ലോകത്തെ പ്രമുഖമാധ്യമങ്ങൾ ഈയിടെ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത ചരമ വാർത്തകളിലൊന്ന് കോമ്രേഡ് ഡഷിന്റെ അന്ത്യത്തെക്കുറിച്ചുള്ളതായിരുന്നു. 2020 സെപ്തംബർ 2ന് കംബോഡിയയിൽ മരിച്ച കോമ്രേഡ് ഡഷിന്റെ മരണവാർത്ത അൾട്രാ കമ്മ്യൂണിസ്റ്റായ പോൾപോട്ടിന്റെ 'മുഖ്യ ആരാച്ചാരു' ടെ അന്ത്യം എന്ന നിലയിലായിരുന്നു ശ്രദ്ധ നേടിയത്. ഈ വാർത്തയും അനുബന്ധ വിവരണങ്ങളും മനുഷ്യർ മനുഷ്യരെ അകാരണമായി കൊന്നൊടുക്കിയതിന്റെ ചിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അതിനുമുമ്പ് കോമ്രേഡ് ഡഷിന്റെ ദൗത്യ ത്തെ സംബന്ധിച്ച് ഒരു ഹ്രസ്വവിവരണം സംഗതമായിരിക്കും.
1975 മുതൽ 1979 വരെ കംബോഡിയ (കംപൂച്ചിയ) ഭരിച്ച അതിതീവ്ര കമ്മ്യൂണിസ്റ്റ് വിപ്ലവ ഗവൺമെന്റിന്റെ തലവനായിരുന്ന പോൾപോട്ടിന്റെ കൊലയറകളുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു കോമ്രേഡ് ഡഷ് എന്ന കൈങ് ഗുഎക് ഈവ്. പോൾപോട്ടിന്റെ മനുഷ്യക്കുരുതി വാഴ്ചയുടെ കാലത്ത് വിമതരെ കൊന്നൊടുക്കാനായി സ്ഥാപിക്കപ്പെട്ട തുഒൽ സ്ലെങ് എന്ന കുപ്രസിദ്ധ തടവറ കംബോഡിയയുടെ തലസ്ഥാനമായ നോം പെനിൽ പഴയ ഒരു സെക്കണ്ടറി വിദ്യാലയത്തിലാണ് പ്രവർത്തിച്ചിരുന്നത്. തുഒൽ സ്ലെങ് തടവറയുടെ മുഖ്യ ജയിലറായിരുന്ന കോമ്രേഡ് ഡഷിന്റെ മേൽനോട്ടത്തിൽ കുറഞ്ഞത് 14000 പേരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഖെമർ റൂഷ് അധികാരം കൈയാളിയിരുന്ന നാലഞ്ച് വർഷങ്ങൾക്കുള്ളിൽ, പക്ഷേ, കംബോഡിയയിലെ ജനസംഖ്യയുടെ നാലിലൊന്നും, അതായത് പതിനേഴ് ലക്ഷംപേർ, കൊലയ്ക്കെതിരായിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഈ അരുംകൊലകൾക്കുത്തരവാദിയായി കോടതി കണ്ടെത്തിയ ആദ്യത്തെ മകാൻഡർ കോമ്രേഡ് ഡഷ് ആയിരുന്നു.
തുഒൽ സ്ലെങ് ജയിലിൽ ക്രൂരമായ മർദ്ദനങ്ങൾക്കും തുടർന്നു വധത്തിനും ഇരയാക്കപ്പെട്ടവരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഖെമർ റൂഷിനോട് കൂറില്ലെന്ന് സമ്മതിപ്പിക്കുകയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടി തങ്ങളെപ്പോലെ കൂറില്ലാത്തവരാണെന്ന് പറയിപ്പിക്കുകയും ചെയ്യുവാനായിരുന്നു ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടത്. കുറ്റസമ്മതത്തെതുടർന്ന് വിമതരെ ചൊയൂങ് എക് എന്ന സ്ഥലത്തേയ്ക്ക് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോകും. ഇവിടമാണ് 'കംബോഡിയയലെ കുപ്രിസിദ്ധമായ കൊലനിലങ്ങൾ' എന്നറിയപ്പെട്ടത് അവിടെ വച്ച് ഇരകളെ തല്ലിച്ചതച്ച് ചോരയൊഴുക്കി കൊന്ന് കുഴിച്ചുമൂടുന്നു. ഇരകളെകൊണ്ട് ചിലപ്പോൾ അവരുടെ ശവക്കുഴികൾ തോണ്ടിച്ചശേഷം കൊന്നൊടുക്കിയ സംഭവങ്ങളുമുണ്ട്. ഇതൊക്കെയായിരുന്നു പോൾപോട്ടിന്റെ കീഴിൽ മുഖ്യ ആരാച്ചാരുടെ പണിയായി കോമ്രേഡ് ഡഷ് ചെയ്തുകൊണ്ടിരുന്നത്.
