കോളനിവത്ക്കരണം  തിരുത്തിക്കുറിച്ച  നാഗ സങ്കൽപ്പങ്ങൾ

History

കോളനിവത്ക്കരണം തിരുത്തിക്കുറിച്ച നാഗ സങ്കൽപ്പങ്ങൾ


''കൊച്ചി രാജ്യത്തു മൂർഖൻ പാമ്പിനെ കുടുംബ ദൈവമായി കരുതിപ്പോന്നിരുന്ന ഒരു കുടുംബത്തിലെ പത്തു വയസുള്ള ഒരു പെൺകുട്ടിയെ പാമ്പു കടിച്ചു. അവിടെ യാദൃച്ഛികമായി എത്തിയ ഡോക്ടർ ഡോറൻ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ പെൺകുട്ടി അന്ത്യശ്വാസം വലിക്കുകയും മരിക്കുകയും ചെയ്തത് കണ്ട് ഡോക്ടർ ചോദിച്ചു: 'ആ പാമ്പിനെ മുൻപേ തല്ലികൊല്ലുകയായിരുന്നേൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ'. അപ്പോൾ ആ പെൺകുട്ടിയുടെ അമ്മയുടെ മുഖത്തുകണ്ട ഭാവം തനിക്കൊരിക്കലും വിസ്മരിക്കാനാവില്ലെന്നദ്ദേഹം പറയുന്നു. നടുക്കത്തോടെ അവർ പറഞ്ഞു, ആ മൂർഖനെ ഞങ്ങൾ കൊന്നിരുന്നുവെങ്കിൽ ഈ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും അതേപോലെ മരിക്കേണ്ടി വരുമായിരുന്നു (Samuel Mateer, 1883). "

പാമ്പ് ഒരു സഹജീവി എന്നതിലപ്പുറം മലയാളികൾക്ക് വൈകാരികവും ആത്മീയവുമായൊരു വികാരമായിരുന്നു എന്നതിന്റെ സൂചകമാണ് മുകളിലെ പരാമർശം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ നാഗാരാധനയേയും അതിന്റെ ആവാസയിടമെന്ന നിലയിൽ കാവുകളെയും കേന്ദ്രമാക്കിയുള്ള എഴുത്തുകൾ ജനപ്രിയ മേഖലയിൽ സജീവമാണ്. നിരവധി സ്രോതസുകളാൽ സമ്പന്നമായ ഈ മേഖല പുത്തൻ സാമൂഹ്യശാസ്ത്ര വിശകലനങ്ങൾക്കായി കാത്തിരിക്കുന്ന ഒന്നാണ്. വിദേശ സഞ്ചാരികളുടെ രചനകൾ, കൊളോണിയൽ മിഷനറി - അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ടുകൾ, കൊളോണിയൽ ബൊട്ടാണിക്കൽ ജേണലുകൾ, സ്റ്റേറ്റ് മാനുവലുകൾ, കേരളത്തിലെ കാവുകളുമായും നാഗവുമായും ബന്ധപ്പെട്ട വാമൊഴി, നാടോടി പാരമ്പര്യങ്ങൾ എന്നിങ്ങനെ നിരവധി ഉപാദാനങ്ങൾ ഈ മേഖലയിലെ ഗവേഷണത്തെ സഹായിക്കുന്നതാണ്. സാമൂഹികശാസ്ത്ര ഗവേഷകർ കാവുകളെയും നാഗങ്ങളെയും മുൻനിർത്തി സാംസ്‌കാരികത, മതം, വിശ്വാസം, സമൂഹം തുടങ്ങിയവയെക്കുറിച്ച് പഠിക്കുമ്പോൾ, മറുവശത്ത് പരിസ്ഥിതി ശാസ്ത്രജ്ഞർ അതിന്റെ ശാസ്ത്രീയ വശങ്ങളെയും ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് പഠിക്കുന്നു. അതായത് ഒരേസമയം തന്നെ ശാസ്ത്ര -സാമൂഹ്യശാസ്ത്ര ഗവേഷകർ അന്വേഷണം നടത്തുന്ന മേഖലയാണിത്. കോളനികാല നരവംശശാസ്ത്രജ്ഞരിൽ നിന്നാണ് ഈ പഠന മേഖല ആരംഭിക്കുന്നത്.

