കേരളത്തിൽ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാൽ നാം പലപ്പോഴും ചർച്ചചെയ്യുന്നതുമായ മുല്ലപ്പെരിയാർ പാട്ടക്കരാർ 1886 ഒക്‌ടോബർ 29-നാണ് നിലവിൽ വന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജാവ് തിരുവിതാംകൂറിന്റെ പെരിയാർ നദിയിലെ വെള്ളം ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രോവിൻസിന് നല്കാൻ തയ്യാറായത്. കരാർ ഒപ്പുവച്ച കാലം മുതൽ തർക്കങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടുകൂടി കരാറിന്റെ പിൻതുടർച്ചക്കാർ കേരളവും തമിഴ്‌നാടുമായി. 1947-ലെ ഇൻഡിപെന്റൻസ് ആക്ട് അനുസരിച്ച് റദ്ദായ കരാർ 1952 - ൽ തമിഴ്‌നാട് സുപ്രീംകോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു.
ഈ കരാർ 1970-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരുപാധികം പുതുക്കി നൽകി. തൊള്ളായിരത്തിതൊണ്ണൂറ്റിയൊൻപത് വർഷത്തെ ദീർഘകാല കരാർ കാലാവധിപോലും അച്യുതമേനോൻ തയ്യാറായില്ല. കരാർ ലംഘിച്ച് അനധികൃതമായി തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അവകാശംപോലും കേരളത്തിനുവേണ്ടി വാങ്ങിയില്ല. സർ സി.പി. രാമസ്വാമി അയ്യർ 1942 -ൽ ബ്രിട്ടീഷ് കോടതിയിൽ നിന്ന്, വൈദ്യുതി ഉത്പാദനം കരാറിന്റെ ലംഘനമാണ് എന്നു പറഞ്ഞ് വിധി സമ്പാദിച്ചിരുന്നു. സർ സി.പിയുടെ അത്രപോലും കേരളത്തിന് വേണ്ടി വാദിക്കാൻ അച്യുതമേനോൻ തയ്യാറായില്ല. ഈ കരാറിൽനിന്ന് കേരളം ഒന്നും പഠിച്ചില്ലെന്നുമാത്രമല്ല, 1956-നുശേഷം എട്ട് ഡാമുകൾകൂടി കേരളത്തിന്റെ മണ്ണിൽ കെട്ടി തമിഴ്‌നാടിന് വെളളം കൊടുത്തുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാർ വിഷയത്തിലെ രാഷ്ട്രീയവും അതിനു പിന്നിലെ സങ്കുചിത താത്പര്യങ്ങളും കരാറിൽ കേരളത്തിന് വിഘാതമായി നിൽക്കുന്ന കാര്യങ്ങളും അവതരിപ്പിക്കുന്ന ഡാം 999+999, 'മുല്ലപ്പെരിയാർ പ്രശ്‌നങ്ങളും പരിഹാരവും' എന്ന ടൈറ്റിലിൽ ഈ ലേഖകൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗമാണ് ഇവിടെ കൊടുക്കുന്നത്.
