പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ തിരുവിതാംകൂറിൽ അന്നത്തെ അടിമജാതികളുടെ ഇടയിൽ ഉണർവ് ഉണ്ടായെന്നത് ചരിത്രയാഥാർഥ്യമാണ്. ഈ ഉണർവ്വിനെ പലരും നവോത്ഥാനമായി കണക്കാക്കുന്നുണ്ട്. നവോത്ഥാനജന്യമായിരുന്നോ അതോ നവോത്ഥാനഹേതുവായിരുന്നോ ഈ ഉണർവ്വ് എന്ന വിഷയം തത്കാലം മാറ്റിനിർത്തി, ഈ ഉണർവിനെ അടുത്തറിയാൻ ശ്രമിക്കാം. ആദ്യം അടിമവിമോചനം, തുടർന്ന് അടിമ ജാതികളുടെ ക്രിസ്തുമതപ്രവേശനം, അടിസ്ഥാന പൗരാവകാശ (വേഷധാരണസ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭാസസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം) സംസ്ഥാപനയും എന്ന മുറയ്ക്കാണ് ആ ഉണർവ് പ്രകടിതമായത്. ഈ ചരിത്ര സംഭവങ്ങൾ ഒട്ടുമിക്കവാറും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയ്ക്കാണ് സംഭവിച്ചതെന്നത് കേവല യാദൃച്ഛികതയല്ല. ഈ തുടർ ചരിത്രസംഭവ ശൃംഖലയിൽ ആദ്യത്തേത് അടിമ വിമോചനമായിരുന്നു. അതുകൊണ്ട് ഈ അന്വേഷണം അവിടെനിന്ന് തുടങ്ങാം.
അടിമത്തം ലോകമെമ്പാടും നിലനിന്നിരുന്ന ഒരു വ്യവസ്ഥയാണ്. കാല ദേശ സാഹചര്യങ്ങൾക്ക് അനുസൃതമായി അതിനു രൂപഭേദങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ അതിന്റെ ഉത്പത്തിയെയും തുടർച്ചയെയും നിയന്ത്രിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അടിമവ്യവസ്ഥ മദ്ധ്യകാലഘട്ടങ്ങളുടെ അവസാനത്തോടെ പൂർണമായും നാമാവശേഷമായി. എന്നാൽ തിരുവിതാംകൂർ ഉൾപ്പെടെ ഇന്ത്യയിൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ അടിമത്തം നിലനിന്നു.
തിരുവിതാംകൂറിലെ അടിമത്തം ഇതര പ്രദേശങ്ങളിലേതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ചരിത്രാന്വേഷികൾ ഈ വിഷയം വിശദമായി ചർച്ചചെയ്തിട്ടുണ്ട്. അതു കൊണ്ട് ഈ ലേഖനത്തിൽ തിരുവിതാംകൂർ അടിമവ്യവസ്ഥയുടെ സവിശേഷത ചർച്ചചെയ്യുന്നില്ല. 1853- 1855 വർഷങ്ങളിലെ തിരുവിതാംകൂർ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വഴി അടിമത്തം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു; നിയമവിരുദ്ധമാക്കപ്പെട്ടു. പ്രസ്തുത പ്രഖ്യാപനങ്ങളിലേക്കു കൊണ്ടുചെന്നെത്തിച്ച സംഭവവികാസങ്ങളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. ആ സംഭവ വികാസങ്ങൾ ഉടലെടുത്തത് തിരുവിതാംകൂറിലോ ഇന്ത്യയിലോ ആയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
