച്ച ഒരു മനുഷ്യസ്നേഹി. സമൂഹത്തിെന്റ മാറ്റത്തിനെപ്പറ്റി സ്വപ്നം കാണുകയും ജനജീവിതത്തിെന്റ മാറ്റത്തിനായി തന്നാലാവും വിധം പ്രവർത്തിക്കുകയും ചെയ്തൊരാൾ. എനിക്കദ്ദേഹത്തെ നേരിട്ടറിയാമായിരുന്നു. 1920-ൽ ജനിച്ച, കരുവാണ്ടിയിൽ ഗംഗാധര മാരാർ എന്ന ശാന്തനായ മനുഷ്യനെ അവസാനമായി കണ്ടത് 1996–ൽ അദ്ദേഹത്തിന്റെ മരണത്തിന് കുറച്ചു മാസം മുമ്പായിരുന്നു. അന്ന് ഞങ്ങൾ കുറേനേരം സംസാരിച്ചിരുന്നു. എന്തൊരു ശാന്തതയായിരുന്നു ആ മനുഷ്യന്. മരണം സംഭവിച്ചാൽ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുക്കണം എന്നു പറഞ്ഞാണ് ആ സംഭാഷണം അവസാനിച്ചത്; ജീവിതാസ്തമയ കാലത്ത് ആ ഒരാഗ്രഹം മാത്രമെ അദ്ദേഹത്തിൽ അവശേഷിച്ചിരുന്നുള്ളൂ. പത്രങ്ങൾ ഭീകരവാദിയെന്ന് ആ കാലത്ത് മുദ്രകുത്തി കൊട്ടിഘോഷിച്ച ഒരാളെപ്പറ്റിയാണ് ഞാനിവിടെ പറയുന്നത്. ഉയർന്ന ചിന്തയോടെ, നിറഞ്ഞ കാരുണ്യത്തോടെ, ഏകനായി നടന്ന ഒരു കലാപകാരിയെപ്പറ്റി.

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ സംഘടനകളുടെയോ, സ്ഥാപനങ്ങളുടെയോ പിൻബലമില്ലാതെ ഒരു ഒറ്റയാൻ പോരാട്ടത്തിനു ശ്രമിച്ച ധിക്കാരിയായിരുന്നു കരുവാണ്ടിയിൽ ഗംഗാധരമാരാർ. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവർത്തികളെയും അടുത്തറിഞ്ഞവർക്കു മാത്രമേ മാരാർ എന്തുകൊണ്ടാണ് ഇത്രയേറെ എതിർപ്പും അവഗണനയും നേരിടേണ്ടി വന്നതെന്ന് ബോധ്യമാവുകയുള്ളൂ. എതിർത്തവരുടെയും അവഗണിച്ചവരുടെയും സ്വസ്ഥത നശിപ്പിക്കുവാൻ മാരാർക്ക് എപ്പോഴും സാധിച്ചു; അത് അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നില്ലെങ്കിലും. ഒരു നേതാവാകാൻ മാരാർ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. എന്നാലെപ്പോഴും ഒരു പോരാളിയായി ജീവിക്കുവാൻ ശ്രമിച്ചുപോന്നു. അനീതിയോടുള്ള അചഞ്ചലമായ എതിർപ്പ് അദ്ദേഹത്തെ ധിക്കാരിയാക്കി മാറ്റി. മനഷ്യസ്‌നേഹത്തിലധിഷ്ഠിതമായ പ്രതിഷേധം മാരാരെ "ഭീകരവാദി'യെന്നു മുദ്രകുത്താനിടയാക്കി. അദ്ദേഹത്തിന്റെ പ്രവർത്തികളെ വങ്കത്തമെന്ന് ചിത്രീകരിക്കാനും കക്ഷി രാഷ്ട്രീയക്കാർ മത്സരിച്ചു. ഇതൊന്നും മാരാരെ ഒട്ടും അലട്ടിയില്ല. തന്റെ പ്രതിഷേധത്തിന്റെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുതന്നെയായിരുന്നു ഗംഗാധരമാരാരുടെ ശക്തിയും.

കാരുണ്യം


Related Articles