പരിഷ്‌കരിക്കാനുള്ള  സമസ്യകൾ

History

പരിഷ്‌കരിക്കാനുള്ള സമസ്യകൾ


ആഗോളതലത്തിലും അഖിലേന്ത്യാതലത്തിലും സർവ്വമേഖലകളിലെയും മുസ്‌ലിം സ്വത്വങ്ങളെ പ്രതിസന്ധിയിലാക്കുംവിധമായിരുന്നു ഐ.എസ്. എന്ന ആഗോളഭീകരസംഘടനയുടെ കുറച്ചുനാളുകൾ മുമ്പുവരെയുള്ള ചെയ്തികൾ. ചുരുങ്ങിയ കാലംകൊണ്ട് ഐ.എസ്. സൃഷ്ടിച്ച ഭീകരതയുടെ പ്രകമ്പനങ്ങൾ പശ്ചിമേഷ്യയിൽനിന്നും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ അത് കുറച്ചൊക്കെ ശമിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിക ലോകം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. എന്തുകൊണ്ട് ഐ.എസ്. എന്ന പ്രതിഭാസം ഇസ്‌ലാമികലോകത്തുനിന്നും ഉണ്ടാകുന്നു എന്നത് നിർണായകമായ ഒരു സമസ്യതന്നെയാണ്. ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാണ് ഇസ്‌ലാമിക സമൂഹം-മുസ്‌ലിംകൾ. പൊതുവിൽ മുസ്‌ലിംകൾ ഈ സമസ്യയ്ക്ക് സ്വയം നൽകുന്ന ഉത്തരം മിക്കവാറും ഒന്നുതന്നെയായിരിക്കും -പാശ്ചാത്യലോകത്തിന്റെയും ഇസ്രയേലിന്റെയും ഗൂഢാലോചന! അതിൽ ഉപരി മുസ്‌ലിംകളിൽ നിന്നുതന്നെ ഈ വിഷയത്തിൽ ആഴത്തിലുള്ള ആത്മപരിശോധനയോ, തിരുത്തലോ, സംവാദമോ ശുഷ്‌കമാണ്. ഡോക്ടർ സാക്കിർ നായിക്ക് എന്ന വിവാദമതപ്രഭാഷകനും തഥൈവ. അഥവാ ഇസ്‌ലാമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പരസ്യമായി മറുപടി പറയുന്ന വ്യക്തിയാണ് നായിക്. അദ്ദേഹത്തിനും ഈ ചോദ്യത്തിന് മറുപടിയില്ല! യഥാർത്ഥത്തിൽ പ്രതിവിധി എന്ന് പറയുന്നത് മുസ്‌ലിംകളുടെ ഉന്നത-ആധുനിക വിദ്യാഭ്യാസയോഗ്യതാ പത്രങ്ങളോ പദവികളോ അല്ല; ഇസ്‌ലാം മതപരിഷ്‌കരണം എന്ന അത്യന്താപേക്ഷിതമായ പദ്ധതിതന്നെയാണത്. അസംഖ്യം അവധി തെറ്റിച്ചിരിക്കുന്ന ഒരു വിഷയംകൂടിയാണത്. ഈ ലേഖനത്തിന്റെ പ്രതിപാദനം.

പ്രതിസന്ധികളുടെ പശ്ചാത്തലം

ഇസ്‌ലാമിക ലോകത്തിന്റെ ആന്തരികമായ നിഷ്‌ക്രിയത്വം തുടങ്ങുന്നത് ഏകദേശം 16-ാം നൂറ്റാണ്ടു മുതലാണ്. അബ്ബാസീയ ഭരണകൂടത്തിൽ (എ.ഡി. 749-1258) ഉണ്ടായിരുന്ന വിപുലമായ ശാസ്ത്രീയവും ബൗദ്ധികവും കലാപരവുമായ സാംസ്‌കാരിക പാരമ്പര്യം തകരുന്നത് 13-ാം നൂറ്റാണ്ടിലെ മംഗോളിയൻ കടന്നാക്രമണത്തിലായിരുന്നു. അധികം താമസിയാതെ 15-ാം നൂറ്റാണ്ടിൽ മുസ്‌ലിം ലോകത്തിന്റെ മറ്റൊരു ഉന്നത സാംസ്‌കാരിക മണ്ഡലമായ, പല ബൗദ്ധിക മുന്നേറ്റങ്ങളും സാധ്യമായിരുന്ന അൽ ആന്തലുസിയ (ഐബീരിയൻ ഉപദ്വീപ്-സ്‌പെയിൻ) യൂറോപ്യൻ കാത്തോലിസിസത്തിന്റെ 'റീ കോൺക്വസ്റ്റിൽ' തകർക്കപ്പെടുകയാണ് ഉണ്ടായത്. ഈ വലിയ രണ്ട് രാഷ്ട്രീയ-സാംസ്‌കാരിക വ്യവസ്ഥകളുടെ അധഃപതനത്തിനുശഷം ലോകത്ത് ഉയർന്നുവന്ന അതിവിപുലമായ മുസ്‌ലിം സാമ്രാജ്യങ്ങളായിരുന്നു, ഉസ്മാനിയ (തുർക്കി), മുഗൾ (ഇന്ത്യ), പേർഷ്യൻ (ഇറാൻ) എന്നിവ. മുൻഗാമികളുടെ സാംസ്‌കാരിക ഉൽക്കർഷം അവർക്ക് നേടാനായില്ല. അധികാര പ്രമത്തതയിൽ മാത്രം അവർ വിരാജിക്കുകയായിരുന്നു. ഈ മൂന്നു സാമ്രാജ്യങ്ങളുടെ ഔന്നത്യത്തിന്റെയും ഔദ്ധത്യത്തിന്റെയും കാലഘട്ടത്തിൽതന്നെയാണ് യൂറോപ്പിൽ ജ്ഞാനോദയത്തിന്റെ ആവിർഭാവവും അതിന്റെ വളർച്ചയും വികസനവും സംഭവിക്കുന്നത്. താമസിയാതെ വ്യവസായ വിപ്ലവവും മുതലാളിത്ത വ്യവസ്ഥിതിയും യൂറോപ്പിൽ സംജാതമായി. അതിനോട് അനുബന്ധിച്ച് പാശ്ചാത്യലോകത്ത് രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ മൗലികവും സമഗ്രവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു.


Related Articles