മുസ്ലിം സ്ത്രീയുടെ വിവാഹപ്രായം കുറച്ചുകാലമായി ഒരു വിവാദപ്രശ്നമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. മുസ്ലിം പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ, വിവാഹബന്ധത്തിൽ ഏർപ്പെടാവുന്നതാണെന്ന് കുറച്ചുമുമ്പ് ദൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെയാണ് വിവാദത്തിന്റെ തുടക്കം. 1939-ലെ മുസ്ലിം വിവാഹമോചന നിയമ (Dissolution of Muslim Marriages Act) ത്തിലെ 2(7) വകുപ്പിനെ ആധാരമാക്കിയിരുന്നു വിധി. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ബോർഡ് ഈ വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഈ കോടതിവിധി കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കാം കേരള സർക്കാർ പതിനെട്ടുവയസ്സ് പൂർത്തിയാവുന്നതിനുമുമ്പ് വിവാഹം കഴിച്ചവരുടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് അനുശാസിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചത്. അത് വലിയ എതിർപ്പുകൾക്ക് വഴിവെക്കുകയും ഒടുവിൽ ഗവൺമെന്റ് വിവാദസർക്കുലർ പിൻവലിച്ച് മറ്റൊരു സർക്കുലർ ഇറക്കുകയും ചെയ്തു. മുസ്ലിം പ്രീണനമായാണ് ഈ നടപടി ചിത്രീകരിക്കപ്പെട്ടത്. സർക്കാറാകട്ടെ, ക്ഷമാപണസ്വരത്തിൽ സംസാരിക്കേണ്ടിവരികയും സർക്കുലറിൽ ഭേദഗതികൾ വരുത്താൻ നിർബ്ബന്ധിതമാവുകയുമായിരുന്നു.
ഈ വിക്ഷുബ്ധത പൊതുമണ്ഡലത്തിൽ നിലനിൽക്കുമ്പോഴാണ് കോഴിക്കോട്ടെ ഒരു യത്തീംഖാനയിൽ അറബിക്കല്യാണം നടക്കുന്നത്. അറബിയെ വേൾക്കേണ്ടിവന്ന പെൺകുട്ടിക്ക് പ്രായം പതിനേഴ്. പെൺകുട്ടിയെ നിയമപരമായ ബാധ്യതകളൊന്നും കൊടുത്തുതീർക്കാതെ, അറബി മൊഴിചൊല്ലുകയും പെൺകുട്ടി നിയമനടപടികൾക്കൊരുങ്ങുകയും ചെയ്തതോടെ വീണ്ടും മുസ്ലിം വ്യക്തിനിയമം ജനശ്രദ്ധയിൽ വന്നു. ദൽഹി ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ പതിനെട്ട് പൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടികൾക്ക് മുസ്ലിം വ്യക്തിനിയമത്തിന്റെ പിൻബലത്തോടെ വിവാഹിതരാകാമെന്നായിരുന്നു തുടക്കത്തിൽ യത്തീംഖാനാ അധികൃതരുടെ നിലപാട്. ഇതേ വിധിയുടെ തുടർച്ചയായി സർക്കാർ പുറപ്പെടുവിച്ച സർക്കുലർ മുഖവിലക്കെടുത്താണ് തങ്ങൾ ആ വിവാഹത്തിന് മുൻകൈ എടുത്തതെന്നും അവർ വാദിച്ചു. ഇവിടെയും മുസ്ലിം വ്യക്തിനിയമമാണ് വിമർശവിധേയമായത്. മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകളുടെ മറപിടിച്ച് സ്ത്രീ വിവേചനവും ചൂഷണവും നടക്കുന്നു എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. വ്യക്തിനിയമം തികച്ചും പ്രതിലോമപരമാണെന്ന് വാദിക്കാൻ അവർക്ക് ഇത്തരം അനുഭവങ്ങൾ അവസരമൊരുക്കുകയും ചെയ്തു.