ജെയിംസ് ഫെർഗൂസന്റെ 'Trees and serpent worship in India' (1873) എന്ന നരവംശശാസ്ത്ര പഠനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആര്യന്മാരും ദ്രാവിഡരും സർപ്പാരാധകരായിരുന്നില്ലെന്ന് ഫെർഗൂസൻ വ്യക്തമായി പ്രഖ്യാപിക്കുന്നു. ജെ. പി. എച്ച്. വോഗലിന്റെ Indian serpent lore (1972) എന്ന രചനയാകട്ടെ ഇന്ത്യൻ സംസ്‌കാരത്തിൽ, ഹിന്ദുപാരമ്പര്യങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ സർപ്പാരാധനയെക്കുറിച്ച് എങ്ങനെ പ്രതിപാദിക്കുന്നു എന്നത് വിവരിക്കുന്നു. സി. അച്യുത മേനോന്റെ 'കേരളത്തിലെ കാളി സേവ'യും (1959) (പരിഭാഷ), ഇ. ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ' (1995) എന്ന രചനയും കേരളത്തിലെ കാവ് സങ്കൽപ്പത്തിന്റെ ചരിത്രവും സാമൂഹിക തലവും കൈകാര്യംചെയ്യുന്ന ശ്രദ്ധേയമായ രചനകളാണ്. എന്നാൽ ഇവ നാഗാരാധനയെ കൂടുതലായി പറയാൻ ശ്രമിച്ചിട്ടില്ലെങ്കിലും കാവ് എന്ന സാമൂഹ്യവ്യവസ്ഥിതിയെ കൂടുതൽ അടുത്തറിയാൻ സഹായകമാണ് ഈ ഗവേഷണ കൃതികൾ. സാമ്പത്തിക- നരവംശശാസ്ത്രത്തിന്റെ പിൻബലത്താൽ മലയാളികൾക്കിടയിൽ പാമ്പെന്ന ജീവി, കേവലം ഇന്ദ്രിയഗോചരമായ അസ്തിത്വത്തിന് അതീതമായ, വ്യത്യസ്ത ജാതിവിഭാഗങ്ങൾക്ക് തനതുരീതികളിൽ സ്വംശീകരിക്കാവുന്ന ഒരു സംജ്ഞയായി രൂപാന്തരപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന ഡോ. എസ്. രാജുവിന്റെ (Narratives,Signs and Social Order: Nagam and the People of Keralam, 1991) പഠനമാണ് ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണം. സർപ്പം എന്ന സങ്കല്പ്പം എങ്ങനെയല്ലാമാണ് മലയാളികളുടെ ഭാവന ലോകത്ത് കാണപ്പെട്ടത് എന്ന് അന്വേഷിക്കുന്ന ഈ പഠനത്തിൽ ബ്രിട്ടീഷ് കൊളോണിയൽക്കാലത്ത് നാഗസങ്കൽപ്പത്തിനുണ്ടായ മാറ്റങ്ങളെയും, കൊളോണിയൽഭരണകൂട അധിനിവേശത്തിന്റെ പുത്തൻ നിയമങ്ങളെയും കാര്യമായി പരിഗണിക്കുന്നില്ല. കുട്ടനാട്ടിലെ കാവുകളെയും ആരാധനയെയും ജാതിസമ്പ്രദായത്തെയും കുറിച്ച് പഠിച്ച യസുഷി ഉഹിയാമദയുടെ പഠനം (Sacred grove (Kaav) Ancestral land of landless agricultural labours in Kerala, India) 1995ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ സമർപ്പിച്ച പ്രബന്ധമാണ്. ആലപ്പുഴയിൽ നടത്തിയ തന്റെ എത്‌നോഗ്രാഫിക്കൽ ഫീൽഡ് വർക്കിലൂടെ മണ്ണാറശാലയും അവിടത്തെ നാഗാരാധനയും ദളിത് കാവുകളും സർപ്പങ്ങളെയുമെല്ലാമാണ് അദ്ദേഹം ഗവേഷണ വിധേയമാക്കിയത്. കാവുകളിലെ ആരാധനയും മനുഷ്യനും തമ്മിലുള്ള വംശീയ വൈകാരികതയെയും തൊട്ടുകൂടായ്മയെയും ബന്ധിച്ചുകൊണ്ടു കാവുകളുടെ ഘടനയും സ്വഭാവവും തുടങ്ങി പ്രാകൃതആചാരങ്ങളുടെ ജനകിയ മാനസിക തലങ്ങൾ കൈകാര്യം ചെയ്യുന്ന പഠനമാണത്.


Related Articles