ബൈക്ക് ആക്‌സിഡന്റിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന അയൽസംസ്ഥാനക്കാരനായ മുരുകൻ ചോരവാർന്നു മരിച്ചു. കൊല്ലം മുതൽ തിരുവനന്തപുരംവരെ ആറ് വൻകിട ആശുപത്രികളിൽനിന്ന്, പണം കിട്ടിയില്ലെങ്കിലോ എന്ന ആശങ്കമൂലം തിരസ്‌കൃതനായ ഈ പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണം മനസ്സാക്ഷിയുള്ളവരെ ഞെട്ടിച്ചു. കൂടെ ആരും ഇല്ലാത്തതിനാൽ ആശുപത്രി ബില്ല് അടയ്ക്കാൻ ആളുണ്ടാവുകയില്ല എന്നതുതന്നെയാണ് മറ്റെന്തൊക്കെ നിരത്തിയാലും ഇതിന്റെ അടിസ്ഥാന പ്രേരകമെന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ തരംപോലെ തഴച്ചു വളരുന്ന മൾട്ടി സ്‌പെഷാലിറ്റികൾക്കുള്ളിൽ നടമാടുന്ന മനുഷ്യത്വരാഹിത്യത്തിലേക്ക് ഒരിക്കൽകൂടി ശ്രദ്ധ ക്ഷണിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി മാപ്പു പറഞ്ഞ സംഭവം. വെന്റിലേറ്റർ ഒഴിവില്ലെന്ന് കൈ മലർത്തുന്ന ആശുപത്രി അധികൃതർ മനുഷ്യജീവന് എത്ര നിസ്സാരവിലയാണ് ഇട്ടിരിക്കുന്നതെന്ന് തിരിച്ചറിയാൻ ഇതിൽപരം ഉദാഹരണങ്ങൾ ആവശ്യമില്ല.
പണമില്ലാത്തതിനാൽ ആശുപത്രിക്കാർ ആംബുലൻസ് അനുവദിക്കാത്തതിന്റെ പേരിൽ ഒഡീഷയിലെ ഭവാനി പാട്‌നയിൽ ഭാര്യയുടെ മൃതദേഹം 10 കിലോമീറ്റർ ചുമന്നുകൊണ്ടുപോയ ദാന മാഹ്ജിയുടെ ദയനീയചിത്രം നാം മറന്നിട്ടില്ല. പിന്നെയുമൊരാൾ മോട്ടോർ ബൈക്കിൽ ജഡം ഇരുത്തിക്കൊണ്ടുപോയി. ഇപ്പോഴിതാ റാഞ്ചിയിൽ ആശുപത്രിക്കാർ ആംബുലൻസ് കൊടുക്കാത്തതിനാൽ, മരുന്നുവാങ്ങാൻ പണമില്ലാത്തതുമൂലം മരിച്ച മകൾ സുമയുടെ മൃതദേഹം ചുമലിലെടുത്ത് പിതാവ് കരൺസിങ് വീടുവരെ നടന്നു. ആംബുലൻസ് ലഭിക്കാത്തതിനാൽ മൃതദേഹവുമായി ആദിവാസികൾ അലയേണ്ടിവന്നത് കേരളത്തിലും പഴങ്കഥയല്ല.
ഖത്തറിലെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള സർക്കാർ വക ഹമദ് ആശുപത്രിയിലെ ഏറ്റവും നവീകരിച്ച ഐസിയുവിൽനിന്നും തെന്നിന്ത്യയിലെ ഏറ്റവും മികച്ചതെന്നു ഖ്യാതിയുള്ള വെല്ലൂരിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് ബിസിനസ് ക്ലാസ്സിൽ ഉറങ്ങാതെ കാവലിരുത്തി കൊണ്ടുവരികയാണ് ഞാൻ എന്റെ രോഗിയെ. അസ്ട്രാഗ്ലിയോമാ എന്ന ഇനത്തിൽപ്പെട്ട ഗ്രെയ്ഡ് ടു നോൺ കാൻസറസ് ബ്രെയിൻ ട്യൂമർ അത്ര ഗുരുതരമൊന്നുമല്ലെന്ന വിദഗ്ധ ഉപദേശത്തിന്റെ സമാശ്വാസത്തിൽ പുലർച്ചെ ഞങ്ങൾ ചെന്നൈയിൽ വിമാനമിറങ്ങുന്നു. പ്രശസ്തമായ ഈ ആതുരാലയത്തിൽനിന്നും പറഞ്ഞയച്ച ആംബുലൻസിൽ ഞങ്ങൾ കയറി. അപ്പോഴാണ് അത് ആംബുലൻസ് അല്ലെന്നും കടകടാ ശബ്ദമുണ്ടാക്കുന്ന ഒരു ലോറിയുടെ മേലെ ടാർപോളിനിട്ട് ഒരു ഇരുമ്പു കസേരയും വച്ചതാണെന്ന് പാതിവെളിച്ചത്തിൽ കാണുന്നത്. 4000 രൂപ മുൻകൂർ വാങ്ങി ആശുപത്രിക്കാർ അയച്ച ലോറിയിൽ ഐസിയുവിൽനിന്നുള്ള രോഗിയുമായി കുലുങ്ങിക്കുലുങ്ങി കഷ്ടിച്ച് രണ്ടു കിലോമീറ്റർ യാത്ര ചെയ്തപ്പോഴേക്കും രോഗിയുടെ മുഖം കണ്ട് ഞാൻ ഭയന്നു. കരച്ചിലും സങ്കടവും കാരണം ഞാൻ നിലവിളിക്കുകയായിരുന്നു. ഡ്രൈവർ ലോറി നിർത്തി. ഇനിയുമുണ്ട് വെല്ലൂരിലേക്ക് 138 കിലോമീറ്റർ. ഞാൻ അയാളോട് കെഞ്ചി. പണം തിരിച്ചുവേണ്ട. മറ്റൊരു ആംബുലൻസ് പിടിച്ചുതരൂ. അയാൾ എവിടെയോ പോയി തപ്പിക്കൊണ്ടുവന്ന ആംബുലൻസിലാണ് വെല്ലൂരിലെത്തിയത്.
