അദ്ധ്യാപനവും സംഘടനകളും

Education

അദ്ധ്യാപനവും സംഘടനകളും


കാൽചക്രം, ഊണിന്റെ കണക്ക്, പൊതിച്ചോറ് തുടങ്ങിയ കാരൂരിന്റെ കഥകൾ പുതിയ തലമുറയിലെ അദ്ധ്യാപകർക്ക് മുഴുവൻ വായിക്കാൻതന്നെ ഇന്ന് കഴിയണമെന്നില്ല. ഇത് സാഹിത്യ താത്പര്യത്തെ മുൻനിർത്തിയുള്ള ഒരഭിപ്രായമല്ല. ആ കഥകളിൽ അത്യന്തം ദയനീയരും സഹതാപാർദ്രരും പലപ്പോഴും പരിഹാസ്യരുമായി തലകുനിച്ചു നിൽക്കുന്നത് ഒരു കാലഘട്ടത്തിലെ അദ്ധ്യാപകരാണ്. എന്തായിരുന്നു അന്ന് കേരളത്തിലെ അദ്ധ്യാപകരുടെ അവസ്ഥ, അവരുടെ ചിന്തകൾ, മുൻഗണനകൾ--ഇവ എന്തൊക്കെയായിരുന്നു എന്നത് ആലോചിച്ചാൽ, അദ്ധ്യാപകർ എന്ന നിലയിൽ തങ്ങളിന്ന് അനുഭവിക്കുന്ന സുഖഭോഗങ്ങളുടെ പട്ടുമെത്തയിൽ കിടന്ന് ഇന്നത്തെ സ്‌കൂൾ, കോളജ് അദ്ധ്യാപകരുടെ ഉറക്കം ചിലപ്പോൾ നഷ്ടപ്പെട്ടേക്കും.

അദ്ധ്യാപകർക്കുള്ള പുനഃപരിശീനവും കള്ളുഷാപ്പ് ലേലവും നഗരത്തിൽ ഒരു റോഡിന് ഇരുവശവുമായി നടക്കുകയാണ്. രാമൻ പിള്ളയെന്ന അദ്ധ്യാപകൻ പരിശീനത്തിനെത്തുന്നതുതന്നെ 'കിണറ്റിലിറങ്ങിയ ആടിനെ'പ്പോലെ വിയർത്ത് കുളിച്ചിട്ടാണ്. ബസ്സുകൂലി ലാഭിക്കാൻ പതിനാറു മൈൽ അങ്ങോട്ടുമിങ്ങോട്ടുമായി നടക്കുന്ന അയാളോട് ബസ്സിൽ വന്നുകൂടെ എന്ന് ചോദിക്കുന്ന സഹപ്രവർത്തകനോട് അയാൾ പറയുന്നത്, ''എന്റെ ചങ്ങാതീ, വാധ്യാർക്കും മറ്റും കേറാനാണോ ബസ്സുണ്ടാക്കിയിരിക്കുന്നത്'' എന്നാണ്. ഉച്ചഭക്ഷണം കഴിക്കാനില്ലാത്തത് കാരണം, കള്ളുഷാപ്പ് ലേലം വിളി നടക്കുന്ന ഉത്സവഛായയിലുള്ള മൈതാനത്തേക്ക് വെറുമൊരു കൗതുകത്തിന് അദ്ദേഹം ചെല്ലുന്നു. സിൽക്കുഷർട്ടും കഴുത്തിൽ സ്വർണ്ണത്തുടലും ധരിച്ച കോൺട്രാക്റ്റർമാർ ഷാപ്പിന്റെ ലേലം വിളി പതിനായിരങ്ങളിലേക്ക് ഉയർത്തുമ്പോൾ വിശപ്പും ദാഹവുംകൊണ്ട് പൊറുതിമുട്ടിയ ആ പാവം അദ്ധ്യാപകൻ, സോഡയും ലമനേഡും വിൽക്കുന്ന പയ്യന്റെ കയ്യിൽനിന്ന് മുക്കാൽ ചക്രത്തിന് ഒരു സോഡ വാങ്ങിക്കുടിക്കുന്നു. കയ്യിൽ ആകെയുള്ള ഒരണ അവന് നൽകിയപ്പോൾ ബാക്കികൊടുക്കേണ്ട കാൽചക്രത്തിന്റെ ചില്ലറ അവന്റെ കയ്യിലില്ല. കാൽചക്രത്തിന് വേണ്ടി വൈകുന്നേരം വരെ ആ പയ്യന്റെ പിന്നാലെ നടക്കുന്ന മാഷുടെ ദയനീയതയാണ് കാരൂർ ഉള്ളിൽതട്ടും വിധം കഥയിൽ വരച്ചിട്ടിരിക്കുന്നത്.

ജോലിസ്ഥലത്തിനടുത്ത് താൻ താമസിക്കുന്ന വീട്ടിൽ മാസാന്ത്യം ഊണിന്റെ കണക്ക് തീർക്കുന്ന ഒരദ്ധ്യാപകന്റെ കഥയാണ് 'ഊണിന്റെ കണക്ക്'. ഒരു ദിവസത്തെ ഊണ് കണക്കിൽ കൊള്ളാതെ ലാഭിച്ചാൽ അത്രയും കാശ് ലാഭിക്കാമല്ലോ എന്ന് കരുതി പല ദിവസങ്ങളിലും വയറുവേദന നടിച്ചു കഞ്ഞിവെള്ളം മാത്രം കുടിച്ചു കിടക്കാറാണ് അയാൾ പതിവ്. ഉച്ചയ്ക്ക് ഭിക്ഷാംദേഹിയെപ്പോലെ അമ്പലനടയിൽ ചെന്നിരുന്ന് അവിടത്തെ നിവേദ്യച്ചോറ് ഇരന്നുവാങ്ങി ഉണ്ണും. കുടുംബം കഷ്ടിച്ച് കഴിഞ്ഞുകൂടണമെങ്കിൽ അതിൽപരം ആർഭാടം അയാൾക്ക് താങ്ങാവുന്നതല്ല. നാലുദിവസത്തെ കൊടും പട്ടിണിക്കു ശേഷം താൻ വിശപ്പുകൊണ്ട് തലകറങ്ങി വീഴും എന്നായപ്പോൾ മാനാഭിമാനങ്ങൾ മറന്ന് വിദ്യാർത്ഥിയുടെ ചോറ് മോഷ്ടിച്ചു കഴിക്കുന്ന പ്രധാനാധ്യാപകന്റെ കഥയാണ് 'പൊതിച്ചോറി'ൽ ഉള്ളത്.


Related Articles