ജൂൺ 2023-ലെ പച്ചക്കുതിര മാസികയിൽ ആർ. കെ. ബിജുരാജ് എഴുതിയതും പ്രസിദ്ധീകരിച്ചതുമായ 'സിലോൺ എന്ന സ്വപ്നത്തുരുത്ത്' എന്ന ലേഖനം ശ്രദ്ധേയമായിരുന്നു. സിലോണിലെ മലയാളി സമൂഹത്തിന്റെ പ്രവാസജീവിതം, പ്രത്യേകിച്ച് ഐഷ റൗഫ് പോലുള്ളവർ നൽകിയ സംഭാവനകൾ, എ കെ ജി, ശ്രീനാരായണഗുരു എന്നിവരുടെ സിലോൺ യാത്രകളും ലേഖനം ചർച്ച ചെയ്യുന്നുണ്ട്. കൂടാതെ ഫ്രഞ്ച്-അമേരിക്കൻ ആർച്ച് ബിഷപ്പ് റെനി വിലാത്തിയുടെ മെത്രാഭിഷേകത്തിനായി കൊളംബോ സന്ദർശിച്ച മലങ്കര സഭയുടെ കാരുച്ചിറ ഗീവർഗീസ് റമ്പാന്റെ (ബസേലിയോസ് ഗീവർഗീസ് പ്രഥമൻ) യാത്രാവിവരണങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നു. റെനി വിലാത്തിയെ മെത്രാൻ ആയി വാഴിക്കാൻ വഴിവെച്ച വ്യക്തികൾക്ക് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തും ദക്ഷിണ ഇന്ത്യയിലും സിലോണിലും ആയി വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ചരിത്രമുണ്ടെന്ന് ഒരു പക്ഷേ, പൊതുസമൂഹത്തിന് പുതിയ അറിവായിരിക്കും. മലയാളികളല്ലെങ്കിലും മലയാളി ബന്ധമുള്ള അധികം അറിയപ്പെടാത്ത രണ്ട് വ്യക്തികളുടെ ഗോവ മുതൽ സിലോൺ വരെ വ്യാപിച്ചുകിടന്ന പ്രവർത്തന മണ്ഡലങ്ങൾ ഇന്നത്തെ സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്. ഇവർ രണ്ടുപേരും സ്വതന്ത്ര കത്തോലിക്കാ സഭയുടെ (ഇൻഡിപെൻഡന്റ് കാത്തലിക് ചർച്ച് ഓഫ് സിലോൺ ഗോവ ആൻഡ് ഇന്ത്യ) നേതൃത്വനിരയിൽ പ്രശോഭിച്ച വ്യക്തികൾ ആയിരുന്നു. ഇന്ത്യയുടെയും സിലോണിന്റെയും സാമൂഹിക രാഷ്ട്രീയ സാഹിത്യരംഗങ്ങളിൽ ഒരു മതത്തിന്റെ നേതൃനിരയിൽ നിന്നുകൊണ്ട് പാദ്രെ അൽവാരെസും ഡോക്ടർ പെഡ്രോ മാനുവൽ ലിസ്ബോവ പിന്റോയും നടത്തിയ കാലാതീതമായ പ്രവർത്തനങ്ങളെയാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.
