ഇന്നലെയല്ല ചരിത്രം  ഇന്നാണ്‌

History

ഇന്നലെയല്ല ചരിത്രം ഇന്നാണ്‌


യുവഗൃഹസ്ഥന്മാർ 'ബാലേ വരിക' ചൊല്ലിയാടാനാണ് ഭാവമെങ്കിൽ അവരിൽനിന്ന് ഇതേവരെ സമുദായം പ്രതീക്ഷിച്ചതെല്ലാം അസ്ഥാനത്തായി എന്നാണ് അർത്ഥം എന്ന് സാമുദായികപ്രവർത്തനങ്ങളിൽ നിന്നുള്ള അവരുടെ പിന്മാറ്റത്തെ പണ്ട് അച്ഛൻ (വി.ടി. ഭട്ടതിരിപ്പാട്) വിമർശിച്ചിട്ടുണ്ട് (യോഗക്ഷേമം, 1935 ജൂലൈ 11). വെള്ളം എത്രയോ ഒഴുകിപ്പോയതിനുശേഷം തടസ്സങ്ങൾ നീങ്ങി. വിദ്യാഭ്യാസം സാർവത്രികമായപ്പോൾ ഇഷ്ടപ്പെട്ട ജോലിയും സ്വാതന്ത്ര്യവും നേടിയെടുത്ത് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ഉന്നതജീവിതം പുലർത്താൻ സാധിച്ച പുതിയ തലമുറയിലെ മിടുക്കർ ജന്മധന്യതയോടെ ഇന്നു മൂളുന്നതും അതുതന്നെ: ''അഹം പത്‌നീച വർദ്ധയ വർദ്ധയ'' ഞാനും എന്റെ കെട്ട്യോളും സമ്പാദിച്ചുകൂട്ടട്ടെ എന്ന്!

വിയർക്കാതെ മൃഷ്ടാന്നഭോജനം ചെലുത്തി മറ്റുള്ളവരേക്കാൾ മേലെയാണ് എന്നു ഭാവിച്ച മുതുമുത്തച്ഛന്മാരുടെ പരാക്രമങ്ങളുടെ ആപദ്ഫലങ്ങൾ അനുഭവിച്ചവരുടെ പിൻഗാമികൾ ഉണർന്നാൽ ഉറങ്ങുന്നതുവരെ ഇപ്പോൾ ആസ്വദിക്കുന്ന ജീവിതസൗകര്യങ്ങൾ യന്ത്രകൃതമാണ്, പക്ഷേ അവർ അതു സമ്മതിക്കില്ല. സ്വന്തം കേമത്തം കൊണ്ട് ഉണ്ടായത് എന്നേ പറയൂ.

ആരാന്റെയമ്മയ്ക്കു ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം. നാം ജീവിക്കുന്നുണ്ടോ എന്നുതന്നെ ചിലപ്പോൾ സംശയിക്കണം. ജന്തുശാസ്ത്രജ്ഞന്മാർ പറയുന്ന അർത്ഥത്തിൽ മാത്രമായി നമുക്ക് നമ്മുടെ ജീവിതം. കാലത്തിന്റെ ചലനങ്ങൾ ഉൾക്കൊള്ളാതിരിക്കുന്നേടത്തോളം ഒരാൾ ആ യുഗത്തിൽ ജീവിച്ചു എന്ന പറയാനാവില്ല.


Related Articles