ലോകം മുഴുവനും ബാധിച്ച കോവിഡ് 19 വൈറസ് മനുഷ്യശരീരത്തിൽ പടർന്നുപിടിക്കുന്നതിനോടൊപ്പംതന്നെ, സമൂഹത്തിൽ നിരവധി ആഖ്യാനങ്ങളും (Narrative) സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെമേൽ ആധിപത്യം സ്ഥാപിച്ചത്. കാൻസർ, ട്യൂബെർക്കുലോസിസ്, എയ്ഡ്‌സ് എന്നീരോഗങ്ങളുടെ നരേറ്റീവുകൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ഇന്നും സമൂഹത്തെ വേട്ടയാടുന്നുണ്ടണ്ട.ണ്ട് കോവിഡ് 19 എന്ന വൈറസിന്റെ വിവരണങ്ങളും രൂപപ്പെട്ടത് യുദ്ധരൂപകങ്ങളുടെ പശ്ചാത്തലത്തിലാണ്.
കോവിഡിനെ കുറിച്ച് ഭരണകൂടവും, മാധ്യമ വ്യവഹാരങ്ങളും ഡോക്ടർമാരടക്കമുള്ള രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും ജനങ്ങളോട് സംവദിക്കുമ്പോൾ പറയുന്ന വാചകങ്ങൾ ഇങ്ങിനെയാണ്: 'നമ്മൾ ഒരു യുദ്ധമുഖത്താണ്... രോഗാണു നമ്മുടെ ശത്രുവാണ് ..'
രോഗപ്രതിരോധസംവിധാനങ്ങളെ ആയുധങ്ങൾ (weapon) എന്നാണ് പറയുന്നത്. അടുത്ത കാലത്തു ഇറങ്ങിയ കോവിഡ് വാക്സിന്റെ പേര് തന്നെ 'കോവിഷീൽഡ്' എന്നാണ് (ഷിൽഡ് എന്നാൽ പരിച, തടുക്കാനുള്ള ആയുധം). രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും നായകരും നായികയും ആവുന്നു. ആരോഗ്യപ്രവർത്തകരെ യുദ്ധമുഖത്തുള്ള മുന്നണി പോരാളികൾ എന്ന് വിളിപ്പേരിടുന്നു. ലോകമെമ്പാടുമുള്ളരാജ്യങ്ങളിലും ആരോഗ്യപ്രവർത്തകരെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം പോരാളികൾ (soldiers) എന്നാണ്.
