ഉടൽച്ചിരാത്: അദ്ധ്യായം ഒന്ന്

Excerpts

ഉടൽച്ചിരാത്: അദ്ധ്യായം ഒന്ന്


മണികർണ്ണിക

രസും, കഞ്ചാവും പുകയുന്ന ചുണ്ടുകളും, അഗ്നിക്കിരയാവുന്ന മനുഷ്യ ശരീരങ്ങളും ഗംഗാതീരത്തുള്ള മണികർണ്ണികഘാട്ടിൽ ഒരുപോലെ മോക്ഷത്തിനായി പാഞ്ഞുനടന്നു. ഇരുളിന്റെ കനത്തിന് മേൽ സദാസമയവും നിരന്നു വേവുന്ന ചിതയുടെ തീക്കനലുകൾ അന്തരീക്ഷമാകെ വെളിച്ചം പകർന്ന് കൊണ്ടേയിരുന്നു. ഈ ജന്മത്തിലെ പാപഭാരമൊക്കെ ഇറക്കിവെച്ച്, ഇനിയുമൊരു ജന്മമേ ഉണ്ടാകരുതേയെന്ന ഒറ്റ ലക്ഷ്യം നിറവേറ്റാനായി ഉറ്റവർ ചുമലിലേറ്റിക്കൊണ്ടുവന്ന ശവങ്ങളുടെ തണുത്ത ഉടലുകൾ മണികർണ്ണിക ഘാട്ടിന്റെ പലയിടത്തും നഗ്നരായി ഗംഗയെ മൊത്തിക്കുടിച്ചുകൊണ്ട് കിടന്നു.

വെട്ടിപ്പിടിച്ചതൊന്നുമെടുക്കാതെ, എന്തിന് ഉടുതുണി​പോലുമുടുക്കാതെ, അലങ്കരിച്ചിരുന്ന പദവികളൊക്കെയും വിട്ടെ​റിഞ്ഞ്, ഉറ്റവരെയും ഉടയവരെയും മൊത്തമായി ഉപേക്ഷിച്ച് വെറും കൈയുമായി തന്റെ ഊഴത്തിനായുള്ള കാത്തിരിപ്പിൽ, ചിതയിലെരിയാൻ തിടുക്കമേതുമില്ലാതെ എത്ര സമാധാനമായാണ് മനുഷ്യരിവിടെ കിടക്കുന്നത്. ജാതിയുടെയോ, മതത്തിന്റെയോ, വർണ്ണത്തിന്റെയോ അതിർവരമ്പുകൾകൊണ്ട് വേർതിരിക്കാതെ അഗ്നി അവരെ എത്ര സന്തോഷത്തോടെയാണ് വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. മുന്നേ കത്തിത്തുടങ്ങിയവരിൽ പലരും പാതിവേവിൽത്തന്നെ നീണ്ടൊരു മുളവടിയുടെ നിർബന്ധത്തിനു വഴങ്ങി ഗംഗാദേവിയുടെ അടിത്തട്ടിലേക്ക് പോകുന്നതു കണ്ട് പിന്നാലെ തന്റെ ഊഴവും കാത്ത് മഞ്ഞളും, ചന്ദനവും പൂശി ജമന്തിമാലയും അലങ്കരിച്ചിരിക്കുന്നവർക്ക് കുറച്ചെങ്കിലും സമാധാനം കിട്ടുന്നുണ്ടാകും.


Related Articles