വിക്രമാദിത്യ കഥയിലെ സ്ത്രീ ശരീരങ്ങൾ

Gender

വിക്രമാദിത്യ കഥയിലെ സ്ത്രീ ശരീരങ്ങൾ


വിക്രമാദിത്യകഥകൾക്ക് നിമിത്തമാവുന്നത് ഒരു ബ്രാഹ്‌മണന്റെ കൃഷിയിടത്തിലെ കാവൽമാടമാണെന്നു നമുക്ക് അറിയാം. തിന്മ ചെയ്യുന്ന ബ്രാഹ്‌മണനെ നന്മയിൽ ബന്ധിപ്പിക്കുന്ന ഇടമാണ് ആ കാവൽമാടം. അവിടെനിന്ന് ഭോജരാജാവിന് വിക്രമാദിത്യന്റെ സിംഹാസനം ലഭിക്കുന്നു. ബ്രാഹ്‌മണനും സിംഹാസനവും തമ്മിലുള്ള ബന്ധം നന്മയും സിംഹാസനവും തമ്മിലുള്ള ബന്ധമാണെന്ന് തിരിച്ചറിയാൻ കഴിയും. അപ്പോൾ നന്മ എന്നത് അധികാരത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു സന്ദേശം ആദ്യമേ വ്യക്തമായി പറഞ്ഞുകൊണ്ടാണ് വിക്രമാദിത്യകഥകൾ ആരംഭിക്കുന്നത്. സിംഹാസനത്തിനു മുപ്പത്തിരണ്ട് പടികളും ഓരോ പടികളിലുമായി സുന്ദരികളായ മുപ്പത്തിരണ്ട് സാലഭഞ്ജികകളും. ഓരോ പടി കയറുമ്പോഴും ഭോജരാജാവ് ഓരോ കഥകൾ സാലഭഞ്ജികകളിൽനിന്ന് കേൾക്കുകയാണല്ലോ. അത് അധികാരത്തിന്റെ കഥയാണ്. എന്താണ് അധികാരം എന്നതിന്റെ കഥ. അവിടെ മറ്റൊന്നുകൂടിയുണ്ട്. അത് അധികാരം സൃഷ്ടിക്കുന്ന വിശ്വാസം, അന്ധവിശ്വാസം, വിശ്വാസശൂന്യത എന്നിവയിൽ സ്ത്രീ എങ്ങനെ രൂപപ്പെടുന്നൂവെന്നതിന്റെ വ്യക്തമായ ചിത്രം, വിക്രമാദിത്യകഥകൾ അധികാരത്തിന്റെ കഥയാവുമ്പോഴും അത് സ്ത്രീകളുടേയും കഥകളായി മാറുന്നത് അങ്ങനെയാണ്.

ഒന്നാമത്തെ പടിയിൽ നിൽക്കുന്ന സാലഭഞ്ജികയായ ലളിത പറയുന്ന വിക്രമാദിത്യന്റെ കുടുംബപുരാണത്തിൽ രാജാവാകുന്നതിൽ ജാതി തടസ്സമില്ലായെന്നു പറയുമ്പോഴും അത് ക്ഷത്രിയന് അവകാശപ്പെട്ടതാണെന്ന ധ്വനിയിലേക്കു വളരുന്നതു കാണാൻ കഴിയും. ആ വളർച്ചയിലേക്കുള്ള പ്രയാണത്തിന് ഊർജ്ജമാവുന്നത് സ്ത്രീയാണ്. വിദ്യാസാഗരന് ബ്രാഹ്‌മണസ്ത്രീയിൽ പിറന്ന വരരുചിയോ ക്ഷത്രിയ സ്ത്രീയായ ചന്ദ്രലേഖയിൽ പിറന്ന വിക്രമാദിത്യനോ വൈശ്യസ്ത്രീയിൽ പിന്നെ ഭട്ടിയോ അല്ല ശൂദ്രപത്‌നിയായ നളിനിയിൽ പിറന്ന ഭർത്തൃഹരിയാണ് രാജാവാകുന്നത്. മൗര്യസാമ്രാജ്യസ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ ശൂദ്രസ്ത്രീയിൽ പിറന്നവനായിരുന്നൂവെന്ന ചരിത്രം ഇത്തരം നീക്കത്തിന് ശക്തി പകർന്നിട്ടുണ്ടാവാം. പക്ഷേ, മൗര്യസാമ്രാജ്യത്തിന്റെയും കുഷാണവംശത്തിന്റെയുമൊക്കെ പതനത്തിനുശേഷം വന്ന ഗുപ്തസാമ്രാജ്യത്തിന്റെ ചരിത്രപശ്ചാത്തലത്തിൽനിന്നാണ് വിക്രമാദിത്യകഥകൾ എഴുതുന്നത്. ബുദ്ധമതത്തിന്റെ ജീർണതയ്ക്കും ബുദ്ധമതരാഷ്ട്രീയത്തിന്റെ പതനത്തിനുംശേഷം സമൂഹത്തിലേക്കു പുനഃപ്രവേശനം നടത്തുന്ന ഹിന്ദുമതത്തിന്റെയും ഹിന്ദുമതരാഷ്ട്രീയ അധികാരത്തിന്റെയും സംസ്‌കാരത്തെയാണ് വിക്രമാദിത്യകഥകൾ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭർത്തൃഹരിയുടെ കിരീടധാരണം ഹിന്ദുമതത്തിന്റെ തിരിച്ചുവരവിന് ഉപകരിക്കുന്ന ഹിന്ദുയാഥാസ്ഥിതികതയുടെ മയപ്പെട്ട രൂപമായിട്ടേ കാണാൻ കഴിയൂ. അതുകൂടുതൽ വിശദമാവുന്നത് ഭർത്തൃഹരി സിംഹാസനം ത്യജിക്കുന്നതിൽ സംഭവിക്കുന്ന പൊതിഞ്ഞുവെച്ച പ്രയോഗത്തിലാണ്. സിംഹാസനം ക്ഷത്രിയനിലേക്ക്-- യാഥാസ്ഥിതികതയിലേക്ക് അടുപ്പിക്കുന്ന തന്ത്രം. അവിടെ ശൂദ്രനായ ഭർത്തൃഹരിയെ രാജാവല്ലാതാക്കി മാറ്റിയിടത്താണ് സ്ത്രീയുടെ പ്രാധാന്യം. ഭക്ഷിച്ചാൽ നിത്യയൗവനം ലഭിക്കുന്ന ഒരു വിശിഷ്ടമാമ്പഴവുമായിട്ടാണ് സ്വർഗത്തിലേക്കു പോയ ബ്രാഹ്‌മണൻ മടങ്ങിവന്നത്. അത് ബ്രാഹ്‌മണ്യൻ ഭർത്തൃഹരിക്ക് നൽകുന്നു. പക്ഷേ, അത് ഭർത്തൃഹരിക്ക് ആവശ്യവസ്തു അല്ലായെന്നതാണ് യാഥാർത്ഥ്യം.


Related Articles