അൺ എയിഡഡ് അധോലോകം

Education

അൺ എയിഡഡ് അധോലോകം


കേരളത്തിലെ സ്വകാര്യആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ ഏകദേശം ഒരു മാസമായി നടത്തിവരുന്ന സമരം വലിയ വിജയമായത് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ ആ സമരത്തിനു നൽകിയ അടിയുറച്ച പിന്തുണകൊണ്ടുകൂടിയായിരുന്നു. നഴ്‌സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ ഗൗരവത്തിൽ ഏറ്റെടുത്ത് ചർച്ചചെയ്യാൻ ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമങ്ങൾ കാണിച്ച ആർജ്ജവം ഈ സമരത്തിന്റെ മാനങ്ങളെ ആദ്യദിനംതൊട്ട് വലുതാക്കിക്കൊണ്ടിരുന്നു. കേവലം ശമ്പളം ഉയർത്തുന്നതിന് വേണ്ടിയുള്ള ഒരു സമരം എന്ന നിലയിൽനിന്നും സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന വലിയ രീതിയിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെയും ചൂഷണങ്ങളെയും മറനീക്കി പുറത്തേക്ക് കൊണ്ടുവരുന്ന ഒരു വലിയ ഒഴുക്കായി ഈ പ്രതിഷേധങ്ങൾ മാറി. നഴ്‌സുമാർ അനുഭവിക്കുന്ന ജീവിതപ്രതിസന്ധികളെക്കുറിച്ച് പൊതു സമൂഹത്തിനെയുംസർക്കാർ സംവിധാനങ്ങളെയും ആഴത്തിൽ ബോധ്യപ്പെടുത്തുന്നതിന് ഈ മാധ്യമജാഗ്രത കാരണമായി.

അസംഘടിതരായതുകൊണ്ടുതന്നെ യാതൊരു തൊഴിൽ നിയമങ്ങളും ബാധകമല്ലാത്ത ഈ മേഖലയിലെ ജീവൽപ്രശ്‌നങ്ങളോട് ചേർന്നുനിൽക്കാതെ ഒരടി മുന്നോട്ടു പോകാൻ ആവില്ല എന്ന് എല്ലാ അംഗീകൃത ട്രേഡ് യൂനിയനുകളെയും ബോധ്യപ്പെടുത്താൻ അതുവഴി സാധിച്ചു. അതുകൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമരപ്പന്തലിലെത്താനും സമരത്തിന് അഭിവാദ്യമർപ്പിക്കാനും മത്സരിച്ചു. മാന്യമായ ഒത്തുതീർപ്പുവ്യവസ്ഥകൾ മുന്നോട്ടുവെക്കാനും സമരം അവസാനിപ്പിക്കാനും ഗവൺമെന്റിനുമേൽ ശക്തമായ സാമൂഹിക സമ്മർദ്ദം സ്വാഭാവികമായും ഉണ്ടായി. സ്വകാര്യ ആശുപത്രിമുതലാളിമാരെ അനുനയിപ്പിച്ച് സമരത്തിന്റെ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ അതുകൊണ്ടുതന്നെ സർക്കാരിന് വലിയ പാടുപെടേണ്ടി വന്നില്ല.

സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനുഭവിക്കുന്ന തൊഴിൽപരമായ എല്ലാവിധത്തിലുള്ള ചൂഷണങ്ങളും അതിനെക്കാൾ ഗുരുതരമായും ഭീകരമായും അനുഭവിക്കുന്ന മറ്റൊരു വലിയ തൊഴിൽ മേഖലയുടെ പ്രശ്‌നം കേരളം ഇതുവരെയായും അത്രയും ഗൗരവത്തിൽ ചർച്ചചെയ്തില്ല എന്നതുതന്നെ ഒരു വലിയ വിവേചനമായി ഇപ്പോൾ നമ്മുടെ മുന്നിൽ ഉയർന്നുവരികയാണ്. കേരളത്തിലെ അൺ എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ പ്രശ്‌നമാണ് അത്. സ്വകാര്യആശുപത്രികളിലെ നഴ്‌സുമാരെക്കാൾ അസംഘടിതരാണ് ഇവർ. തൊഴിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും ആശുപത്രിമേഖലയെക്കാൾ കൂടുതൽ ലംഘിക്കപ്പെടുന്നത് ഇവിടെയാണ്. ലഭിക്കുന്ന ശമ്പളം അവിടുത്തേതിനെക്കാൾ എത്രയോ കുറവ് ഇവിടെയാണ്. നിയമിക്കാനും പിരിച്ചുവിടാനും വ്യവസ്ഥകൾ ഒന്നും ഇവിടെയും ബാധകമല്ല. സേവനത്തിനാവശ്യമായ അടിസ്ഥാന യോഗ്യതകൾ ഈ മേഖലയിൽ ഉള്ളവർക്കാണ് കൂടുതൽ വേണ്ടതെങ്കിലും ഒരുതരത്തിലുമുള്ള തൊഴിലവകാശങ്ങളും ഇല്ലാത്തതും ഇവർക്കാണ്. ആശുപത്രികളെക്കാൾ അപകടരഹിതമായും അനയാസമായും നടത്തിവരുന്ന ലാഭകരമായ കച്ചവടത്തിന്റെ ഇരകൾ ഇവരാണ്, കേരളത്തിലെ അൺ എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർ.


Related Articles