ഇന്ദിരാ ഗാന്ധിയും പുത്രന്‍ സഞ്ജയ് ഗാന്ധിയും അവരുടെ വിശ്വസ്തരായ കൊട്ടാരംസേവകരുമടങ്ങുന്ന ഒരു സംഘത്തിനായിരുന്നു വ്യക്തിപരമായ നിലയില്‍ അടിയന്തരാവസ്ഥയുെടെ പൂര്‍ണ്ണ ഉത്തരവാദിത്വം. പിഎന്‍ ഹക്‌സര്‍, പിഎന്‍ ധര്‍ തുടങ്ങിയ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കവലച്ചട്ടമ്പികള്‍വെരയുള്ള വിശ്വസ്തരായ ആജ്ഞാനുവര്‍ത്തികളുടെ ഒരു ശൃംഖല ശ്രീമതി ഗാന്ധിക്കും സഞ്ജയ്ക്കും അതിനകംതന്നെ സ്വായത്തമായിരുന്നു. ശ്രീമതി ഗാന്ധിയോടും കുടുംബത്തോടും വ്യക്തിപരമായ വിധേയത്വം പുലര്‍ത്തുന്ന ഒന്നായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പരിവര്‍ത്തനപ്പെടുന്ന, 1969ലെ പിളര്‍പ്പില്‍ തുടങ്ങിയ പ്രകിയ, അടിയന്തരാവസ്ഥയോടെ അതിന്റെ പൂര്‍ണ്ണതയിലെത്തി.
'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ'യെന്ന അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ബറൂവയുടെ കുപ്രസിദ്ധമായ ആപ്തവാക്യം ഒരു കൊട്ടാരം ശേവുകക്കാരന്റെ അമിതോത്സാഹം മാത്രമായിരുന്നില്ല. അതുവരെ പരിചിതമായിരുന്ന അധികാരരാഷ്ട്രീയത്തിന്റെ വാസ്തുഘടനയുടെ അലകും പിടിയും മാറുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ബറൂവയുടെ ഉദീരണം. കോണ്‍ഗ്രസ്സിലെ ഈ പട്ടേലർ-തൊമ്മി ബന്ധത്തിനേക്കാള്‍ പരിതാപകരമായിരുന്നു യൂത്ത്‌കോണ്‍ഗ്രസ്സിന്റെ സ്ഥിതി.
സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തരായ സേവകവൃന്ദത്തിന്റെ കാർമികത്വത്തിൽ നേതാവിനോടു പൂർണ്ണ വിധേയത്വം പുലർത്തുന്ന ഒരു തരം ക്രിമിനൽ ഗാങ്ഗസ്റ്ററിസം (തെമ്മാടിക്കൂട്ടം) മാത്രമായി യൂത്ത് കോൺഗ്രസ്സിന്റെ രാഷ്ട്രീയപ്രവർത്തനം പരിണമിച്ചു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു അടിയന്തരാവസ്ഥ. ശ്രീമതി ഗാന്ധിയുടെ ഭാഗത്തുനിന്നും പ്രതിപക്ഷം അത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇറ്റാലിയൻ പത്രപ്രവർത്തകയായ ഒരിയാന ഫല്ലാച്ചിയുമായി നടത്തിയ അഭിമുഖത്തിൽ പോലീസിന്റെയും പട്ടാളത്തിന്റെയും സഹായത്തോടെ അധികാരത്തിൽ തുടരാൻ ശ്രീമതി ഗാന്ധി തയ്യാറാവില്ലെന്ന് മൊറാർജി ദേശായി ആത്മാർത്ഥമായും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അത്തരത്തിലുള്ള കണക്കു കൂട്ടലുകളെ മുഴുവൻ തകിടം മറിക്കുന്നതായിരുന്നു ശ്രീമതി ഗാന്ധിയുടെ തീരുമാനം എന്ന കാര്യം ജൂൺ 26-ഓടെ വ്യക്തമായി.
