ചെങ്ങറ സ്വന്തം കഥപറയുന്നു

History

ചെങ്ങറ സ്വന്തം കഥപറയുന്നു


ചെങ്ങറയെന്ന വാഗ്ദത്തഭൂമി

കുറുമ്പറ്റി ഡിവിഷനെ ഒഴിവാക്കി ചെങ്ങറയെ സമരഭൂമിയാക്കുന്നത് തൊഴിലാളികളുമായുള്ള സംഘർഷങ്ങൾ ഒഴിവാക്കാനായിരുന്നു. തീർച്ചയായും, നല്ല തീരുമാനമായിരുന്നു അത്. ബൈബിളിലെ പുറപ്പാടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചെങ്ങറയിലേക്കുള്ള യാത്ര. അവിടെ ഭൂമി വാസയോഗ്യമായിരുന്നില്ല. റബ്ബർമരങ്ങൾ ഒടിഞ്ഞുവീണു കിടക്കുന്ന വിജനമായ കാട്ടുപ്രദേശം. ദേഹത്ത് തറച്ചാൽ കടുത്ത മുറിവേല്പിക്കുന്ന തൊടലിമുള്ളുകളായിരുന്നു എവിടെയും ഉണ്ടായിരുന്നത്. 1000 ഏക്കറോളമുള്ള സമരഭൂമിയുടെ സമീപവനങ്ങളിൽ ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുണ്ടായിരുന്നു. ഇപ്രകാരം വാസയോഗ്യമല്ലാത്തതും അപകടങ്ങൾ പതിയിരിക്കുന്നതുമായ വാഗ്ദത്ത ഭൂമിയെ 5000-ത്തോളം കുടുംബങ്ങളാണ് കുടിലുകൾകെട്ടി സമരഭൂമിയാക്കിയത്. മുൻചൊന്ന പ്രതിസന്ധികളെക്കൂടാതെ, സമരക്കാരെ എതിരേറ്റത് ഹാരിസൺ പ്ലാന്റേഷൻസിന്റെ താൽപര്യവാഹകരായ തൊഴിലാളികളാണ്. സി.പി.ഐ.(എം)ന്റെ അനുഭാവികളോ പ്രവർത്തകരോ. ഇവരുടെ ആക്രമണങ്ങൾ സമരത്തിലുടനീളമുണ്ടാകുന്നുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞതും ടാപ്പിങ് നിറുത്തിയതിനാൽ സമരക്കാരും തൊഴിലാളികളുമായി വൈരുദ്ധ്യങ്ങളുണ്ടായിരുന്നില്ല. ഇത്തരം ആക്രമണങ്ങൾ തൊഴിലാളിവർഗ്ഗമെന്ന ഐതിഹ്യവത്കരിക്കപ്പെട്ട സങ്കല്പത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമോചനദൗത്യത്തെക്കുറിച്ചുള്ള പാഠവൽക്കരണത്തെയും പൊളിച്ചെഴുത്തിനു വിധേയമാക്കുന്നുണ്ട്.

തൊഴിലാളികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞെങ്കിലും, പോലീസതിക്രമങ്ങളെ സമരക്കാർ നേരിട്ടത് സഹനത്തിലൂടെയാണ്. സമരക്കാർ അഭിമുഖീകരിക്കേണ്ടിവന്ന പോലീസ് നടപടികളുടെ വിവരണം ഇപ്രകാരമാണ്: 'സമരഭൂമിയിലേക്കു വരുന്നവരെ അടിക്കുക; പേടിപ്പിച്ച് തിരിച്ചുവിടുക, പിടിച്ചോണ്ടുപോയി ജയിലിലിടുക' തുടങ്ങിയ മൃഗീയരീതികളായിരുന്നു അവർ നടപ്പാക്കിയത്. ബസ്സിനുള്ളിൽ കയറി പോലീസ് ചെക്കുചെയ്യും. അതുമ്പുംകുളത്ത് ഇറങ്ങുന്നത് ആരൊക്കെയാണെന്നും യാത്രക്കാരുടെ ഇടയിൽ അപരിചിതരോ നാട്ടുകാരോ അല്ലാത്തവർ ആരൊക്കെയാണെന്നാണവർ പരിശോധിക്കുന്നത്. പത്തനംതിട്ടയിൽനിന്നും കേറുമ്പോൾതന്നെ ടിക്കറ്റ് ചെക്കുചെയ്യും. എന്നിട്ട് ആരൊക്കെയാണെങ്കിലും വണ്ടിയിൽനിന്നും പിടിച്ചിറക്കി പുറത്തുകൊണ്ടുപോകും. ആദ്യമേ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വിട്ടയയ്ക്കുമായിരുന്നു. പിന്നീട് വണ്ടിക്കുള്ളിൽവച്ചായിരുന്നു പീഡനം... മക്കളെ പിടിച്ചുകൊണ്ടുപോകുന്നത് അമ്മമാർ കാണും. ഭർത്താക്കന്മാരെ പിടിച്ചുകൊണ്ടുപോകുന്നത് ഭാര്യമാർ കാണുന്നു. മക്കൾ ഇതുകണ്ട് അലറിവിളിച്ചുകരയുന്നു. കാഴ്ചകൾ മാത്രം ആവർത്തിക്കുന്നു' (പേജ് 62). സി.പി.ഐ.(എം) നേതൃത്വം കൊടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഇത്തരം വംശഹിംസകൾക്കെതിരെ പ്രതിരോധമുയർത്താൻ സമരസമിതിക്കു കഴിഞ്ഞില്ല. ഇതിനു കാരണം, പോലീസ് സമരഭൂമിക്കകത്തു കയറിയാൽ മാത്രം പ്രതിരോധിച്ചാൽ മതിയെന്ന നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടായിരുന്നതിനാലാണ്. 240-ലേറെ മർദ്ദനസംഭവങ്ങൾ നടന്നിട്ടും, ഒരു പരാതിപോലും കോന്നിപോലീസ് സ്റ്റേഷനിൽ നല്കാനോ പോലീസതിക്രമങ്ങൾക്കെതിരെ ഗവൺമെന്റിനെ സമീപിച്ച് പൗരന്മാർക്ക് അർഹമായ സുരക്ഷ ഉറപ്പുവരുത്താനോ നേതൃത്വത്തിനു കഴിഞ്ഞില്ല.


Related Articles