മനുഷ്യപരിണാമത്തിന്റെ ചരിത്രത്തോടൊപ്പംതന്നെ ബുദ്ധിവികാസത്തിന്റെ ചരിത്രവും ചേർത്തുവെക്കാറുണ്ട്. ഭാഷയുടെ ഉദ്ഭവവും പരിണാമവും പരിണാമവഴികളിൽ ബുദ്ധിവികാസവുമായി ബന്ധപ്പെടുത്തിയാണ് വിശകലനം ചെയ്യാറുള്ളത്. എന്നുമുതലായിരിക്കാം നമ്മൾ ആശയവിനിമയത്തിനായി ഭാഷ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ടാകുകയെന്ന അന്വേഷണങ്ങൾ ആദ്യകാല ഹൊമിനിഡുകളുടെ വൃക്ഷത്തലപ്പിലെ ജീവിതകാലംവരെ ചെന്നെത്തുന്നതു കാണാം. ഭൂപ്പരപ്പിലേക്കിറങ്ങി രണ്ടു കാലിൽ നിവർന്നു നിൽക്കാൻ കഴിവാർജ്ജിക്കുന്ന ഘട്ടമായപ്പോഴേക്കും ഹൊമിനിഡുകൾ ആശയവിനിമയത്തിലെ അർത്ഥങ്ങൾ ധ്വനിപ്പിക്കുന്ന ‘പ്രോട്ടോ-കോളുകൾ' ഉച്ചരിക്കാനുള്ള കഴിവ് നേടിയെടുക്കുന്നതായി പല ഗവേഷകരും പറയുന്നുണ്ട്. അതുവരെ ഉപയോഗിച്ചുവന്നിരുന്ന ‘പ്രോട്ടോ- സ്വര' ‘കോളു'കളോടൊപ്പം ‘പ്രോട്ടോ-വ്യജ്ഞന' കോളുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയ ഇക്കാലത്ത് ബുദ്ധിവികാസത്തിലും നിർണ്ണായക മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു.
അതേസമയം പരിണാമം ഹോമോസാപിയൻസ് ഘട്ടത്തിൽ എത്തിയപ്പോൾ മാത്രമാണ് ഭാഷാശേഷി ഹൊമിനിനുകൾ എത്തിപ്പിടിച്ചതെന്ന നിഗമനങ്ങളും ഭാഷയുടെ ആവിർഭാവവുമായി ഉന്നയിക്കാറുണ്ട്. ബുദ്ധിവികാസത്തിൽ അനുകരണഘട്ടത്തിലാണ് ആംഗ്യങ്ങളുടെ സഹായത്തോടെ ആദ്യകാല ആശയവിനിമയം സാധ്യമായതെന്ന വാദഗതികളാണ് കോഗ്‌നിറ്റീവ് ഭാഷാ ശാസ്ത്രവുമായി പ്രമുഖമായിട്ടുള്ളത്. 4 മില്യൺ വർഷങ്ങൾ മുതൽ 400000 വർഷങ്ങൾ വരെയാണ് ബുദ്ധിവികാസത്തിലെ ‘മൈമറ്റിക്' ഘട്ടം. സങ്കീർണ്ണമായ ഭാഷാശേഷി കൈവരിക്കുന്നത് അതിനും ശേഷമുള്ള ‘മിത്തിക്ക് ബുദ്ധിവികാസ' ഘട്ടത്തിലാണെന്നും കോഗ്‌നിറ്റീവ് നരവംശശാസ്ത്രജ്ഞർ അടിവരയിടുന്നു. എഴുത്തെന്ന ബുദ്ധിവികാസം താരതമ്യേന വൈകിയാണ് മനുഷ്യൻ ആർജ്ജിച്ചെടുത്തതെന്നാണ് ലഭ്യമായ പുരാവസ്തു ഉപാദാനങ്ങൾ പറയുന്നത്.
ഗുഹാചിത്രങ്ങളോടൊപ്പം കണ്ടുവരുന്ന ജ്യാമിതീയ ഐക്കണോഗ്രാഫിക് വരകളാകാം ആദ്യകാല ‘അക്ഷരങ്ങൾ'. ചിത്രങ്ങളോടൊപ്പം അവ വരച്ചുവെക്കുന്നത് സൂചനകളെ എളുപ്പത്തിൽ വിനിമയം ചെയ്യാനാകാമെന്ന് സമർത്ഥിക്കപ്പെടുന്നു. ഒരു ലക്ഷത്തോളം വർഷങ്ങൾ പഴക്കം വരുന്ന ബ്ലോംബോസ് വരകളെ ഏറ്റവും പഴക്കം ചെന്ന ആശയവിനിമയ ശ്രമമായി കണക്കാക്കാറുണ്ട്. ബുഷ്മാൻ ഷെൽട്ടർ, നമീബിയയിലെ പാൽമെൻഹോസ്റ്റ് തുടങ്ങിയ സൈറ്റുകളിലെല്ലാം ബ്ലോംബോസിനോട് സമാനമായ വരകൾ കാണാം. എഴുത്തിന്റെ വികാസം സംഭവിക്കുന്നതിന് മുമ്പുതന്നെ മനുഷ്യർ ആശയ വിനിമയത്തിനായി സംസാരിക്കാൻ തുടങ്ങിയെന്നതിൽ തർക്കമുണ്ടാകാനിടയില്ല. ലോകത്താകമാനമുള്ള 7000-ലധികം ഭാഷകളും ഇതിനുമുമ്പ് വേരറ്റുപോയ ആയിരക്കണക്കിന് ഭാഷകളും ചെന്നെത്തുന്നത് ഒരു പൊതുപൂർവ്വികനിലേക്കാണെന്നാണ് മിക്ക ഭാഷാനരവംശശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. ആ പൊതു പൂർവ്വികഭാഷയെ അന്വേഷിച്ചുള്ള പഠനങ്ങളും ധാരാളം നടന്നിട്ടുണ്ട്. കൂടാതെ ഭാഷ ഏതുകാലത്താകാം ഉദയം ചെയ്തിട്ടുണ്ടാകുക എന്ന നിഗമനങ്ങളും കാണാം.
