പത്രറിപ്പോർട്ടർ കെ.മാർക്‌സ്

History

പത്രറിപ്പോർട്ടർ കെ.മാർക്‌സ്


കാൾ മാർക്‌സ് എന്ന പത്രപ്രവർത്തകനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു തമാശയുണ്ട്--തമാശയോ, കാര്യമോ എന്നുറപ്പില്ല, പത്രപ്രസാധകരുടെ ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു: ''നിങ്ങൾക്ക് ഓർമയുണ്ടാവും, 1851 ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രൈബ്യൂൺ അവരുടെ ലണ്ടൻ ലേഖകനായി കാൾ മാർക്‌സിനെ നിയമിച്ചു. രോഗികളും പട്ടിണിക്കാരുമായ കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം തന്റെ ലേഖനങ്ങൾക്ക് അഞ്ചു പൗണ്ട് കൂടുതൽ പ്രതിഫലം നൽകാൻ മാനേജിങ് എഡിറ്റർ ചാൾസ് ഡാനയോട് കേണപേക്ഷിച്ചു. അത് അനുവദിക്കാത്തതുകൊണ്ടാണ് മാർക്‌സ് ട്രൈബ്യൂണുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരു വഴിക്കു തിരിഞ്ഞ് കമ്യൂണിസത്തിന്റെ വിത്ത് പാകിയത്. ന്യൂയോർക്ക് പത്രം മാർക്‌സിനോട് അല്പംകൂടി കരുണ കാട്ടിയിരുന്നെങ്കിൽ അദ്ദേഹം വിദേശലേഖകനായി തുടരുമായിരുന്നില്ലേ, ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ?'' കാൾ മാർക്‌സ് ഈ വാദം അംഗീകരിക്കില്ല, മാർക്‌സിസം അറിയുന്നവരാരും അംഗീകരിക്കില്ല. കാൾ മാർക്‌സ് ഇല്ലായിരുന്നെങ്കിലും, ചരിത്രം അതിന്റെ അനിവാര്യമായ ഗതിയിലൂടെത്തന്നെ സഞ്ചരിക്കും എന്നാണല്ലോ മാർക്‌സിസം പറയുന്നത്.

എന്തായാലും, പ്രത്യയശാസ്ത്രത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനുമുമ്പ് കാൾ മാർക്‌സ് പത്രപ്രവർത്തകനായിരുന്നു. മാർക്‌സിന്റെ പത്രബന്ധം അവസാനിപ്പിക്കുന്നതിന് കാരണക്കാരനായ ട്രൈബ്യൂൺ മാനേജിങ് എഡിറ്റർ ചാൾസ് ഡാന തന്നെയാണ് മാർക്‌സിന്റെ ട്രൈബ്യൂൺ പത്രപ്രവർത്തന അധ്യായത്തിനും കാരണക്കാരനായത്. 1848 ൽ, ആയിടെ മാത്രം ന്യൂയോർക്ക് ട്രൈബ്യൂണിൽ ചേർന്ന ചാൾസ് ഡാനയെ, അപ്പോൾ യൂറോപ്പിൽ നടമാടിയിരുന്ന വിപ്ലവങ്ങൾ റിപ്പോർട്ട് ചെയ്യാൻ എട്ട് മാസത്തെ പര്യടനത്തിന് സ്ഥാപനം നിയോഗിക്കുകയുണ്ടായി. നന്നായി ജർമൻ സംസാരിച്ചിരുന്ന ഡാന ജർമൻ വിപ്ലവകവി ഫെർഡിനാൻഡ് ഫ്രെല്ലിഗ്രാത്തിനെ പരിചയപ്പെടുന്നു. അദ്ദേഹമാകട്ടെ ഡാനയെ മറ്റൊരു ജർമൻകാരന് പരിചയപ്പെടുത്തിക്കൊടുത്തു. കാൾ മാർക്‌സ്--അദ്ദേഹത്തിന് അന്ന് വയസ്സ് മുപ്പത്. മാർക്‌സ് അപ്പോഴേക്കും ഒരു തത്ത്വചിന്തകൻ എന്ന നിലയിൽ അറിയപ്പെട്ടുതുടങ്ങിയിരുന്നു, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു.

ഈ പരിചയത്തിന്റെ ബലത്തിലാണ് പിന്നീട് ഒരിക്കൽ ഡാന മാർക്‌സിനോട്, ജർമനിയിലെ വിപ്ലവത്തെ തുടർന്നുള്ള സാഹചര്യത്തെക്കുറിച്ച് ഒരു ലേഖന പരമ്പര എഴുതിത്തരാൻ ആവശ്യപ്പെടുന്നത്. അമേരിക്കൻ-ക്രൈസ്തവ ചുവ ഉണ്ടായിരുന്നുവെങ്കിലും ട്രൈബ്യൂൺ പുരോഗമനസ്വഭാവമുള്ള ഒരു പത്രമായിരുന്നു. രണ്ടു ലക്ഷം വായനക്കാരുള്ള ട്രൈബ്യൂൺ അന്ന് ലോകത്തിലെത്തന്നെ ഏറെ ശ്രദ്ധേയമായ പത്രമായിരുന്നു. ആ പത്രത്തിൽ എഴുതുമ്പോൾ തനിക്ക് കിട്ടുന്ന വലിയ വായനാസമൂഹത്തെ മാർക്‌സിന് അവഗണിക്കാൻ പറ്റുമായിരുന്നില്ല. പോരാത്തതിന് ഒരു സ്ഥിരം വരുമാനവും. അങ്ങനെയാണ് കാൾ മാർക്‌സ് എന്ന എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് ആചാര്യൻ പത്രലേഖകനായത്. വേണമെങ്കിൽ 'ബൂർഷ്വാപത്രത്തിന്റെ പേനയുന്തുകാരൻ' എന്നും വിളിക്കാം! ഏംഗൽസ് ഇവിടെയും അദ്ദേഹത്തിന് സഹായിയായി ഉണ്ടായിരുന്നു. പല റിപ്പോർട്ടുകളും മാർക്‌സിനുവേണ്ടി കരട് എഴുതിയത് ഏംഗൽസായിരുന്നു. ഈ അമേരിക്കൻ പത്രവുമായുള്ള ബന്ധം പത്തു വർഷത്തോളം തുടർന്നു. മാർക്‌സ് സ്ഥിരംവരുമാനമുള്ള ഒരു തൊഴിൽ വഹിച്ചത് ഈ ഒരു ദശാബ്ദക്കാലം മാത്രമായിരുന്നു എന്നും പറയാം.


Related Articles