ചരിത്രം നേർരേഖയിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് എന്ന പൊതുധാരണയ്ക്ക് ഉത്തരാധുനിക ചിന്തകർ തിരുത്തൽ വരുത്തിയിട്ട് കുറെക്കാലമായി. ചരിത്ര അപഗ്രഥനരീതിയിലെ തിരുത്തൽചിന്തയായ നവചരിത്രവാദം (New Historicism) ഇതിനോട് ഉപോദ്ബലകമായി രൂപംകൊണ്ടതാണ്. ചരിത്രം തുടർച്ചാഭംഗങ്ങളുടേതാണ്. അഥവാ ചരിത്രത്തിന് ഒരു നേർരേഖയിലൂടെ വളരാൻ സാധിച്ചിട്ടില്ല. നിക്ഷിപ്ത താൽപര്യങ്ങൾക്ക് അനുസൃതമായതും അറിവ്-അധികാര ബാന്ധവത്തിൽ രൂപംകൊണ്ടിട്ടുള്ളതുമായ ചരിത്രം അക്കാദമിക മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഏറെക്കാലം നിലനിന്നെങ്കിലും സമീപകാല കീഴാളപഠനങ്ങൾ (subaltern studies‑) ചരിത്രത്തെ വ്യവഛേദിച്ച് വിവിധ കർതൃത്ത്വരൂപീകരണങ്ങൾ സംഭവിച്ചതെങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ എഡ്വേഡ് സയാദ് ഉൾപ്പടെയുള്ള ഗവേഷകരുടെ സംഭാവനകൾ മുൻനിർത്തി ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. ഈ സന്ദർഭത്തിൽ വിഖ്യാതമായ ജൂത-മുസ്ലിം സഹവർത്തിത്വത്തിന്റെ പഴയചരിത്രം എപ്രകാരമായിരുന്നു എന്ന് 2014-ലെ ഏറ്റവും വലിയ നരഹത്യയായ ഇസ്രായേലിന്റെ ഗസാ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
1948 മുതൽ തുടങ്ങുന്ന അറബ്-ഇസ്രായേലി യുദ്ധങ്ങളും 2014-ജൂലായ്-ആഗസ്റ്റ് മാസങ്ങളിൽ നടന്ന ഗസാ ആക്രമണങ്ങൾ വരെ പലപ്പോഴും ലോകത്ത് പൊതുവിൽ വായിക്കപ്പെടുന്നത് ജൂത-മുസ്ലിം മതശത്രുത, അഥവാ ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള പാരമ്പര്യമായി തുടരുന്ന മതസംഘർഷം എന്ന നിലയിലാണ്. പക്ഷേ, ഇസ്രായേൽ-ഗസാ സംഘർഷം മതത്തിന്റെ നിറം നൽകപ്പെടുന്ന ഒരു രാഷ്ട്രീയ പ്രശ്നമാണ് എന്ന വസ്തുത മിക്കവാറും തിരസ്കൃതമാകുകയും ചെയ്തു.
പലസ്തീൻ-ഇസ്രായേൽ ചരിത്രത്താളുകളിൽ
