എം പി ജില്‍ജിലിന്റെ ആദ്യപുസ്തകമായ ‘ഖേദക്കുറിപ്പുകൾ’ക്ക് കുറെ അവതാരികകള്‍ വന്നിട്ടുണ്ട്. അവയെല്ലാം മികച്ചതും ജില്‍ജിലിന്റെ കവിതകളെയും ജീവിതത്തെയും മൗലികമായി വിലയിരുത്തുന്നവയുമാണ്. എഴുതിയവരാകട്ടെ എന്റെ തലമുറയില്‍പ്പെട്ട കാസര്‍കോട്ടുകാര്‍ തന്നെയായ പ്രഗത്ഭരും. ഖേദക്കുറിപ്പുകള്‍ എന്ന തലക്കെട്ടില്‍ കാണുന്ന ജീവിതോന്മുഖതയും വിനയവും തന്നെയാവും ഇത്രയും പ്രഗല്ഭരുടെ നോട്ടപ്പാടുകള്‍കൊണ്ട് ഈ കവി അംഗീകരിക്കപ്പെടാന്‍ കാരണം എന്ന് ഞാനും കരുതുന്നു. ആ എഴുത്തുകളെല്ലാം ജില്‍ജിലിന്റെ കാവ്യയശസ്സിന് ഒരു പൊന്‍തൂവല്‍തന്നെയായി.
കാസര്‍കോട്ടു നടക്കുന്ന ഏതു സാഹിത്യസദസ്സിലും ജില്‍ജിലിനെ കാണാറുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ജില്‍ജിലിനെ അറിയുന്നുണ്ട്. ഉദുമക്കാരനാണെങ്കിലും ജീവിത യാത്രയുടെ പങ്കപ്പാടില്‍ ഞാനേറെയും ജോലിചെയ്തത് കാസര്‍കോടിനു പുറത്താണ്. ഞാന്‍ ജോലി ചെയ്ത ആറു കോളേജുകളില്‍ അഞ്ചും കാസര്‍കോടിന് പുറത്തായിരുന്നു. അതുകൊണ്ട് ജിൽജിലിന്റെ ജീവചരിത്രമറിയാന് അല്പം വൈകിപ്പോയി. അതറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ജില്‍ജിലിനെ കണ്ടത് കാസർകോട് ഗവൺമെന്റ് കോളേജില്‍ ലൈബ്രേറിയനായി ജോലി ചെയ്ത പാറശ്ശാല ജീവനായകം മാണിക്കം എന്ന മനുഷ്യസ്നേഹിയുടെ പ്രതീകമായാണ്. മാണിക്കത്തിന്റെ മകനാണ് ജില്‍ജില്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ ജില്‍ജില്‍ എനിക്ക് മാണിക്കം തന്നെയായി. അത്രയ്ക്ക് അഗാധമായൊരു ബന്ധമാണ് എനിക്ക് മാണിക്കത്തോട്.
പ്രീഡിഗ്രി, ബി.എ പഠനവര്‍ഷങ്ങളായ അരദശകം ഞാനും എന്റെ സുഹൃത്തുക്കളും മാണിക്കം എന്ന മഹാമനുഷ്യന്റെ സ്‌നേഹവായ്പിന് വിധേയരായിരുന്നു. ഒരുപക്ഷേ, ഒരു കലാലയത്തിലും കിട്ടാത്ത മാനുഷികതയുടെ നിറകുടമായ അനേകം പൂക്കള്‍ തെറുത്തുവെച്ച ഖേദങ്ങളുടെ ഒരു പൂക്കുടപോലെയായിരുന്നു ഈ ലൈബ്രേറിയന്‍. ജില്‍ജിലിന്റെ കാവ്യപുസ്തകത്തിന്റെ തലക്കെട്ടായ ‘അഗ്നിപഥ്’ എന്ന പേര് മാണിക്കത്തിന്റെ ചുണ്ടില്‍നിന്ന് കിട്ടിയതാണെന്നുപോലും എനിക്കുതോന്നുന്നുണ്ട്. ഈയൊരു ജനിതകവൈശിഷ്ട്യമാണ് ജില്‍ജിലിന്റെ കവിതകള്‍ക്ക് നിറം പകരുന്നത്. തന്റെ അച്ഛനും താനും അനുഭവിക്കുന്ന ജീവിതത്തിന് ചുറ്റുമുള്ള ലോകത്തിന് നിറമില്ലാതിരിക്കുമ്പോള്‍, ഞാന്‍ ‘നിറം പകരാന്‍' എന്ന് പ്രയോഗിക്കുന്നതിനെ എനിക്കു തന്നെ ചോദ്യം ചെയ്യേണ്ടിവരുന്നുമുണ്ട്. ഇത് മനസ്സിലാകണമെങ്കില്‍ ഈ കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജനിതകത്തെക്കുറിച്ചും ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
