സഭാചരിത്രത്തിലെ നമ്പൂതിരിക്കഥ

History

സഭാചരിത്രത്തിലെ നമ്പൂതിരിക്കഥ


മഴക്കാലം സുറിയാനി ക്രിസ്ത്യാനികൾക്ക് "തോറാന'പ്പെരുന്നാളിന്റെ കാലംകൂടിയാണ്. ജൂലൈ മൂന്നിനാണ് ദുഖ്‌റാന. ഓർമ്മപ്പെരുന്നാൾ എന്നാണിതിനർഥം. കേരളത്തിൽ ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിച്ച സെന്റ് തോമസ് കേരളത്തിലേക്ക് വന്ന ദിവസം. തങ്ങളുടെ പൂർവ്വപിതാവിന്റെ ഓർമ്മപ്പെരുന്നാളാണത്. "ദുഖ്‌റാന'യാണ് മലയാളീകരിച്ച് "തോറാന'യായത്.

പെരുംമഴയുള്ള കർക്കിടകമാസത്തിലാണ് സുറിയാനി ക്രിസ്ത്യാനികളായ ഞങ്ങളുടെ ക്രിസ്ത്യാനി​ത്വത്തി​ന് കാരണഭൂതനായ യേശുശിഷ്യൻ വി. തോമാശ്ലീഹയുടെ ഓർമ്മപ്പെരുനാൾ എന്നൊക്കെ പിന്നെയും കുറെക്കഴിഞ്ഞാണ് വേദപാഠക്ലാസ്സിൽ പഠിച്ചത്. അതും കഴിഞ്ഞ് കോളേജിലെത്തിയ കാലത്താണ് ബിഷപ്പ് ജോസഫ് കുണ്ടുകുളത്തിന്റെ നേതൃ​ത്വത്തിൽ, ജൂലൈ 3-ന് സർക്കാർ അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി പ്രതിഷേധറാലിയിലും ധർണയിലും ഒക്കെ പങ്കെടുത്തത്. എന്തെന്നാൽ ഞങ്ങൾ സുറിയാ​നി ക്രിസ്ത്യാനികൾക്ക് ഏറ്റവും പ്രധാ​നപ്പെട്ട പെരുന്നാളായി "തോറാന' പെരുന്നാൾ മാറിക്കഴിഞ്ഞിരുന്നു.

"തോറാന' പെരുന്നാൾ വരുന്നതിലെ എന്റെ സന്തോഷം അതൊന്നുമായിരുന്നില്ല, "തോറാനയ്ക്ക് ആറാന ഒലി​ച്ചുവരും.' എന്റെ അപ്പനോട് അപ്പന്റെ അപ്പൻ പറഞ്ഞതാണത്. പക്ഷേ, അപ്പനും അപ്പാപ്പനും ഒഴുകിവന്ന ആനകളെയൊന്നും കണ്ടിട്ടില്ല. അപ്പാ​പ്പന്റെ അപ്പൻ കണ്ടിട്ടുണ്ടാവണം. ഞാൻ ആറാന ഒഴുകി ഒഴുകിവരുന്നതും കാത്ത് ഞങ്ങളുടെ പടിപ്പാലത്തിൽ കുടയും ചൂടി നിൽക്കും. അപ്പൻ പണിത വീട് വാഴാനി കനാ​ലി​നു സമീപമാണ്. കനാൽപുറം കഴി​ഞ്ഞ് കുന്നിലെ മഴവെള്ളം ഒഴുകിപ്പോകാൻ ഒരു വെള്ളച്ചാലുണ്ട്. അതും കഴിഞ്ഞാണ് വീട്. ആഗസ്റ്റ് 15-ന് ഡാം തുറന്ന് വെള്ളം വിട്ടാൽ കനാൽ നിറഞ്ഞ് ഒഴുകും. പിന്നെ ഏകദേശം എട്ടു മാസത്തോളം തേംസ് നദിയുടെ തീരത്തെന്നപോലെയാണ് താമസം. കനാലിലേക്കു ചെരിഞ്ഞിറങ്ങുന്ന ഉയർന്ന മൺകൂനയിലെ പുൽത്തകിടിയിൽ വെയിലാറിയാൽ ഞങ്ങൾ കനാലുംപുറത്തെ കുട്ടികൾ മലർന്നുകിടന്ന് മാമ്പഴപ്പുളി തിന്ന് മുകളിൽ പറക്കുന്ന കാക്കകളെ ദേശാടനപ്പക്ഷികളായി സങ്കല്പിച്ച് കഥകൾ അയവിറക്കും. മുതിർന്നവർ മുതിർന്നവർ കനാലിൽ ചാടി മുങ്ങാം​കുഴിയിടും. വെള്ളത്തിൽ മലർന്നുകിടക്കും. വെള്ളം ചവിട്ടി നടക്കും. അതിനൊന്നും കഴിയാത്തവർ വെള്ള​ത്തിൽ കാലിട്ട് കരയിലിരിക്കും. വെള്ളം ഇഷ്ടമില്ലാത്ത മറ്റുചിലർ തങ്ങൾക്കിഷ്ടപ്പെട്ട കളികളിൽ ഏർപ്പെടും. വട്ടുകളി, ചൊട്ടകളി, കവിടികളി അങ്ങനെ. ഇപ്രകാരം ഉല്ലാസഭരിതവും ഭാവനാസമ്പന്നവുമായിരുന്നു കുട്ടിക്കാലം.


Related Articles