ഊരാളിജീവിതവും സംസ്‌കാരവും

History

ഊരാളിജീവിതവും സംസ്‌കാരവും


കേരളത്തിലെ മുഖ്യധാരാ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽനിന്നും അരികുവത്കരിക്കപ്പെട്ടുപോയ ജനസമൂഹത്തിന്റെ ജീവിതങ്ങൾ വർത്തമാനകാലത്ത് സവിശേഷമായി മലയാള സാഹിത്യരചനകളിൽ കടന്നുവരുന്നുണ്ട്. ദലിത്ആദിവാസി ഗോത്രജനതയുടെ സംസ്‌കാരിക പലമകളും ജീവിതങ്ങളും മുഖ്യധാരാ വൈജ്ഞാനികതയുമൊക്കെ വർത്തമാന സാഹിത്യത്തിന്റെ താത്പര്യവിഷയങ്ങളാണ്. അടുത്തകാലത്തായി കേരളത്തിലെ വ്യത്യസ്ത ഗോത്രജനതയുടെ ജീവിതങ്ങൾ, സംസ്‌കാരം, കലകൾ, ഭാഷ, വിശ്വാസങ്ങൾ, ആചാരങ്ങൾ, ആവിഷ്‌കാരങ്ങൾ, പാട്ടുകൾ, കഥകൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നിവയെല്ലാം സംസ്‌കാരിക പഠനമേഖലയുടെയും സാഹിത്യത്തിന്റെയും (tribal literature) പരിധിയിൽ സവിശേഷമായി ഉൾപ്പെടുന്നുമുണ്ട്. ഫോക്‌ലോർ പഠനമേഖലയിൽതന്നെ tribal folklore എന്ന പഠനശാഖയും ഇതിനോടകം വികസിച്ചുവന്നിട്ടുണ്ട്. വ്യത്യസ്ത ഗോത്രജനവിഭാഗങ്ങളേക്കുറിച്ചുള്ള സമഗ്രമായ ജ്ഞാനാവബോധങ്ങൾ ഇതിലൂടെ സാധ്യമാകുന്നു.

കേരളത്തിൽതന്നെ മുപ്പത്തിയാറോളം ഗോത്രവിഭാഗങ്ങളാണ് നിലവിൽ ഉള്ളത്. 2002-ലെ സർക്കാർ ലിസ്റ്റ് പ്രകാരം മുപ്പത്തിയാറ് ഗോത്രവർഗങ്ങളെയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സമ്പന്നമായ ഒരു വാമൊഴിപാരമ്പര്യം ഓരോ ഗോത്രവിഭാഗത്തിനും അവകാശപ്പെടാനുണ്ട്. തനതായ സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും ഇവർ പിന്തുടരുന്നു. ലെവിസ് ഹെൻറി മോർഗന്റെ Systems of Consanguintiy and Affinity of the Human Family (1871) എന്ന ഗ്രന്ഥത്തിൽ ഓരോ ഗോത്രജനതയും ഒരു പൊതുനാമവും പ്രത്യേക ഭാഷാഭേദവും ഒരു ഉന്നതസമിതിയും കൈയ്യടക്കി സൂക്ഷിച്ചു പോരുന്ന സ്വന്തമായൊരു ഭൂപ്രദേശം കൊണ്ട് തനിമ നേടിയതായിരിക്കും എന്നു വിശദീകരിക്കുന്നുണ്ട്.

കേരളത്തിൽ വനമേഖലയിലാണല്ലോ ബഹുഭൂരിപക്ഷം ഗോത്രവിഭാഗങ്ങളും ജീവിക്കുന്നത്. ഇവരുടെ സാംസ്‌കാരിക ജീവിതങ്ങളെ ആവിഷ്‌കരിക്കുവാനുള്ള സവിശേഷമായ സാഹിത്യശ്രമങ്ങൾ എഴുപതുകളോടെയാണ് ആരംഭിക്കുന്നത് എന്ന് മലയാള നോവൽസാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കാണുവാൻ സാധിക്കും. വയനാട്ടിലെ അടിയരുടെ ജീവിതം പറയുന്ന പി.വത്സലയുടെ 'നെല്ല്' (1972), അട്ടപ്പാടിയിലെ മുഡുഗരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന മലയാറ്റൂരിന്റെ 'പൊന്നി' (1967), വയനാട്ടിലെ പണിയരുടെ ചൂഷണജീവിതങ്ങളെ വരച്ചിടുന്ന കെ.ജെ. ബേബിയുടെ 'മാവേലിമൻറം' (1991), ടി.സി. ജോണിന്റെ പണിയരുടെ ജീവിതം ആവിഷ്‌കരിക്കുന്ന 'ഉറാട്ടി', നായ്ക്കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന 'തേക്ക്' തുടങ്ങിയ നോവലുകൾ അവയിൽ ചിലതാണ്.


Related Articles