കൊള്ളയടിയുടെ ബ്രിട്ടിഷ് ചരിത്രം

History

കൊള്ളയടിയുടെ ബ്രിട്ടിഷ് ചരിത്രം


ന്ത്യയിലെ ഭാഷകളിൽനിന്നും ഇംഗ്ലിഷിലേക്ക് ആദ്യമായി കുടിയേറിപ്പാർത്ത ഒരു പദമായിരുന്നു 'ലൂട്ട്' (loot). പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പദം ഇന്ത്യാഭൂഖണ്ഡത്തിനു പുറത്ത് അത്ര പരിചിതമായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇത് ഇംഗ്ലണ്ടിലെല്ലായിടത്തും വളരെ പരിചിതമായിത്തീർന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നറിയുവാൻ വേയിൽസിലുള്ള (wales) പൊവിസ് കാസ്റ്റിൽ (Powil Castle) സന്ദർശിച്ചാൽ മതി. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പൗരാണിക വസ്തുക്കളും നിധികളും ബ്രിട്ടീഷുകാർ കൊളോണിയൽ കാലത്ത് ഇന്ത്യയിൽനിന്നും കൊള്ളയടിച്ചുകൊണ്ടുപോയ വസ്തുക്കളുടെ ശേഖരമാണ്. മുഗൾ കാലഘട്ടിലെ അമൂല്യവസ്തുക്കൾക്കൊപ്പം ഇവിടെ കാണാനാവുന്ന ഒരു വസ്തു പ്ലാസിയുദ്ധത്തിനുശേഷം സിറാജ് - ഉ -ദൗല ഉപേക്ഷിച്ചുപോയ പല്ലക്കാണ്; അതോടൊപ്പം ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന കൂടാരവും(Camp Tent). മറ്റൊരു പ്രധാനപ്പെട്ട വസ്തു റോബർട്ട് ക്ലൈവിനു ഷാ ആലം ദിവാനി നല്കുന്ന ചിത്രമാണ്.

ഈ ചിത്രം വളരെ പ്രധാനപ്പെട്ടതാകാൻ കാരണം അന്നത്തെ മുഗൾ ചക്രവർത്തി തന്റെ വലിയൊരു അധികാരം വിട്ടുകൊടുക്കുന്നതിനെ സൂചിപ്പിക്കുന്ന ചിത്രമായതുകൊണ്ടാണ്. നികുതിപിരിവും പണം അച്ചടിക്കാനുമുള്ള അധികാരവുമുൾപ്പെടെയാണ് ഷാ ആലം കൈമാറുന്നത്. അതും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ ഏറ്റവും ധനസമ്പുഷ്ടമായ ബംഗാൾ പ്രൊവിൻസ്. ഏകദേശം 10 ലക്ഷത്തോളം നെയ്ത്തുകാർ ഉണ്ടായിരുന്ന മുഗൾ പ്രൊവിൻസാണ് ബംഗാൾ. ഏറ്റവും മികച്ച തുണിത്തരങ്ങൾ അവർ അവിടെ ലോകത്തിനുവേണ്ടി നെയ്‌തെടുത്തു. റോമാസാമ്രാജ്യത്തിന്റെ കാലംമുതൽ ഇന്ത്യയ്ക്ക് യൂറോപ്പുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. ഇന്ത്യ മുഖ്യമായും അക്കാലത്തു നേടിയെടുത്തത് സ്വർണവും വെള്ളിയുമായിരുന്നു. പ്ലിനി ദി എൽഡർ (Pliny the Elder) എന്ന പുരാതനകാലത്തെ ചരിത്രകാരൻ, റോമിൽനിന്നും ഇന്ത്യയിലേക്കു സ്വർണം ഒഴുകുകയാണ് എന്നുപോലും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ 1764 മുതൽ, ക്ലൈവിന് ദിവാനി അവകാശം ലഭിച്ചതുമുതൽ ഈ പണം മുഴുവൻ തിരികെപ്പോകാൻ തുടങ്ങി. ഇന്ത്യയിൽനിന്നുള്ള ഭൗതികവസ്തുക്കളുടെ ഒഴുക്കും, കരീബിയൻ കേന്ദ്രീകൃതമായ അടിമക്കച്ചവടവും ബ്രിട്ടനെ ലോകത്തിലെ വലിയ സാമ്പത്തികശക്തിയും സാമ്രാജ്യത്വ ശക്തിയുമാക്കിത്തീർത്തു. ഇന്ത്യയിൽനിന്നുള്ള കച്ചവടത്തിന്റെ ലാഭം വലിയതോതിൽത്തന്നെ സ്വകാര്യകച്ചവടകമ്പനിയായ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ എത്തിച്ചേർന്നു.

1600-ൽ രൂപംകൊണ്ട ഈസ്റ്റ് ഇന്ത്യാ കമ്പനി നൂറുവർഷം കഴിഞ്ഞപ്പോൾ വെറും 30 പേരേ മാത്രമേ ലണ്ടനിൽ തങ്ങളുടെ ജോലിക്കായി നിയോഗിച്ചിരുന്നുള്ളൂ. ഇന്ത്യയിലെ തങ്ങളുടെ ആദ്യകാല യുദ്ധങ്ങളെല്ലാംതന്നെ കമ്പനി നടത്തിയത് കൂലിപ്പാട്ടാളത്തെ (mercenaries) ഉപയോഗിച്ചാണ്. ഇത്തരത്തിൽ കൂലിപ്പട്ടാളത്തെ നിലനിർത്താനുള്ള പണം കൊടുത്തുസഹായിച്ചത് ഇന്ത്യയിൽതന്നെയുള്ള ആളുകളും. പ്ലാസി, ബുക്‌സാർ തുടങ്ങി ടിപ്പുവിനെതിരേയുള്ള യുദ്ധംവരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി പടവെട്ടിയത് കൂലിപ്പട്ടാളക്കാർ ആയിരുന്നു.


Related Articles