ലിയോ ടോൾസ്റ്റോയിയും രബീന്ദ്രനാഥ് ടാഗോറും വിശ്വസാഹിത്യത്തിൽ പുലർത്തിപ്പോന്ന സ്ത്രീപക്ഷചിന്തയുടെ നീതിയും ന്യായവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടിവരുന്നത് സാംസ്‌കാരിക ഭൗതികവാദത്തിന്റെ ആവശ്യകതയാണ്. ചരിത്രത്തിൽ അപ്രത്യക്ഷമായ വാദഗതികളെ അതിന്റെ സാമൂഹിക-രാഷ്ട്രീയപരിസരത്തു നിന്ന് വീണ്ടും വിശകലനം ചെയ്യേണ്ടിവരുന്നത് സാംസ്‌കാരികധർമ്മം ആയി കാണുന്ന ഉത്തരാധുനികകാലഘട്ടത്തിൽനിന്ന് പിറകോട്ടുള്ള നോട്ടംകൂടിയാണത്. വിശ്വസാഹിത്യത്തിലെ അതികായന്മാർ അടയാളപ്പെടുത്തിയ നിലപാടുകളുടെ ശരിയും തെറ്റും വിശകലനത്തിനെടുക്കുന്നത് കാലികമായ ഒരു പ്രക്രിയയുടെ ഭാഗമാണല്ലോ. സംസ്‌കാരത്തിന്റെ വാഹകരെയും അവരുടെ സാംസ്‌കാരിക ഇടപെടലുകളെയും അതിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരത്തു നിന്ന് വിശകലനം ചെയ്യാനും അതിൽ നിലനിൽക്കുന്ന വസ്തുതകളെ ഇഴ കീറി പരിശോധിച്ചു സമാനതകളും വൈരുധ്യങ്ങളും പഠനവിധേയമാക്കാനും തുടങ്ങിയത് സാംസ്‌കാരിക പഠനത്തിന്റെ മുന്നേറ്റത്തോടുകൂടിയാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ടോൾസ്റ്റോയിയുടെയും ടാഗോറിന്റെയും അനശ്വരസ്ത്രീകഥാപാത്രങ്ങളെയും സ്ത്രീപക്ഷനിലപാടുകളെയും ചർച്ച ചെയ്യേണ്ടതും കാലത്തിന്റെ കാവ്യനീതിയാണ്.
ടോൾസ്റ്റോയിയുടെ 'അന്ന കരെനീന', 'ഉയിർത്തെഴുന്നേല്പ്', 'യുദ്ധവും സമാധാനവും'എന്നീ ബൃഹദ്കൃതികളെക്കുറിച്ച് പറയാതെ റഷ്യൻ സാഹിത്യചരിത്രംതന്നെ പൂർണമാവില്ല. 'ഗീതാഞ്ജലി' എന്ന കവിതയിലൂടെ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന് മാനവികതയുടെ വ്യാഖ്യാനം ചമച്ചു ടാഗോർ. രണ്ട് എഴുത്തുകാരും ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. അവരുടെ സാഹിത്യവും സന്ദേശവും ലോകജനതയെ അസാമാന്യരീതിയിൽ സ്വാധീനിച്ചിരുന്നു. മാത്രവുമല്ല രണ്ടു പേരും കത്തിടപാടിലൂടെ പരസ്പരം വ്യക്തിപരവും രാഷ്ട്രീയവുമായ കാര്യങ്ങൾ പങ്കുവെച്ചു. റഷ്യൻ ഭരണ കൂടം അടിമകളെ വിട്ടയച്ചു സാമൂഹികമാറ്റത്തിന് തിരികൊളുത്തിയ കാലഘട്ടത്തിലാണ് 'അന്ന കരെനീന' എഴുതപ്പെട്ടതെങ്കിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായി സ്വാതന്ത്ര്യ സമരവും സ്വദേശിവത്കരണവും നിസ്സഹകരണപ്രസ്ഥാനവും ഇഴചേർന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ ടാഗോർ എഴുതിയ നോവലാണ് 'ഹോം ആൻഡ് ദി വേൾഡ്'. ആധുനികതയുടെ തുടക്കം റഷ്യൻ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ കാലത്ത്, സ്ത്രീകളുടെ പദവിയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് ടോൾസ്റ്റോയ് 'അന്ന കരെനീന' എഴുതിയിട്ടുള്ളത്. നോവൽ പാഠത്തിൽ ടോൾസ്റ്റോയ് രൂപപ്പെടുത്തിയ സ്ത്രീപക്ഷ വീക്ഷണങ്ങൾക്ക് റഷ്യൻ കൺസേർവേറ്റീവ് സൊസൈറ്റിയുടെ സ്വാധീനമുണ്ടായിരുന്നു. രാജാറാം മോഹൻറോയിയുടെ പാത പിന്തുടർന്ന ടാഗോറിന്റെ സ്ത്രീപക്ഷ വീക്ഷണംകുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ആയിരുന്നു. തന്റെ കഥകളിലൂടെയും നോവലിലൂടെയും സ്ത്രീയുടെ ആന്തരികസൗന്ദര്യം വെളിപ്പെടുത്തിയിരുന്നു. മാത്രവുമല്ല തന്റെ രചനകളിലൂടെ സ്ത്രീശാക്തീകരണമാണ് ടാഗോർ ലക്ഷ്യമാക്കിയത്. എന്തിന് സ്വന്തം ജീവിതത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആരാധിച്ചതും സ്ത്രീകളെ ആയിരുന്നു.
