ഭർത്താവിന്റെ രണ്ടാം വിവാഹം എട്ടൊമ്പതു മാസങ്ങൾക്കുശേഷം അറിഞ്ഞ ഒരു മുസ്ലിം സ്ത്രീയായിരുന്നു അവർ. നഗരത്തിലെ ഒരു വ്യാപാരിയാണ് ഭർത്താവ്. അവരോടയാൾ രണ്ടാം വിവാഹത്തെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് പറയാറുണ്ടായിരുന്നു. 'പാവപ്പെട്ട ഒരു പെൺകുട്ടിയെയോ വിധവയെയോ രണ്ടാം വിവാഹം നടത്തുന്നത് പുണ്യമാണ്. അതു ചെയ്യാനനുവാദം തന്നാൽ അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു ലഭിക്കും.' പ്ലസ്ടുവിന് പഠിക്കുന്ന മകളടക്കം മൂന്ന് കുട്ടികളുള്ള അയാൾ രണ്ടാം വിവാഹത്തിന് മുതിരുകയില്ലെന്നാണ് അവർ വിശ്വസിച്ചിരുന്നത്. ഇടയ്ക്കയാൾ ബിസിനസ് ആവശ്യാർത്ഥം മൂന്നോ നാലോ നാൾ യാത്രപോകാറുണ്ടായിരുന്നു. ബഹുഭാര്യത്വത്തെ പിന്തുണയ്ക്കുന്ന ചില സമുദായ നേതാക്കളുമായി ബന്ധമുണ്ടായിരുന്ന അയാൾ ഒരാഴ്ചക്കാലം നീണ്ടുനിന്ന 'ബിസിനസ് ടൂറി'ലാണ് മറ്റൊരു ദേശത്തുള്ള ഒരു വിധവയെ രണ്ടാം ഭാര്യയാക്കിയത്. അവർക്ക് ആദ്യഭാര്യയേക്കാൾ പത്തോളം വയസ്സ് ഇളപ്പമുണ്ടായിരുന്നു. ആദ്യഭാര്യ യാദൃച്ഛികമായാണ് ഭർത്താവിന്റെ രണ്ടാംകെട്ട് കണ്ടുപിടിച്ചത്. തന്നെയൊളിപ്പിച്ച് കാമക്കൂത്ത് നടത്താൻ അയാൾ നടത്തിയ ബിസിനസ് ടൂറുകളുടെ പൊരുളറിഞ്ഞ്, അവർക്കയാളിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അവർ പ്രതികരിച്ചപ്പോൾ സമുദായനേതാക്കളടക്കം പലരും ഉപദേശിക്കാനെത്തി. മക്കളെയോർത്ത് 'ക്ഷമിക്കാൻ' അവർ ഉപദേശിച്ചു. അവർ ചോദിച്ചു: 'മക്കളുടെ കാര്യമല്ല, എനിക്കെന്റെ കാര്യമാണ് പ്രധാനം. എന്നോട് കാണിച്ച വിശ്വാസവഞ്ചനയ്ക്ക് ഞാനെന്ത് ഉത്തരംകൊടുക്കണമെന്നതാണ് പ്രശ്നം.' അവർ അയാളുമായി കിടക്ക പങ്കിടാതെ ഒരേ കൂരയ്ക്കു കീഴെ കഴിഞ്ഞുകൂടുമ്പോഴാണ് ആന്തരിക സംഘർഷത്തിനു പരിഹാരം കാണാൻ കൗൺസിലിങ്ങിനെത്തിയത്. അവരുടെ വാക്കുകൾ: 'എനിക്കയാളോട് ദേഷ്യമോ വെറുപ്പോ തോന്നുന്നില്ല. അറപ്പാണ്. അതൊരിക്കലും മാറുമെന്നും തോന്നുന്നില്ല.'
അടക്കിപ്പിടിച്ച വേദനയുടെയും ആത്മസംഘർഷത്തിന്റെയും നെരിപ്പോടുകളായി മാറിയ ബഹുഭാര്യത്വത്തിന്റെ ഇരകളായ മുസ്ലിം സ്ത്രീകളെ കാണാനിടവന്നിട്ടുണ്ട്. അവരിലാരുടെയും സമ്മതം വാങ്ങിയല്ല ഭർത്താക്കന്മാർ 'തുടർവിവാഹം' നടത്തിയത്. അവരിലൊരാൾ മൂന്നാം കെട്ടും നടത്തിയിരുന്നു. ഭർത്താവ് രണ്ടാം കെട്ടിൽ സായൂജ്യമടഞ്ഞാൽ ജീവിതത്തിൽ ശ്രേയസ്സും സ്വസ്ഥതയും വന്നെത്തുമെന്ന് ഒരു സ്ത്രീയും പറഞ്ഞിട്ടില്ല. ഈ ലോകത്തെ സ്വാസ്ഥ്യം ഇല്ലാതാക്കിയ ബഹുഭാര്യത്വത്തെ പിന്താങ്ങുന്ന വിശ്വാസപ്രമാണങ്ങളോട് അവർക്ക് വലിയ ആദരവുമുണ്ടായിരുന്നില്ല. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യനീതിയും നല്കുന്ന മതമാണ് ഇസ്ലാം എന്നു പറയുമ്പോൾ അതിനെ ശരിവെച്ച് അവർ ഒപ്പുവെക്കാനുമിടയില്ല. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിച്ച ക്രൂരമായ അവഗണനയാണ് എന്റെ ഭർത്താവിന്റെ രണ്ടാം വിവാഹമെന്നാണ് ഒരു സ്ത്രീ പറഞ്ഞത്. അവർക്ക് ത്വക്രോഗം വന്നപ്പോഴാണ് ഭർത്താവ് ആപേരും പറഞ്ഞ് രണ്ടാം വിവാഹം നടത്തിയത്. അവർ ചോദിച്ചു: ''അയാൾക്ക് നിത്യരോഗം വന്നാൽ ഞാൻ വേറൊരു വിവാഹം കഴിച്ചാലത് കാരുണ്യക്കേട് എന്നല്ലേ വിധിയെഴുതുക? എന്നോടയാളിപ്പോൾ കാണിച്ചത് കാരുണ്യമാണോ?'' ഭർത്താക്കന്മാരുടെ തുടർവിവാഹങ്ങളാൽ ദുരിതമനുഭവിക്കുന്ന സ്ത്രീകളോട് ഇസ്ലാം കാരുണ്യത്തിന്റെ മതമാണ് എന്നു പറയുന്നവരാണിവിടെ പരിഹാസ്യരാകുന്നത്. സ്ത്രീകൾക്ക് ക്ഷേമവും സ്വാസ്ഥ്യവും നല്കുന്ന മതമാണ് ഇസ്ലാം എന്ന് ഉദ്ഘോഷിക്കുന്നവരോട് മതത്തിന്റെ പേരിൽ എനിക്കെന്താണെന്റെ ഭർത്താവ് തന്നിരിക്കുന്നതെന്ന് അനുഭവംവെച്ച് പറയാനിടയുണ്ട്. ചിലർ ചോദിച്ചേക്കും: ''അതാണ് ഇസ്ലാമെങ്കിൽ എന്റെ ഭർത്താവ് ഒരു യഥാർത്ഥ മുസ്ലിമാണോ?''
