വെനിസ്വേലയുടെ എണ്ണ

History

വെനിസ്വേലയുടെ എണ്ണ


ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക ബോംബാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും പിടികൂടുകയും ചെയ്ത വാർത്ത ലോകം ചർച്ച ചെയ്യുകയാണല്ലോ. ‌ഇന്നും ഇന്നലെയും തുടങ്ങിയതല്ല വെനസ്വേലയിലെ അമേരിക്കയുടെ ഇടപെടലുകൾ. വെനസ്വേലയിലെ എണ്ണ സമ്പത്തിന്‍റെ ചരിത്രവും അതിലുള്ള അമേരിക്കയുടെ താത്പര്യവും വ്യക്തമാക്കി 2005-ല്‍ ടി ഡി രാമകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാം.

രായിരിക്കും ബുഷിന്റെ അടുത്ത ഇര? അമേരിക്കൻ ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി വീണ്ടും അധികാരത്തിൽ വന്ന പ്രസിഡന്റ് ബുഷിന് കീഴടക്കാൻ പുതിയ രാജ്യങ്ങളും തോൽപ്പിക്കാൻ പുതിയ ശത്രുക്കളുമില്ലാതെ തന്റെ ജൈത്രയാത്ര തുടരാൻ കഴിയുമോ? ലോകം മുഴുവനും (മുതലാളിത്ത) ലിബറൽ ജനാധിപത്യഭരണക്രമത്തിന്റെ കമ്പോളതാത്പര്യങ്ങൾക്ക് പിന്തുണ നൽകാനുള്ള "ദൈവനിയോഗം" (ഐക്യരാഷ്ട്രസഭയുടെ അംഗീ​കാരം ലഭിക്കാത്ത കാര്യങ്ങളെല്ലാം ദൈവനിയോഗം അനുസരിച്ചാണല്ലോ ബുഷ് ചെയ്യുന്നത്) ബുഷിന് നൽകുന്ന ഉത്തരവാ​ദിത്വം അത്തരം ഇരകളെ കണ്ടെത്തി നശിപ്പിക്കാനുള്ള ബാധ്യതയാ​ണല്ലോ.

ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ചില പ്രത്യേക രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടുമാത്രം ആ രാജ്യങ്ങളുടേതാകി​ല്ലെന്നും മനുഷ്യവംശത്തിന് മൊത്തമായി അവകാശപ്പെട്ടതാണെന്നും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വക്താക്കൾ ആവർത്തിച്ച് പറയാറുണ്ട്. ഇത് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് ചിന്താഗതി​കൊണ്ടോ മനുഷ്യവംശത്തോടുള്ള അമിതമായ സ്നേഹംകൊണ്ടോ ഒന്നുമല്ല. മൂന്നാംലോകരാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങളിൽ അവകാശം സ്ഥാപിക്കാനുള്ള തന്ത്രംമാത്രമാണിത്. മുതലാളിത്ത രാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ ഇത്തരം സോഷ്യലിസമൊന്നും ബാധകമല്ലെന്നതും ശ്രദ്ധിക്കുക. ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ പിന്നാക്കാവസ്ഥമൂലം സ്വന്തം രാജ്യത്തെ പ്രകൃതി വിഭവങ്ങൾ, സാങ്കേതിക സഹകരണത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും മറവിൽ, ബഹുരാഷ്ട്രക്കുത്തകകൾ കൊള്ളയടിക്കുമ്പോൾ നിസ്സഹായരായി നിൽക്കുകയാണ് മൂന്നാം ലോകരാഷ്ട്രങ്ങൾ. എന്നാൽ, അടുത്തകാലത്തായി ചില ലാറ്റിനമേരിക്കൻ രാജ്യ​ങ്ങളിൽ വ്യത്യസ്തമായി ചിന്തിക്കുന്ന ഇടതുപക്ഷസർക്കാരുകൾ പ്രവർത്തിക്കുന്നുണ്ട്. അതിലേറ്റവും ശ്രദ്ധേയമാണ് വെനിസ്വേലയുടെ ഹ്യൂഗോ ഷാവേസിന്റെ ഭരണകൂടം.


Related Articles