അക്ബർ  രാമായണം

History

അക്ബർ രാമായണം


മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായിരുന്നു അക്ബർ. പിതാവായ ഹുമയൂൺ ചക്രവർത്തിയുടെ കാലശേഷം 1556 മുതൽ 1605 വരെ മുഗൾ സാമ്രാജ്യത്തിന്റെ അധിപനായി അദ്ദേഹം. എല്ലാ അർത്ഥത്തിലും മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും ശക്തൻ. മഹാനായ അക്ബർ (Akbar The Great) എന്നാണ് ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുന്നത്. ബാബർ, ഹുമയൂൺ തുടങ്ങിയ മുൻഗാമികൾക്ക് യുദ്ധങ്ങൾ നടത്തി, രാജ്യങ്ങൾ വെട്ടിപ്പിടിച്ച് സാമ്രാജ്യം സ്ഥാപിക്കുവാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാൽ ശക്തമായ ഒരു ഭരണക്രമം കൊണ്ടുവന്നതും മുഗൾ സാമ്രാജ്യത്തിന്റെ ഖ്യാതി രാജ്യാതിർത്തിക്കപ്പുറത്തേക്ക് വ്യാപിപ്പിച്ചതും അക്ബർ ചക്രവർത്തിയാണ്. അതിനാൽ മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽപി എന്നും അക്ബർ അറിയപ്പെട്ടു. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത് എന്ന് ചരിത്രത്തിൽ കാണാം(1). മതസഹിഷ്ണതയുടേയും സാമുദായിക ഐക്യത്തിന്റേയും പ്രവാചകനായിരുന്നു അക്ബർന.

മതങ്ങൾ തമ്മിലുള്ള ഐക്യവും സഹിഷ്ണതയും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി അക്ബർ ആത്മാർത്ഥമായി പരിശ്രമിക്കുകയുണ്ടായി. അതിനായി നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്‌ക്കരിച്ചു. മതപരമായ ചർച്ചകൾ നടത്തുന്നതിനു വേണ്ടി ഒരു സ്ഥിരം മന്ദിരംതന്നെ അക്ബർ പണിതു. ഫത്തേപ്പൂർ സിക്രിയിൽ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന ആ സൗധത്തിൽ അനവധി തവണ സർവമത സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്ന അക്ബർ ചക്രവർത്തിയെ ഒരു മതവും പ്രത്യേകമായി ആകർഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലർത്തുക എന്ന തത്ത്വം (സുൽഹ്ഇകുൽ) അക്ബർ തന്റെ മതവിശ്വാസത്തിന്റേയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഭാഗമായി കണ്ടു. തന്റെ രാജ്യനിവാസികളായ ഹിന്ദുക്കളും രജപുത്രരുമായി ഉറ്റ സൗഹൃദമാണ് അക്ബർ ചക്രവർത്തി പുലർത്തിയിരുന്നത്. അക്ബറിന് ഒരു രജപുത്രവംശജയായ ഭാര്യ (ജോധാഭായി എന്നും Jodha bai മറിയം ഉസ് സമാനി Mariam uz Zamani എന്നും അവർ വിളിക്കപ്പെട്ടു)യുണ്ടായിരുന്നു. ഈ വിവാഹബന്ധം രജപുത്ര സമൂഹവുമായി ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ സഹായകമായി.


Related Articles