ബാഗ്ദാദിലെ ഖലീഫ ഹാരൂൺ അൽറഷീദിന്റെ രാഷ്ട്രീയാധികാരം സൃഷ്ടിച്ച സാമൂഹികമായ സംസ്‌കാരത്തിന്റെ നിറച്ചാർത്തിൽ മാത്രമൊതുങ്ങുന്നതല്ല ആയിരത്തൊന്നു രാവിലെ സൗന്ദര്യം. ചൈനമുതൽ ഈജിപ്തുവരെയുള്ള വ്യത്യസ്തദേശങ്ങളിലുണ്ടായ സാഹിത്യകൃതികളിൽനിന്ന് സൗകര്യപൂർവ്വം കടമെടുത്ത് രൂപപ്പെടുത്തിയ സമാഹാരമായ ആയിരത്തൊന്നുരാവിലെ സ്ത്രീയുടെ സൗന്ദര്യത്തിൽ തീർച്ചയായും വ്യത്യസ്ത ദേശഭൂതകാലചരിത്രത്തിന്റെ പ്രതിനിധാനം കാണാൻ കഴിയും. ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വ്യക്തിത്വത്തിന്റെ നിഴൽ ആയിരത്തൊന്നു രാവിലെ പല സ്ത്രീകഥാപാത്രത്തിലും പതിഞ്ഞു കിടക്കുന്നുണ്ട്. ക്ലീയോപാട്രയോളം വളരാൻ ആയിരത്തൊന്ന് രാവിലെ ഒരു സ്ത്രീകഥാപാത്രത്തിനും കഴിയാതെ പോയതിന് വ്യക്തമായ കാരണമുണ്ട്. പുരുഷാധിപത്യകേന്ദ്രീകൃത അധികാരവ്യവസ്ഥയിൽ രൂപപ്പെട്ട സമൂഹത്തിൽ ജീവിക്കാൻ നിർബന്ധിതമാവുന്ന ആയിരത്തൊന്നു രാവിലെ സ്ത്രീക്ക് സർവ്വാധികാരലബ്ധിയോടെ എന്തും പ്രകടിപ്പിക്കാൻ കഴിഞ്ഞ ക്ലീയോപാട്രയോളം വളരാൻ കഴിഞ്ഞില്ല. അതു സ്വാഭാവികം മാത്രമാണ്. പക്ഷേ, ക്ലീയോപാട്രയിൽ പ്രകടമായ സ്വഭാവങ്ങളുടെ അടിസ്ഥാനരൂപം ആയിരത്തൊന്നു രാവിലെ പല സ്ത്രീകഥാപാത്രങ്ങളിലും നിക്ഷിപ്തമാണ്. പുരുഷനെ തന്റെ കാമസംതൃപ്തിയുടെ ഉപകരണം മാത്രമായി കണ്ടവളാണ് ക്ലീയോപാട്ര. തന്റെ വിശപ്പിനെ ശമിപ്പിക്കുന്ന ആകർഷണീയവും രുചികരവുമായ ഭക്ഷ്യവസ്തുയെന്നതുപോലെ തന്റെ കാമത്തെ ശമിപ്പിക്കാൻ ഉതകുന്ന ആരോഗ്യമുള്ളതും മനോഹരവുമായ വസ്തുയെന്നതിനപ്പുറത്ത് പുരുഷന് അവന്റേതായ വ്യക്തിത്വമുണ്ടെന്ന തിരിച്ചറിവിൽ അവനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നതു ക്ലീയോപാട്രയുടെ അടിസ്ഥാന സ്വഭാവഘടനയിലുണ്ടായിരുന്നില്ല. ഈ മനോഭാവം പുരുഷാധിപത്യസമൂഹത്തിന്റെ കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീ എങ്ങനെ പ്രകടിപ്പിക്കുന്നുയെന്നത് ആയിരത്തൊന്ന് രാവിൽ കാണാൻ കഴിയും.
