വിദ്യാഭ്യാസം എന്നത് ഒരു സാംസ്കാരികപ്രക്രിയ എന്ന നിലയിലാണ് പൊതുവേ വിവക്ഷിക്കുന്നത്. അങ്ങനെ വരുമ്പോൾ വിദ്യ അഭ്യസിക്കുക എന്നാൽ സംസ്കാരം ആർജിക്കുക എന്ന് സാമാന്യമായി അർത്ഥം കല്പിക്കാം. ഇവിടെ ഔപചാരികമായ കേവല അധ്യാപക - വിദ്യാലയ വിദ്യാർത്ഥി ബന്ധത്തിനുപരിയായി, ഒരു മനുഷ്യൻ സമൂഹവുമായുള്ള വിനിമയത്തിലൂടെ നേടിയെടുക്കുന്ന എല്ലാത്തരത്തിലുമുള്ള നിരവധിയായ സാംസ്കാരിക ജ്ഞാനത്തെയാണ് വിദ്യാഭ്യാസം എന്ന സംജ്ഞകൊണ്ടു സൂചിപ്പിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസപ്രക്രിയയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഇത്തരം അറിവുകൾക്കുള്ളിൽ പ്രവേശം നിഷേധിക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ ചെയ്തവരായിരുന്നു കേരളത്തിലെ കീഴാള/അധഃസ്ഥിത ജനവിഭാഗങ്ങൾ എന്നു മനസ്സിലാക്കാൻ സാധിക്കും. ഇവരുടെ വിദ്യാലയ വിദ്യാഭ്യാസ പ്രവേശനത്തിനുവേണ്ടിയുള്ള നിരവധിയായ അവകാശ പ്രക്ഷോഭങ്ങളും സമരങ്ങളും രൂപംകൊള്ളുകയും സജീവത പ്രാപിക്കുകയും ചെയ്തത് കേരളത്തിന്റെ നവോത്ഥാന സന്ദർഭത്തിലാണ്.
നവോത്ഥാനപൂർവ്വഘട്ടത്തിൽ വിദ്യ അഭ്യസിക്കുന്നതിനും അറിവു നേടുന്നതിനുമുള്ള സാമൂഹികാവകാശം ബ്രാഹ്മണർ ഉൾപ്പെടുന്ന സവർണ്ണ ജനവിഭാഗങ്ങളിൽ നിക്ഷിപ്തമായിരുന്നു. പ്രധാനമായും മതപഠനത്തിലൂന്നിയ വിദ്യാഭ്യാസമായിരുന്നു അക്കാലഘട്ടത്തിൽ നിലനിന്നിരുന്നത്. കാർഷികാടിസ്ഥാനത്തിലുള്ള കീഴ്ത്തട്ട് സാമൂഹികശ്രേണിയിൽ ജാതിപരവും തൊഴിൽപരവുമായുള്ള കാരണങ്ങളാൽ അവർണ്ണർ അടക്കമുള്ള കീഴാള ജനവിഭാഗങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽനിന്നും അകറ്റി നിർത്തപ്പെട്ടു. അറിവാർജനത്തിലൂടെ സ്വായത്തമാകുന്ന ലോകജ്ഞാനവും സ്വാതന്ത്ര്യാവബോധങ്ങളും പുത്തൻ തൊഴിൽസാധ്യതയെക്കുറിച്ചുള്ള അറിവുകളും അവരെ കൃഷി മറ്റിതര തൊഴിൽ മേഖലയിൽനിന്നും അകറ്റുമെന്നും അതിലൂടെ നിലവിലെ സാമൂഹിക സമ്പദ്വ്യവസ്ഥിതിക്കു മാറ്റം സംഭവിക്കുമെന്നുമുള്ള വരേണ്യമേധാവിത്വത്തിന്റെ കൗശലപരമായ തിരിച്ചറിവ് അടിയാള വിഭാഗങ്ങളെ ജ്ഞാനോത്പാദനത്തിൽനിന്നും അകറ്റി നിർത്തുവാനുള്ള ചരിത്രപരമായ കാരണങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.
വിദ്യാഭ്യാസത്തിലൂടെയേ പറയർ, പുലയർ, കുറവർ, വേടർ, ഐനവർപോലെയുള്ള അടിത്തട്ട് വിഭാഗങ്ങൾക്കു ജീവിതാവകാശബോധ്യങ്ങളും ചരിത്രസ്വത്വാവബോധ്യങ്ങളും സാമൂഹികപദവികളും നേടിയെടുക്കുവാൻ സാധിക്കൂ എന്ന് പൊയ്കയിൽ അപ്പച്ചൻ, അയ്യൻകാളി, കണ്ഠൻകുമാരൻപോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ നവോത്ഥാനഘട്ടത്തിലേ തിരിച്ചറിഞ്ഞവരായിരുന്നു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ സാമൂഹ്യ ഉന്നമനത്തിന്റെ പ്രാഥമിക ആവശ്യകതയായി അവർ വിദ്യാഭ്യാസത്തെ കാണുകയും സാമൂഹികപരിഷ്കരണപ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെ അധഃസ്ഥിത ജനതയുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. നവോത്ഥാന കേരളത്തിന്റെ വിവിധ ഇടങ്ങളിൽ സ്വന്തമായി നിരവധിയായ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് കീഴാള സാമൂഹിക പരിഷ്കർത്താക്കൾ പ്രസ്തുത പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. അതുമുൻനിർത്തി നവോത്ഥാനഘട്ടത്തിലെ വിദ്യാഭ്യാസ പ്രവേശത്തിന്റെ ചരിത്രവും അതിന്റെ സാമൂഹികപരിസരവും പൊയ്കയിൽ അപ്പച്ചന്റെ വിദ്യാഭ്യാസദർശനങ്ങളെക്കുറിച്ചുള്ള ലഘുപഠനവുമാണ് ഈ ലേഖനം ഉദ്ദേശ്യം വയ്ക്കുന്നത്.
