തുർക്കിയിൽ 2023 മെയ് മാസത്തിൽ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് എർദോഗാൻ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജനാധിപത്യ ബോധമുള്ളവർ ഈ തിരഞ്ഞെടുപ്പിനെ കടുത്ത ഭീതിയോടെയാണു വിലയിരുത്തുന്നത്. തുടർച്ചയായ രണ്ടു ദശകത്തിലേറെ കാലഘട്ടം എർദോഗാൻ എന്ന ഒരു വ്യക്തിമാത്രം പ്രധാനമന്ത്രിയായും പ്രസിഡണ്ടായും രാഷ്ട്രം ഭരിക്കുക എന്നത് കേൾക്കുമ്പോൾതന്നെ ആധുനിക രാഷ്ട്രീയ ചരിത്രം അറിയുന്നവരൊക്കെയും ആശങ്കപ്പെടുന്നതു സ്വാഭാവികമാണ്. തുർക്കിയിൽ അടുത്ത കാലത്തുണ്ടായ ഭൂകമ്പത്തിൽ സഹായം എത്തിക്കുന്നതിൽ താമസം ഉണ്ടായതും കടുത്ത നാണയപ്പെരുപ്പവുമെല്ലാം എർദോഗാെന്റ ജനപിന്തുണ ഇടിഞ്ഞുപോകുവാൻ ഇടയാക്കിയിരുന്നു. പ്രധാന എതിരാളിയും മതേതര ദേശീയ രാഷ്ട്രീയത്തിെന്റ വക്താവുമായിരുന്ന കമാൽ കിലിക്ഡോറോഗ്‌ലു തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ മേഖലയിലെ രാഷ്ട്രീയം മറ്റൊരു ദിശയിൽ സഞ്ചരിച്ചേനേയെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒരു നവ സാമൂഹിക വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം/എർദോഗാൻരാഷ്ട്രീയം അതായത് ‘എർദോഗാനിസം' രൂപപ്പെട്ടത് എങ്ങനെയെന്ന് തുർക്കിഷ് രാഷ്ട്രീയ വൈജ്ഞാനിക നിർമ്മിതിയെ(തുർക്കികളുടെ ഗ്രന്ഥങ്ങളെ) മാത്രം അവലംബിച്ചുകൊണ്ട് വിലയിരുത്തുവാൻ ശ്രമിക്കുകയാണിവിടെ. ലോകത്തെ ജനാധിപത്യ രാഷ്ട്രീയം ഭീഷണികൾ നേരിടുകയും ഏകവ്യക്തി രാഷ്ട്രീയത്തിലേക്ക് അത് ചുരുങ്ങുകയും മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കപ്പെടുകയും അത് അനുകരണീയ മാതൃകയാണെന്ന വ്യവഹാരം രൂപപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു നാം ജീവിക്കുന്നത്.
ജനാധിപത്യവും ഭരണവും തുർക്കിയിൽ
ആറ് കോടിയിലേറെ ജനസംഖ്യയുണ്ട് തുർക്കിയിൽ. രണ്ട് റൗണ്ട് തിരഞ്ഞെടുപ്പ് നടന്നപ്പോഴും പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സി.എച്ച്.പി) യ്ക്ക് യഥാക്രമം 44%, 47% വോട്ടുകൾ ലഭിക്കുകയുണ്ടായി. ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (ഏ.കെ. പാർട്ടി) യ്ക്ക് 49 ഉം 52 ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. ഈ പ്രതിപക്ഷത്തിന് ലഭിച്ച ജനവിധി അപ്രസക്തമായി പോകരുത് എന്നതാണ് ജനാധിപത്യത്തിെന്റ അതിജീവനത്തിെന്റ ഒരു പ്രധാനപ്പെട്ട തലം. രണ്ടാമത്തേത്, മാനവിക മൂല്യങ്ങളായ, നീതി, സമത്വം, സ്വാതന്ത്ര്യം, അവകാശങ്ങൾ, എന്നിവയുടെ ഒരു സാമൂഹിക സഞ്ചയികയാണ് ജനാധിപത്യമെന്ന് പൂർണമായ അർത്ഥത്തിൽ വിളിക്കാവുന്നത്.