ആയിരത്തൊന്ന് രാവിന്റെ നിർമ്മിതിക്ക് കാരണമായ--ഷഹരിയാർ രാജാവിന്റെ അനുജൻ ഷാസമാന്റെ ഭാര്യയുടെയും ഷഹരിയാർ രാജാവിന്റെതന്നെ ഭാര്യയായ മഹാറാണിയുടെയും--അടിമകളായ കാപ്പിരികളുമായുള്ള ലൈംഗികവേഴ്ച ഭർത്താക്കന്മാരുടെ അസാന്നിദ്ധ്യത്തിലാണ് സംഭവിക്കുന്നത്. തന്റെ സ്വാതന്ത്ര്യംതന്നെ നിയന്ത്രിക്കുന്ന പുരുഷന്റെ അസാന്നിദ്ധ്യത്തിലാണ് ഉണ്ടാവുകയെന്ന തിരിച്ചറിവിൽ രൂപപ്പെട്ട രഹസ്യജീവിതത്തിന്റെ ഭാഗമാണത്. ആ രഹസ്യജീവിതത്തിൽ ക്ലീയോപാട്രയെപ്പോലെതന്നെയാണ് രാജപത്‌നികൾ പെരുമാറുന്നത്. അടിമകളായ കാപ്പിരികൾ രാജപത്‌നികൾക്ക് തങ്ങളുടെ കാമസംതൃപ്തിയുടെ പൂർത്തീകരണത്തിനുവേണ്ടിയുള്ള യാന്ത്രികവസ്തുക്കൾ മാത്രമാണ്. രാജപത്‌നികളുടെ രഹസ്യജീവിതം കണ്ടെത്തിയ രാജാവും സഹോദരനും അവരെ വധിച്ചതിനുശേഷം ദുഃഖിതരായി തീർത്ഥാടനത്തിന് പുറപ്പെട്ട് കടൽത്തീരത്തെത്തുമ്പോൾ കാണപ്പെടുന്ന ഭൂതത്തിന്റെ കൈവശമുള്ള പെണ്ണും രാജപത്‌നിമാരിൽനിന്ന് വ്യത്യസ്തയാകുന്നില്ല. അതുമാത്രമല്ല, ക്ലീയോപാട്രയിൽ പ്രകടമായ, മൂർത്തമായ തീവ്രകാമാർത്തിയെയും പ്രതികാരവാഞ്ഛയെയും അവളിൽ ദർശിക്കാനും കഴിയും. ഭൂതത്തെ ഉണർത്തി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി--ശരിക്കും ഒരു ബലാൽക്കാരത്തിന്റെ തലത്തിലാണ് അവൾ രാജാവുമായും സഹോദരനുമായും ലൈംഗികവേഴ്ചയിലേർപ്പെടുന്നത്. അതിനുശേഷം അവരിൽനിന്ന് ഓരോ മുദ്രമോതിരം വാങ്ങുന്നു. പിന്നെ ഇത്തരത്തിൽ കരസ്ഥമാക്കിയ അഞ്ഞൂറ്റി എഴുപത് മുദ്രമോതിരം അവൾ കാണിക്കുന്നു. അവളുടെ വിവാഹദിനത്തിൽ അവളെ തട്ടിക്കൊണ്ടുവന്ന് ബലാൽസംഗം ചെയ്തു പെട്ടിയിലാക്കി കൊണ്ടുനടക്കുന്ന ഭൂതത്തോടുള്ള അവളുടെ പ്രതികാരത്തിന്റെ അടയാളങ്ങളാണ് ആ മുദ്രമോതിരങ്ങൾ. അവളിലെ തീവ്രമായ പ്രതികാരം കാമാർത്തിയിലാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയം. ക്ലീയോപാട്രയിൽ പ്രകടമായതുപോലുള്ള കാമാർത്തി അവളിൽ പ്രവർത്തിച്ചതുകൊണ്ടുതന്നെയാണ് അവൾ മറ്റൊരു പ്രവർത്തനതലത്തിലൂടെ പ്രതികാരലക്ഷ്യത്തിലേക്ക് പോകാൻ ശ്രമിക്കാഞ്ഞത്.
