പതിനാലാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിനുശേഷം മറ്റൊരു ഭക്തിപ്രസ്ഥാനം രൂപംകൊള്ളുന്നത് 2018ലാണ്. നമ്മുടെകേരളത്തിനാണ് ആ ഭാഗ്യമുണ്ടായത്. എഴുത്തച്ഛനും തുളസീദാസും മീരയുമൊക്കെ നേതൃത്വം നല്കിയ ഭക്തിപ്രസ്ഥാനം അന്നത്തെ നിലയിൽ സാമൂഹികപരിഷ്ക്കരണപ്രസ്ഥാനമായിരുന്നെങ്കിൽ 2018ലേത് നേരേ എതിർദിശയിൽ ഉള്ളതായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും അശാസ്ത്രീയതകളുമൊക്കെ പുനഃസ്ഥാപിക്കാനുള്ള പ്രസ്ഥാനം.
അതിന്റെ രണ്ടാംതരംഗം 2020 നവംബർ-ഡിസംബർ കാലത്ത് തദ്ദേശഭരണതെരഞ്ഞെടുപ്പിനു മുന്നോടിയായും, മൂന്നാം തരംഗം ഈ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായും ഉയർന്നത് മെല്ലെ അടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ വിഷയം ഇങ്ങനെ കാലാകാലം പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച് തെരഞ്ഞെടുപ്പുകളിൽ ജനകീയവിഷയങ്ങൾ ചർച്ചചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്നത് ഒരു സമൂഹമെന്നനിലയിൽ കേരളത്തിനു ഗുണകരമല്ല. അതിനാൽ, വോട്ടുകൾ പെട്ടിയിലാകുകയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കാത്തിരിപ്പിനു വഴിമാറുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ഇക്കാര്യങ്ങൾ സമചിത്തതയോടെ ചർച്ചചെയ്യുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. തെരഞ്ഞെടുപ്പുകാലത്തു സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികതക്കു പകരം സമചിത്തതയോടെ ചർച്ച സാദ്ധ്യമാകും.
നേർമുത്തശ്ശിക്കാലം
