ഏത് മനുഷ്യവർഗ്ഗമാണ് ശവശരീരങ്ങളെ ആദ്യമായി അടക്കം ചെയ്തത്? മനുഷ്യൻ പാറകളിൽ ചിത്രങ്ങൾ കോറി വരച്ചുതുടങ്ങിയത് എന്നു മുതലായിരിക്കും? ബുദ്ധിയും തലച്ചോറിന്റെ വലിപ്പവും തമ്മിൽ ബന്ധമുണ്ടോ? ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽവെച്ച് റൈസിങ് സ്റ്റാർ ഗുഹയിലെ ഹോമോ നലേഡിയെന്ന പ്രൈമേറ്റിന്റെ കൂടുതൽ സവിശേഷതകളെപ്പറ്റി വിശദീകരിക്കുമ്പോൾ ലീ ബെർഗർ എന്ന പാലിയോ ആന്ത്രപ്പോളജിസ്റ്റിന്റെ കണ്ണുകളിലുണ്ടായിരുന്ന ആത്മവിശ്വാസം വരും ദശകങ്ങളിൽ നരവംശ ശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും പ്രതിഫലിക്കാൻ പര്യാപ്തമാകും എന്നതിൽ സംശയമൊട്ടുമില്ല. bioRxivയിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളെ ക്കുറിച്ച് സംസാരിക്കവെ ഈ കണ്ടെത്തലുകൾ ഹോമോ സാപിയൻസ് സാപിയൻസിന്റെ ബുദ്ധിസവിശേഷതാധാരണകളെ പൊളിച്ചെഴുതാൻ പര്യാപ്തമാണെന്നും വരുംദശകങ്ങളിലെ തുടർപഠനങ്ങൾ അവ തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.
ഏതാനും വർഷങ്ങളായി ലീ ബെർഗറും കൂട്ടരും ദക്ഷിണാഫ്രിക്കയിലെ ബ്ലൗബാങ്ക് നദീ താഴ്വരയിലെ റൈസിങ് സ്റ്റാർ ഗുഹയിൽനിന്ന് "പുറത്തുവരുന്നത്' അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളുമായാണ്. ഇവിടെനിന്നും ലഭിച്ച ഏകദേശം 15 അസ്ഥികൂടങ്ങളുടേതെന്നു കരുതുന്ന 1550 ഓളം വരുന്ന എല്ലിൻ കഷണങ്ങളും 137 പല്ലുകളും മുൻപൊന്നും തിരിച്ചറിയാത്ത പുതിയ ഒരു സ്പീഷിസിന്റേതാണെന്ന് ആദ്യം പറഞ്ഞപ്പോൾ ശാസ്ത്രലോകത്തിനത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കൂടുതൽ താമസിയാതെതന്നെ ശരാശരി 143.6 സെ.മി ഉയരവും 39.6 കിഗ്രാം ഭാരവും 465-610 സെന്റീമീറ്റർ ക്യൂബ് ക്രാനിയൽ കപ്പാസിറ്റിയോടും കൂടിയ, ഒരു പുതിയ സ്പീഷീസ് എന്ന ഈ കണ്ടെത്തൽ അംഗീകരിക്കപ്പെട്ടു. ഹോമോ നലേഡി എന്ന പേര് ഈ സ്പീഷീസിന് നൽകുകയും ചെയ്തു. ‘സോതോ’ ഭാഷയിൽ നലേഡി എന്ന വാക്കിനർത്ഥം നക്ഷത്രം എന്നാണ്. ശാസ്ത്രീയ കാലഗണന 335000 മുതൽ 241000 മുൻപെന്ന പഴക്കം ഈ മനുഷ്യ അസ്ഥികൾക്കും പല്ലുകൾക്കും നൽകിയപ്പോൾ (bioRRxiv preprint doi: https://doi.org/10.1101/2023.06.01543133) ആധുനിക മനുഷ്യൻ എന്ന് വിളിക്കുന്ന ഹോമോ സാപിയൻസ് സാപിയൻസുമായി ഈ മനുഷ്യൻ സന്ധിച്ചിരിക്കാം എന്ന ബെർഗറിന്റെ അഭിപ്രായവും മുഖവിലയ്ക്കെടുക്കേണ്ടിവന്നു.
ബെർഗറിന്റെ അടുത്ത സുപ്രധാന വെളിപ്പെടുത്തൽ വരുന്നത് 2022 ഡിസംബറിലാണ്. ഹോമോ നലേഡിക്ക് തീയിന്റെ നിയന്ത്രണം സാധ്യമായിരുന്നു എന്നും പരിശോധനാഫലത്തിൽ ഇതിന്റെ സ്ഥിരീകരണം ലഭിച്ചെന്നും അന്ന് പറഞ്ഞു. 2023 ജൂണിൽ കൂടുതൽ പുതിയ വിവരങ്ങളുമായാണ് അദ്ദേഹം മാധ്യമലോകത്തേയും ഗവേഷക വിദ്യാർത്ഥികളേയും കണ്ടത്. ശവസംസ്കാരരീതി നലേഡിക്ക് വശമുണ്ടായിരുന്നു എന്ന് സ്ഥിരീകരണം നൽകിയപ്പോൾ അക്ഷരാർത്ഥത്തിൽ ശാസ്ത്രലോകം ഞെട്ടുന്നതും കണ്ടു. നലേഡിക്ക് വരയ്ക്കാൻകൂടി അറിയുമെന്ന് ബെർഗർ പറഞ്ഞുവെക്കുമ്പോൾ ബുദ്ധിവികാസ ധാരണകളെ പൊളിച്ചെഴുതേണ്ടിവരുമോ എന്നതാണ് പരിശോധിക്കപ്പെടേണ്ടി വരിക.
