മനുഷ്യശരീരത്തിലെ ‘ഉൾപ്രപഞ്ചം’ ബാഹ്യപ്രപഞ്ചത്തിനു സമാനമാണെന്നാണു ഭാരതീയതത്ത്വം. എന്നാൽ, മലയാളിയുടെ പഴമക്കാർ ഇതിനേക്കാൾ കൂടിയ ഒരു തലത്തിലേക്കുയർന്നു: മനുഷ്യശരീരത്തെ ഒരു ഭൂമിയെന്നു കാണുകയും ഇതിലെ പല ഭാഗങ്ങൾക്കും പ്രതിഭാസങ്ങൾക്കും സമാനമായവ കേരളഭൂവിലും കണ്ടെത്തുകയും ചെയ്ത അവർ ശരീരത്തിലുള്ളവയ്ക്കു നൽകിയ പേരുകൾതന്നെ കേരളഭൂവിലുള്ളവയ്ക്കും നൽകി; ഇതാണു മനുഷ്യദേഹബദ്ധ സംജ്ഞാരീതി (Anthropomorphic terminology). ഇപ്രകാരമുള്ള ശരീരത്തെ ഒരു കേരളമായി, അതായതു ശരീരകേരളമായി, കാണുന്നതിൽ തെറ്റില്ല. പെരിയാർ, പമ്പ, പേരാർ എന്നിവയാണു കേരളത്തിലെ പ്രധാന ജലവാഹിനികൾ. ഇവയിൽ പെരിയാർ, പമ്പ എന്നിവയുടെയും അനുബന്ധ പ്രദേശങ്ങളുടെയും പേരുകൾക്കു നിദാനമായ ശരീരത്തിലെ ജലവാഹിനികളെക്കുറിച്ചു നേരത്തേ പ്രതിപാദിച്ചിരുന്നു (പെരിയാർ: ആറും പുഴയും ആലുവായും. വിജ്ഞാനകൈരളി 1 നവംബർ 2017 പേജ് 64-70; പമ്പ: ശരീരകേരളത്തിലെ പമ്പാനദിയും മണികണ്ഠനും കലാകൗമുദി 2022 ആഗസ്റ്റ് 14 പേജ് 14-20.). ശരീരകേരളത്തിലെ ഏതു ജലവാഹിനിയാണു പേരാർ/ഭാരതപ്പുഴ/നിള എന്നീ പേരുകൾക്കു നിദാനമെന്ന പഠനമാണീ ലേഖനം. ഇതിഹാസങ്ങൾ ചരിത്രപരമായ യാഥാർത്ഥ്യങ്ങളാണെന്നു കരുതുന്നവരെ ഐതിഹാസികരെന്നും അവ ശാസ്ത്രസത്യങ്ങളെ കഥാരൂപത്തിൽ അവതരിപ്പിക്കുന്നെന്നു കരുതുന്നവരെ നൈരുക്തരെന്നും വിശേഷിപ്പിച്ച, നിരുക്തത്തിന്റെ പ്രഥമ ആചാര്യനായ യാസ്കാചാര്യന്റെ പാതയിൽ, അർത്ഥവിജ്ഞാനീയ നിരുക്തശാസ്ത്രപരമായി (Semantic etymology) ശരീരശാസ്ത്രവുമായി ബന്ധിപ്പിച്ചു പദങ്ങളെ വിശകലനം ചെയ്യുകയെന്നതാണു പഠനരീതി.
