മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതെന്ന ചോദ്യത്തിന് അക്ഷരം പഠിച്ച ഒരു കേരളീയനും നാക്കു പിഴയുണ്ടാകുമെന്നു തോന്നുന്നില്ല. അതു ചന്തുമേനോന്റെ ഇന്ദുലേഖതന്നെ! അതിനു മുമ്പ് ചില വിലക്ഷണകൃതികൾ, കുന്ദലതയുൾപ്പെടെ ഇറങ്ങിയിട്ടുണ്ടെന്നും അവയൊക്കെ സാഹിത്യപരമായി അവഗണിക്കാവുന്നവയാണെന്നും ഉള്ള ഒരു തീർപ്പാക്കൽ ഈ ചോദ്യത്തിലും ഉത്തരത്തിലുമുണ്ട്.
ഇന്ദുലേഖ ഇറങ്ങിയകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ്; 1889. അതിനേക്കാൾ ഏറെ മുമ്പുതന്നെ കേരളത്തിലെ കീഴാളമനുഷ്യരുടെ ഉണർവും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പിടച്ചിലുകളും തുടങ്ങിക്കഴിഞ്ഞിരുന്നു. അക്ഷരാഭ്യാസം, അച്ചടിവിദ്യ, മിഷനറി പ്രവർത്തനങ്ങൾ ഇവയൊക്കെത്തന്നെയായിരുന്നു ഈ ഉണർവിനു പ്രധാനഹേതു. ഇന്ദുലേഖയെ സ്ത്രീ-സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ സാഹിത്യപരമായ അടയാളപ്പെടുത്തലായി എടുത്തു പറയാമെങ്കിൽ അതിനും ദശകങ്ങൾക്കുമുമ്പിറങ്ങിയ മിഷനറി നോവലുകൾ എന്നു വിളിക്കപ്പെടുന്നവ, കോളിൻസ് മദാമ്മയുടെ 'ഘാതകവധം,' കാതറിൻ ഹന്നാമുല്ലൻസിന്റെ ഇന്ത്യൻ ഭാഷകളിൽത്തന്നെ ആദ്യ നോവലായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' എന്നിവയും ഈ സാമൂഹികപരമായ കർത്തവ്യം ഒരുപക്ഷേ കൂടുതൽ പ്രതിബദ്ധതയോടെ നിർവ്വഹിച്ചവയാണ്. ഇന്ദുലേഖയുടെ കാലത്തു തന്നെ ഇറങ്ങിയ ആർച്ച് ഡീക്കൻ കോശിയുടെ 'പുല്ലേലിക്കുഞ്ചു'വും ജോസഫ് മൂളിയിൽ എന്ന പരിവർത്തിതക്രിസ്ത്യാനി എഴുതിയ 'സുകുമാരി'യും പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയവും അവഗണിക്കപ്പെട്ടത് മലയാളിയുടെ സവർണമായ സാഹിത്യബോധത്തിന്റെ മേൽക്കൈകൊണ്ടു തന്നെയാവാതെവയ്യ.
'മഹത്തായ സാഹിത്യം സൃഷ്ടിക്കുന്നത് ആത്യന്തികമായി കാലമാണ്' എന്നു പറയുന്നുണ്ട് മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ട യുവനിരൂപകൻ പ്രദീപൻ പാമ്പിരികുന്ന്. അവഗണനയുടെയും അസ്വീകാര്യതയുടെയും മറകൾതട്ടിനീക്കി ചില കൃതികൾ കാലത്തിനപ്പുറം അവയുടെ പ്രസക്തി വെളിവാക്കിക്കൊണ്ടിരിക്കും. ആ സാധ്യതകളെക്കൂടി കണക്കിലെടുത്താണ് 19-ാം നൂറ്റാണ്ടിലിറങ്ങിയ ഇന്ദുലേഖ ഉൾപ്പെടെയുള്ള നോവലുകളെ പുനർവായനകൾക്കും പഠനങ്ങൾക്കും നാമിന്നു വിധേയമാക്കിക്കൊണ്ടിരിക്കുന്നതും. നൂറ്റിമുപ്പതു വർഷം മുമ്പിറങ്ങിയ ലക്ഷണയുക്തയായ ഇന്ദുലേഖ കേരളത്തിൽ മാത്രമല്ല കേന്ദ്രസാഹിത്യ അക്കാദമികൂടി താത്പര്യമെടുത്ത് മറ്റു ഭാഷാസംസ്ഥാനങ്ങളിലും ഇന്നു ചർച്ച ചെയ്യപ്പെടുന്നുവത്രെ. മലയാളഭാഷയ്ക്കഭിമാനിക്കാം!
