തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ കാലത്ത് പത്മനാഭസ്വാമി ക്ഷേത്രം പുനർനിർമ്മിക്കുന്നതിനായി സാധനസാമഗ്രികൾ കൊണ്ടുവരാൻ റോഡുകളില്ലാത്തതിനാൽ ജലമാർഗമാണ് കൈക്കൊണ്ടത്. പില്ക്കാലത്താണ് തെക്കൻ തിരുവിതാംകൂറിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കാൻ കരമനയാറ്റിലും കിള്ളിയാറ്റിലും തടിപ്പാലങ്ങൾ നിർമ്മിച്ചു. മാർത്താണ്ഡവർമ്മയുടെ കാലത്തുതന്നെ കൊല്ലത്തെയും കായംകുളത്തെയും ബന്ധിപ്പിച്ചുകൊണ്ട് ചവറ-പന്മന വഴിയൊരു ജലപാത വികസിപ്പിക്കുവാനും ഒപ്പം കാർത്തികപ്പള്ളി പുഴയെ കായംകുളം കായലുമായി ബന്ധിപ്പിച്ചുകൊണ്ട് യാത്രാസൗകര്യം മെച്ചപ്പെടുത്തുവാനും ആഗ്രഹിച്ചു. മാർത്താണ്ഡവർമ്മയുടെ കാലത്തുതന്നെ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്നതിന് ഒരു തോട് വെട്ടുന്നതിനുള്ള സർവേ നടന്നു. 1747-ൽ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടുള്ള ജലഗതാഗതം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വേളി മുതൽ ആലുക്കാട്ടു വഴി ചെന്നേലിക്കൽ പ്രദേശംവരെയുള്ള കനാൽ വെട്ടുന്നതിനായി പുരന്തിരൻശില്പി ആശാരി, സർവാങ്കം ആശാരി മുതലായ വിദഗ്ധരെ ഏർപ്പെടുത്തി. തുടർന്ന് ആ പദ്ധതി മന്ദീഭവിച്ചു.
