ലോകത്തിൽ കോവിഡ് വ്യാപനത്തിൽഒന്നാം സ്ഥാനത്താണ് ഇപ്പോൾ നമ്മുടെ രാജ്യം. രണ്ടാംതരംഗം അത്രമേൽ വ്യാപനമാണ് ഇന്ത്യയിലുണ്ടാക്കിയിരിക്കുന്നത്. ദിനം പ്രതി മൂന്നരലക്ഷത്തിനടുത്ത് കോവിഡ് ബാധിതർ. ആശുപത്രികൾനിറഞ്ഞുകവിയുന്നു. മരണസംഖ്യ ഉയരുന്നു. ശ്മശാനങ്ങളിൽ ചിതകളെരിഞ്ഞുകൊണ്ടേയിരിക്കുന്നു. പുതിയ രോഗികളേറെയും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ കോവിഡ് ബാധിതർ കാൽലക്ഷം കവിഞ്ഞു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജനറൽമെഡിസിൻ വിഭാഗം മുൻമേധാവിയായ ഡോ. പി. കെ. ശശിധരനുമായി സംസാരിക്കുന്നത്. കോവിഡിന്റെ ആദ്യഘട്ടം മുതൽ കൈകാര്യം ചെയ്തരീതി ശാസ്ത്രീയമായല്ല എന്ന അഭിപ്രായം ഇദ്ദേഹം ഉയർത്തിയിരുന്നു. ഈ നിരീക്ഷണം വിമർശിക്കപ്പെടുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖം.
സോഫിയ ബിന്ദ്: കോവിഡിനെ പ്രതിരോധിക്കാൻ കണ്ടെയിൻമെന്റ് കൊണ്ടോ അടച്ചുപൂട്ടി ഇരുന്നതുകൊണ്ടോ കാര്യമില്ല എന്ന് താങ്കൾ ഇതിന്റെ തുടക്കം മുതൽ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം തരംഗത്തിൽ സ്ഥിതി രൂക്ഷമാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാത്രികർഫ്യൂ തുടങ്ങി വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇപ്പോൾ ഈ സാഹചര്യത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
ഡോ. പി. കെ. ശശിധരൻ: എന്റെ വിമർശനം ലോകം മുഴുവൻകൈകൊണ്ട രീതിയോടാണ്. രാഷ്ട്രീയപരമായ രീതിയിലാണ് കോവിഡിനെ കൈകാര്യം ചെയ്തത്. അടച്ചുപൂട്ടിയതുകൊണ്ടെന്നും കാര്യമില്ല. ശാസ്ത്രീയമായ രീതിയല്ല അത്. ശാസ്ത്രീയം എന്ന് പറഞ്ഞാൽ ടെക്‌നോളജി മാത്രമല്ല, യുക്തിപരം കൂടിയാണ്. ഈ സമയത്ത് നമുക്ക് ചെയ്യാൻ പറ്റുന്നതെന്താണ് എന്ന് ചിന്തിക്കണം. ഏത് അണുബാധയുണ്ടാകുമ്പോഴും അതിനുകാരണം അണുക്കൾ മാത്രമല്ല. കൊറോണ വൈറസ് വന്നതുമുതൽ, ലക്ഷണമില്ലാതെ അസുഖം വന്നവരുൾപ്പെടെ ഒരുപാട് പേരെ കാണാനിടയായിട്ടുണ്ട്. അവരിൽനിന്നെല്ലാം മനസിലായ ഒരു കാര്യം ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. പലർക്കും വൈറ്റമിൻ ഡി, ഫോളിക് ആസിഡ്, തുടങ്ങി കുറെ വൈറ്റമിനുകളുടെ കുറവുണ്ട്. സമീകൃതാഹാരം കഴിക്കാത്തതുകൊണ്ടാണ് ഇതുണ്ടാകുന്നത്. പിന്നെ അമിതവണ്ണമുള്ളവരുണ്ട്, മറ്റു രോഗങ്ങളുള്ളവരുണ്ട്, ഇങ്ങനെ പ്രശ്‌നങ്ങളുള്ളവരിലാണ് കോവിഡ് ബുദ്ധിമുട്ടുണ്ടാക്കിയത്. കോവിഡ് എന്നല്ല ഏത് അണുബാധ വന്നാലും ഇവരിൽ പ്രശ്‌നങ്ങളുണ്ടാകും. അതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
