സീറോമലബാർ പെൺജീവിതം

Gender

സീറോമലബാർ പെൺജീവിതം


കർമ്മം കൊണ്ടല്ല ജന്മംകൊണ്ടാണ് ഒരാൾ ക്രിസ്ത്യാനിയാകുന്നത്. ക്രിസ്ത്യാനിയിൽതന്നെ എതു വിഭാഗം എന്നു തീരുമാനിക്കുന്നതും മാതാപിതാക്കളുടെ പാരമ്പര്യമാണ്. അങ്ങനെയാണ് ഞാനും ജനിച്ച് ഏഴാം ദിവസം മാമുദീസ വെള്ളം തലയിൽ വീണ് തണുത്തു വിറച്ച് ചെറിയ ശരീരത്തിൽ വലിയ വായിൽ നിലവിളിച്ച് ക്രിസ്ത്യാനിയും കത്തോലിക്കയും സീറോ മലബാർകാരിയും തൃശ്ശൂർ അതിരൂപതയിലെ മച്ചാട് ഇടവകക്കാരിയുമായത്.

പിതൃപാരമ്പര്യംമൂലം ദാവീദിന്റെ സന്തതിപരമ്പരകളിൽ പിറന്നവളായ ഞാൻ തൈക്കാടൻ തോമ മകൾ റോസി എന്നറിയപ്പെട്ടു. അമ്മ വെറും ഗർഭം ധരിക്കാനുള്ള പാത്രമായതിനാൽ അവരുടെ വീട്ടുപേരായ മാളിയേക്കൽ തറവാട് അന്യംനിന്നുപോയി.

ഇനിമേൽ നിങ്ങൾ രണ്ടല്ല ഒരു ശരീരമായിത്തീരും എന്ന് വിവാഹമെന്ന കൂദാശയിലൂടെ അവർ ഒന്നിക്കപ്പെട്ടപ്പോൾ, പിതാവായ ദൈവം വെള്ളപ്രാവായി പരിശുദ്ധാത്മാവിനെ അയയ്ക്കുകയും തന്റെ ശബ്ദമായ ഇടിനാദത്തിൽ ഭൂലോകരെ പുരോഹിതൻവഴി അറിയിക്കുകയും ചെയ്തു. അന്ന് തുലാവർഷം തിമർത്ത് പെയ്തിരുന്നു.


Related Articles